ADVERTISEMENT

കൊച്ചി∙ ഡൽഹിയിൽനിന്ന് ആളെ വിട്ട് ഇവിടെ കാര്യങ്ങൾ നടത്തിക്കളയാം എന്നു വിചാരിക്കാവുന്ന കാലം പാർട്ടിയിൽ കഴിഞ്ഞുപോയെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ജോസഫ് വാഴയ്ക്കൻ. ഒരു കാലത്ത് അതു നടക്കുമായിരുന്നു. അവിടെനിന്ന് ആരെയെങ്കിലും പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇവിടെ എല്ലാവരും കൊണ്ടു നടക്കുന്ന നിലയല്ല ഇപ്പോഴുള്ളത്.

ഒരു നാടിന്റെ പ്രവണത മനസിലാക്കി, പ്രശ്നങ്ങൾ മനസിലാക്കി എങ്ങനെ ജനവിശ്വാസം ആർജിക്കണം എന്നതിനെക്കുറിച്ച് പദ്ധതികൾ തയാറാക്കുകയും നേതൃത്വത്തെ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. ദേശീയ പാർട്ടി എന്ന നിലയിൽ മോണിറ്ററിങ് ആവാം. സഹായങ്ങളും ആവാം. പാർട്ടിയെ പ്രാദേശികമായി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറ‍ഞ്ഞു. 

പ്രാദേശിക നേതൃത്വത്തെ ശക്തിപ്പെടുത്തണം

പ്രാദേശിക നേതൃത്വത്തെ ശക്തിപ്പെടുത്താതെ ഇനി കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ല. രണ്ടും മൂന്നും വർഷം കൂടുമ്പോൾ പുനഃസംഘടനാ എന്നു പറഞ്ഞ് കുറെ പേരെ നോമിനേറ്റ് ചെയ്തു വരിക, അതിൽ മേലെ തട്ടിലുള്ള കമ്മിറ്റി മാത്രം കാണും, താഴെ തട്ടിൽ ഒന്നും ചെയ്യാതിരിക്കുക ഒക്കെയാണ് ഇവിടെ നടക്കുന്നത്.

കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞു ഭാരവാഹികളെ പ്രഖ്യാപിക്കൽ. അതിനു ശേഷം വീണ്ടും ഒരു വർഷം കൂടി കഴിഞ്ഞു ചുമതലകൾ വീതിച്ചു നൽകൽ. ഇതിനെല്ലാം അനാവശ്യമായ റിമോട്ട് കൺട്രോളുകളാണ് ഉള്ളത്. ഇത് ഒരു സംഘടനയ്ക്കു ചേർന്നതല്ല.

കോൺഗ്രസ് ഭരണഘടനയ്ക്ക് അനുസൃതമായല്ല ഇപ്പോൾ അതിന്റെ സംഘടനാ സംവിധാനം. അടിമുടി പൊളിച്ചെഴുതി കേഡർ സ്വഭാവത്തിൽ പ്രസ്ഥാനത്തെ സംഘടിപ്പിക്കാതെ പാർട്ടിക്കു മുന്നോട്ടു പോവാനാവില്ല. ആത്മാർഥതയുള്ള, കാഴ്ചപ്പാടുള്ള, ജന അംഗീകാരമുള്ള, നേതൃഗുണമുള്ള ആളുകളെ സംഘടനയുടെ വിവിധ തലങ്ങളിൽ കൊണ്ടുവരികയും അവരിൽ വിശ്വാസമർപ്പിക്കുകയും വേണം. ബൂത്തു കമ്മിറ്റി മുതൽ ഏതു കമ്മിറ്റിയാണെങ്കിലും ശക്തിപ്പെടുത്തണം. 

