ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി വക്താവ് സാംബിത് പാത്രയുടെ ട്വീറ്റിനു ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് നൽകിയ സംഭവത്തിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു മേയ് 31ന് ഡൽഹി പൊലീസ് ബെംഗളൂരുവിൽ എത്തിയാണു മനീഷിനെ ചെയ്തതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കോവിഡിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ പോരാട്ടത്തെ അപകീർത്തിപ്പെടുത്തുന്നതിനു കോൺഗ്രസ് പുറത്തിറക്കിയ ‘ടൂൾകിറ്റ്’ എന്ന് ആരോപിച്ചു ബിജെപി പ്രചരിപ്പിക്കുന്ന കത്താണു സാംബിത് പാത്ര ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനാണു ട്വിറ്റർ മാനിപുലേറ്റഡ് മീഡിയ (ചില വിവരങ്ങൾ ഷെയർ ചെയ്യുമ്പോൾ തെറ്റായ വിവരം എന്നു ട്വിറ്റർ തന്നെ രേഖപ്പെടുത്തുന്നത്) ടാഗ് നൽകിയത്. ഈ ടാഗ് നീക്കണമെന്നു ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അന്വേഷണത്തിലിരിക്കുന്ന കാര്യത്തിൽ ട്വിറ്റർ വിധി പറയേണ്ടതില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ‘ട്വിറ്റർ ഇന്ത്യയ്ക്കു യുഎസ് ആസ്ഥാനമായ മാതൃകമ്പനിയുമായുള്ള ബന്ധം എത്രത്തോളമുണ്ടെന്നു സ്ഥാപിക്കാനും, ഇന്ത്യയിലെ നിയമ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോർപറേറ്റ് മൂടുപടം വെളിപ്പെടുത്താനും’ ഡൽഹി പൊലീസിന്റെ അന്വേഷണം സഹായകമായെന്നു സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

സാംബിത് പാത്രയുടെ ട്വീറ്റിനു ടാഗ് നൽകിയതിന്റെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് ട്വിറ്റർ ഇന്ത്യയ്ക്കു നോട്ടിസ് അയച്ചിരുന്നു. അവ്യക്തമായ മറുപടിയെ തുടർന്നാണ് എംഡിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കമ്പനിയുടെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിട്ടും സ്വന്തം ടീമിനെക്കുറിച്ചു വളരെക്കുറച്ചു വിവരങ്ങളേ അറിയൂവെന്നാണു മനീഷ് മറുപടി നൽകിയത്. കമ്പനിയുടെ ഡയറക്ടർമാരെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. മനീഷിന്റെ ഈ പ്രതികരണത്തെ കുറിച്ചും അന്വേഷിക്കുമെന്നു പൊലീസ് സൂചിപ്പിച്ചു.

English Summary: Delhi Police questioned Twitter India MD on May 31 over 'Congress toolkit' case: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com