ADVERTISEMENT

അഹമ്മദാബാദ് / മുംബൈ ∙ അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറിൽ 165–175  കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച ടൗട്ടെ അടുത്ത മണിക്കൂറിൽ പോർബന്തർ മഹുവ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയേയും കാറ്റിനെയും തുടർന്ന് ആശുപത്രിയിൽ കോവിഡ് രോഗികൾ ഉൾപ്പെടെയുള്ളവരെ മാറ്റിപ്പാർപ്പിച്ചു. 

ടൗട്ടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു കാരണമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

മുൻകരുതൽ നടപടിയായി 17 ജില്ലകളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. മുംബൈയിലും കനത്ത മഴ തുടരുന്നു. മുന്നറിയിപ്പിനെ തുടർന്ന അടച്ച മുംബൈ വിമാനത്താവളത്തിൽ പ്രവർത്തനം പുനരാരംഭിച്ചു. മണിക്കൂറിൽ 114 കിലോമീറ്റർ വേഗത്തിലാണ് മുംബൈയിൽ ടൗട്ടെ ആഞ്ഞടിച്ചത്. 

Cyclone Tauktae Mumbai
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ തിരമാലകൾ മുംബൈ തീരത്തേക്ക് വീശിയടിക്കുന്നു. ചിത്രം: SUJIT JAISWAL / AFP

കർണാടകയിൽ 121 വില്ലേജുകളെയും 22 താലൂക്കുകളെയും ടൗട്ടെ ബാധിച്ചതായി അധികൃതർ അറിയിച്ചു. ഗുജറാത്തിൽ പരക്കെ നേരിയ തോതിൽ മഴ പെയ്യും. സൗരാഷ്ട്ര, ദിയു, ഗുജറാത്ത് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത മഴയുണ്ടാകും.

Cyclone Tauktae Gujarat
ഗുജറാത്തിലെ വെരാവലിൽ മത്സ്യബന്ധന ബോട്ട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നവർ. REUTERS/Amit Dave

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരുന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തി.

cyclone-tautkae-mumbai
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലുണ്ടായ നാശനഷ്ടം. ചിത്രം. വിഷ്ണു വി. നായർ

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 17നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 18നും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

cyclone-tautkae-mumbai-4
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അതിശക്ത മഴയിൽ മുംബൈ നഗരത്തിൽ വെള്ളം കയറിയപ്പോൾ. ചിത്രം. വിഷ്ണു വി. നായർ

18ന് രാത്രി 11.30 വരെ കേരള തീരത്ത് 3.5 മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.

English Summary: Updates on Cyclone Tauktae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com