കാലാകാലം ഇഷ്ടപ്പെടുന്ന കുറച്ചു പേരെ നോമിനേറ്റ് ചെയ്തുവച്ച് പാർട്ടിക്കു പോവാനാവില്ല. ഒരാളെ പെട്ടെന്നു മാറ്റി മറ്റൊരാളെ വച്ചാൽ സംഘടന നന്നാവില്ല. സംസ്ഥാന തലത്തിൽ അതിനു ശേഷിയുള്ള നേതൃത്വമാണുള്ളത്. അവർ ഇരുന്ന് വേറെ ഇടപെടലുകളില്ലാതെ ആലോചിച്ച് എങ്ങനെ കൊണ്ടുപോകണം എന്നതിന് പദ്ധതിയുണ്ടാക്കണം. വ്യക്തിപരമായ താൽപര്യങ്ങൾ മാറ്റിവയ്ക്കണം. കുറെ കാലമായി വ്യക്തിപരമായി ചിലരുടെ താൽപര്യമാണ് നടക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രൻ
മുല്ലപ്പള്ളി രാമചന്ദ്രൻ

അത്തരത്തിൽ പാർട്ടിക്കു മുന്നോട്ടു പോകാനാവില്ല. കുറെ കാലമായി ഇത് പ്രസ്ഥാനത്തിൽ തുടങ്ങിയിട്ട്. പ്രസിഡന്റ് എന്ന വ്യക്തിയെയല്ല, സംഘടനയെ മൊത്തത്തിൽ പൊളിച്ചെഴുതണം. ഭരണഘടന അനുസരിച്ച് സംഘടനയെ പുനഃസംഘടിപ്പിക്കണം. ഭരണഘടന ഒരു വഴിക്കും പുനഃസംഘടന വേറൊരു വഴിയിലുമാണ് നടക്കുന്നത്. പ്രാഥമിക അംഗത്വം പോലുമില്ലാത്തവരെ പിടിച്ച് ജനറൽ സെക്രട്ടറിമാരാക്കുന്നതാണ് നടക്കുന്നത്.

പാർട്ടിയുടെ ബൂത്ത് കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിക്കും അതിന്റേതായ വിലയുണ്ടാകണം. ഇപ്പോൾ അതില്ല. സ്ഥാനാർഥി നിർണയത്തിനായി സർവേ നടത്തി എന്നു പറയുന്നുണ്ട്. പക്ഷെ ഫലത്തിൽ ഒരു സർവേയുമില്ലായിരുന്നു. ഹൈക്കമാൻഡ് സർവേ ഒരു വഴിക്കും സ്ഥാനാർഥിയെ തീരുമാനിച്ചത് വേറെ വഴിക്കുമായിരുന്നു. സർവേകൾ കൊണ്ടൊന്നും കാര്യമുണ്ടായില്ല.

മൂവാറ്റുപുഴയിൽ ആരു നിന്നാലും ജയിക്കുമായിരുന്നു

Mathew-Kuzhalnadan-Muvattupuzha
മാത്യു കുഴൽനാടൻ

സംഘടനയെ എല്ലാ അർഥത്തിലും തയാറാക്കിയിട്ടിരിക്കുന്ന മണ്ണായിരുന്നു മൂവാറ്റുപുഴ. അതുകൊണ്ടു തന്നെ ആരുനിന്നാലും ജയിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നു. താൻ പത്തുവർഷം പ്രവർത്തിച്ച, അഞ്ചു വർഷം എംഎൽഎ ആയിരുന്ന മണ്ഡലമാണ് മൂവാറ്റുപുഴ. എംഎൽഎ ആയിരുന്നപ്പോൾ ഒരു പക്ഷെ സംസ്ഥാനത്ത് ഏറ്റവും അധികം വികസനം കൊണ്ടുവന്ന സ്ഥലമാണ് അത്.

ആ വികസനം തുടരാതിരുന്നതാണ് എൽദോയ്ക്കെതിരെ ഉണ്ടായിരുന്ന വലിയ ആക്ഷേപം. സിറ്റിങ് എംഎൽഎമാരിൽ വളരെ കുറച്ചു പേർ മാത്രമാണ് തോറ്റത്. വ്യക്തിപരമായി അത്ര മോശപ്പെട്ട ആളല്ലായിരുന്നു അദ്ദേഹം. പക്ഷെ വികസന പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ല എന്നതാണ് വലിയ ആരോപണം. തോൽവിക്കു ശേഷവും താൻ കഴിഞ്ഞ അഞ്ചു വർഷവും മൂവാറ്റുപുഴയിൽനിന്നു വർക്കു ചെയ്തതാണ്.

