ADVERTISEMENT

കോഴിക്കോട്∙ പ്രതിസന്ധികൾ മാറിയാലുടനെ മലബാറിലെ ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ. ചുരുങ്ങിയ ദിവസങ്ങൾക്കകം വിപണനം വർധിപ്പിച്ചുകൊണ്ടും കൂടുതൽ പാൽ പൊടിയാക്കി മാറ്റിക്കൊണ്ടും പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മിൽമയെന്ന് മാനേജിങ് ഡയറക്ടർ പി. മുരളി പറഞ്ഞു.

സംഭരിച്ചു വയ്ക്കാവുന്ന പരമാവധി പാൽ സംഭരിച്ചു വയ്ക്കുകയും വിപണനം മെച്ചപ്പെടുത്താൻ മൂല്യ വർധിത ഉത്പ്പന്നങ്ങളുടെ നിർമാണം കൂട്ടുകയും, പരാമാവധി പാൽ പൊടിയാക്കി സംഭരിക്കുകയും ചെയ്തതാണ്. എന്നിട്ടും സ്ഥിതി നിയന്ത്രണാതീതമായി. ഇതുകൊണ്ടാണ് സംഭരണത്തിൽ കുറവു വരുത്തേണ്ടിവന്നത്. പാൽ സംഭരണം പൂർണമായും രണ്ടു ദിവസത്തേയ്ക്കു നിർത്തിവയ്‌ക്കേണ്ട സാഹചര്യമായിരുന്നു. എന്നാൽ അത്തരത്തിലുള്ള നിയന്ത്രണം കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതിനാലാണ് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയത്.

നിലവിൽ മലബാറിൽ പ്രതിദിനം മൂന്നു ലക്ഷം ലിറ്റർ പാൽ മിച്ചം വരുന്നുണ്ട്. മിച്ചം വരുന്ന പാൽ തമിഴ്‌നാട്, കർണാക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ കമ്പനികളിൽ അയച്ച് പൊടിയാക്കി മാറ്റുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളിലും പ്രതിസന്ധിയായതിനാൽ കേരളത്തിൽനിന്നുള്ള പാൽ സ്വീകരിക്കുന്നില്ലെന്നതാണ് പ്രതിസന്ധിക്കു കാരണം.

പാൽ വിപണനത്തെ കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ഡെലിവറി, ഡോർ ഡെലിവറി എന്നിവയ്ക്ക് സ്‌പെഷൻ ഇൻസെന്റീവ് നൽകി വിപണനം മെച്ചപ്പെടുത്താനുള്ള തീവ്ര ശ്രമം തുടരുകയാണെന്നും മിൽമ എംഡി പറഞ്ഞു.

English Summary: Milma's explanation for restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com