ADVERTISEMENT

കോഴിക്കോട്∙ മലബാറില്‍ ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍സംഭരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി മില്‍മ. ബുധനാഴ്ച മുതല്‍ ക്ഷീര സംഘങ്ങളില്‍നിന്ന് മില്‍മ വൈകുന്നേരത്തെ പാല്‍ സംഭരിക്കില്ല. മേയ് ഒന്നു മുതല്‍ പത്തുവരെ സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കിയിരുന്ന പ്രതിദിന ശരാശരിയുടെ 60 % മാത്രമേ  പ്രതിസന്ധി തീരുന്നതുവരെ മില്‍മ സംഭരിക്കുകയുള്ളൂ.

കോവിഡ് ലോക്ഡൗണില്‍ മലബാറിലെ മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം മില്‍മയുടെ പാല്‍ വിപണനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ക്ഷീരസംഘങ്ങളിലെ പാല്‍ സംഭരണം വര്‍ധിക്കുകയുമാണ്. വില്‍പന കഴിഞ്ഞ് മൂന്നു ലക്ഷം ലീറ്ററിലേറെ പാലാണ് നിലവില്‍ മില്‍മയ്ക്ക് മിച്ചം വരുന്നത്. മിച്ചംവരുന്ന പാല്‍ തമിഴ്‌നാട്ടിലെ സ്വകാര്യ പാല്‍പ്പൊടി നിര്‍മാണ കേന്ദ്രങ്ങളില്‍ അയച്ച് പൊടിയാക്കുകയായിരുന്നു ചെയ്തിരുന്നത്. 

എന്നാല്‍ ലോക്ഡൗണ്‍ കാരണം തമിഴ്‌നാട്ടില്‍ കൊണ്ടുപോവാൻ സാധിക്കുന്നില്ല. ഇത്തരം സാഹചര്യത്തിലാണ് പാല്‍ സംഭരണം കുറയ്ക്കുന്നത്.

ലോക്ഡൗണ്‍ മാറി വിപണനം മെച്ചപ്പെടുകയും തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് പൊടിയാക്കാന്‍ കൂടുതല്‍ പാല്‍ അയക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യുന്ന മുറയ്ക്ക് പാല്‍ സംഭരണം വീണ്ടും ശക്തമാക്കുമെന്നും എല്ലാ കര്‍ഷകരും ക്ഷീര സംഘം ഭാരവാഹികളും സഹകരിക്കണമെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിങ് ഡയറക്ടര്‍ പി. മുരളി എന്നിവർ പറഞ്ഞു.

English Summary : Milma restricts milk storage in Malabar area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com