ഒരു പഞ്ചായത്തൊഴിച്ച് മുഴുവൻ പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു. മുനിസിപ്പാലിറ്റിയും പിടിച്ചെടുത്തു. അങ്ങനെ ഏറ്റവും നല്ല രീതിയിൽ പാർട്ടിയെ മെച്ചപ്പെടുത്തിയിരുന്നു. വോട്ടേഴ്സ് ലിസ്റ്റ് കൃത്യമാക്കി. അവസാന നിമിഷം കോട്ടയത്തു കാഞ്ഞിരപ്പള്ളിയിൽ നിൽക്കാൻ പാർട്ടി പറയുകയായിരുന്നു. പ്രാദേശികമായി നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്ത് ആളുകളെ ശക്തിപ്പെടുത്തിയാൽ മാത്രമേ തിരഞ്ഞെടുപ്പു വിജയം നേടാനാവൂ.

കാഞ്ഞിരപ്പള്ളിയിൽ ഒന്നേ എന്നു തുടങ്ങി

മൂവാറ്റുപുഴ പോലെ പരിചിത മണ്ഡലമായിരുന്നില്ല കാഞ്ഞിരപ്പള്ളി. ചങ്ങനാശേരിയിലും  കാഞ്ഞിരപ്പള്ളിയിലും മത്സരിക്കാൻ പറയുമ്പോൾ ഒന്നേ എന്നു തുടങ്ങണമായിരുന്നു. അവിടെ രണ്ടിടവും കേരള കോൺഗ്രസ് സ്ഥിരം നിന്നിരുന്ന സീറ്റുകളാണ്. എംഎൽഎയും സ്ഥാനാർഥിയും ഇല്ലെങ്കിലും പാർട്ടിക്കു ചില സംവിധാനങ്ങൾ എല്ലായിടത്തും വേണം. അവിടെ അതില്ലായിരുന്നു. എന്നാൽ കാഞ്ഞിരപ്പള്ളിയിലെ പ്രവർത്തകരും നേതാക്കളുമെല്ലാം നന്നായി സഹകരിച്ചു.

ഒരു ടീമായി നിന്ന് പ്രവർത്തിക്കാൻ സാധിച്ചു. അതുകൊണ്ടാണ് ഇത്രയും മുന്നേറ്റം നടത്താൻ സാധിച്ചത്. അവിടെ മൂന്ന് മുൻ എംഎൽഎമാരാണ് മത്സരിച്ചത്. എല്ലാവരും പ്രഗത്ഭർ. എൻഡിഎ സ്ഥാനാർഥി പ്രാദേശിക നേതാവും നേരത്തെ ജില്ലയിൽ കലക്ടറും എംഎൽഎയും മന്ത്രിയും എല്ലാമായിരുന്നയാളാണ്. കുറെ വോട്ടുകൾ ജാതിയുടെ പേരിൽ എൻ.ജയരാജനു പോയി. എന്നിട്ടും കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് 36000 വോട്ടുണ്ടായിരുന്നത് ഇത്തവണ 29000 ആയി കുറഞ്ഞു. കൃത്യമായി ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്.

പ്രതിപക്ഷ നേതാവിനെക്കുറിച്ച് ആക്ഷേപമില്ല

കഴിഞ്ഞ അഞ്ചു വർഷം പ്രസ്ഥാനത്തെ കൊണ്ടു നടന്നത് രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തെ ട്രോളാനും ആക്ഷേപിക്കാനുമാണ് ഇവിടെ കുറെപ്പേർ ശ്രമിച്ചത്. അതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു. ഏതു പ്രതിസന്ധിയെയും തളരാതെ നേരിടുന്ന ഒരു മനസുണ്ടു ചെന്നിത്തലയ്ക്ക്. അതുകൊണ്ടാണ് അവസാന നിമിഷമെങ്കിലും ഇത്രയും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിനു സാധിച്ചത്.

അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു ഘട്ടത്തിലും മോശമായെന്ന് ആർക്കും ആക്ഷേപമില്ല. പിന്നെ അദ്ദേഹത്തെ മാറ്റിയിട്ട് അതിലും മെച്ചപ്പെട്ട പ്രവർത്തനം നടത്താൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അംഗീകരിക്കാം. തൽക്കാലം അതില്ല. ഇപ്പോൾ ചെന്നിത്തല മാറിയാൽ അതിലും മെച്ചപ്പെട്ടത് ഒന്നും വരാനില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. 

English Summary :  Joseph Vazhackan on UDF defeat in Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com