ADVERTISEMENT

ന്യൂഡല്‍ഹി ∙ റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താൻ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. അന്വേഷണം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകയ്യെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 59,000 കോടി രൂപയുടെ റഫാല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചെന്ന റിപ്പോർട്ടിനു പിന്നാലെയാണു കോൺഗ്രസിന്റെ നിലപാട്. ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

‘റഫാൽ ഇടപാടിലെ അഴിമതി ഇപ്പോൾ വ്യക്തമായി പുറത്തുവന്നിരിക്കുന്നു. ഫ്രാൻസിൽ അന്വേഷണത്തിനു സർക്കാർ ഉത്തരവിറക്കിയതോടെ വിഷയത്തിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നിലപാട് ശരിയെന്നു സ്ഥാപിക്കപ്പെട്ടു. ഇടപാടിൽ അഴിമതിയുണ്ടായെന്നു ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരിക്കുന്നു. അതിനാൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചു പ്രധാനമന്ത്രി മോദി മുന്നോട്ടു വരണമെന്നു ഞങ്ങൾ ആവശ്യപ്പെടുന്നു. ഇതു കോൺഗ്രസും ബിജെപിയും തമ്മിലുള്ള പ്രശ്നമല്ല. രാജ്യസുരക്ഷ, പ്രതിരോധ ഇടപാടിലെ അഴിമതി എന്നിവയെപ്പറ്റിയുള്ള ആശങ്കയാണ്’– കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജെവാല പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

യുപിഎ സർക്കാരിന്റെ കാലത്ത് യുദ്ധവിമാനങ്ങൾക്ക് 526 കോടി രൂപ വീതം നൽകാനായിരുന്നു നീക്കം. എന്നാൽ 2016ൽ അത് 1,670 കോടിയായി ഉയർത്തി. സാങ്കേതിക വിദ്യ അടക്കം കൈമാറുന്നതിനു നേരത്തേ കരാർ ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. 59,000 കോടി രൂപയ്ക്ക് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യ, ഫ്രാൻസ് സര്‍ക്കാരുകള്‍ തമ്മിലായിരുന്നു കരാര്‍. ഉയര്‍ന്ന വിലയ്ക്കു വിമാനം വാങ്ങി, സാങ്കേതികവിദ്യ കൈമാറ്റം നടന്നില്ല എന്നീ ആരോപണങ്ങളാണ് ഇന്ത്യയിൽ ഉയർന്നത്.

English Summary: Congress Urges PM To Order Joint Parliamentary Panel Probe Into Rafale Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com