ADVERTISEMENT

ന്യൂഡൽഹി∙ പെഗസസിന്റെ സ്രഷ്ടാക്കളായ എൻഎസ്ഒ ഗ്രൂപ്പ് പോലെ ഒട്ടേറെ സൈബർ ഇന്റലിജൻസ് കമ്പനികളുടെ തറവാട് കൂടിയാണ് ഇസ്രയേൽ. വ്യക്തികളെ നിരീക്ഷിക്കാനുള്ള ചാരസോഫ്റ്റ്‍വെയറുകളാണ് പല കമ്പനികളുടെയും പ്രധാന ഉൽപ്പന്നവും. എൻഎസ്ഒ ഗ്രൂപ്പിനെതിരെയുള്ള റിപ്പോർട്ട് വന്ന അതേ സമയത്തുതന്നെ മറ്റു രണ്ടു സമാന കമ്പനികളും വാർത്തകളിൽ ഇടംപിടിച്ചു– സെലിബ്രൈറ്റും കാൻഡിരുവും.

സെലിബ്രൈറ്റ് അവരുടെ ആദ്യ പൊതുവിൽപ്പനയ്ക്ക് (ഐപിഒ) ശ്രമിക്കുന്നതിനിടയിലാണ് വിവാദങ്ങളിൽപ്പെടുന്നത്. കാൻഡിരുവിനു വിനയായതു മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ടും. എൻഎസ്ഒ ഗ്രൂപ്പ് മാത്രമല്ല, ഇസ്രയേലിലെ സൈബർ വ്യവസായം മുഴുവനും ഭീഷണി നേരിടുകയാണെന്നു പെഗസസ് സ്ഥാപകനായ ഷാലെവ് ഹൂലിയോ പറഞ്ഞതും ഇക്കാര്യങ്ങൾ മുൻനിർത്തിയാണ്. സെലിബ്രൈറ്റിന്റെ ഐപിഒ തടയാൻ ശ്രമമുണ്ടായെന്നും ഹൂലിയോ പറഞ്ഞിരുന്നു. ഇത്തരം കമ്പനികൾ മൊത്തമായി ഇസ്രയേലിനു ചീത്തപ്പേരുണ്ടാക്കുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

സെലിബ്രൈറ്റ് ഐപിഒ തടയുന്നതാര്?

ചാരപ്രവൃത്തി നടത്താനുള്ള സോഫ്റ്റ്‍വെയർ വിൽക്കുന്നതിനാൽ സെലിബ്രൈറ്റിന്റെ ഐപിഒ തടയണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡിജിറ്റൽ അവകാശ സംഘടനകൾ. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യാനിരിക്കെയാണ് പ്രതിഷേധം സെലിബ്രൈറ്റിനു വിനയായത്. മൊബൈൽ ഫോണിൽനിന്ന് ഡേറ്റ ചോർത്താൻ കഴിയുന്ന സ്പൈവെയർ വികസിപ്പിക്കുന്ന കമ്പനിയാണ് സെലിബ്രൈറ്റ്. പല സർക്കാരുകളും രഹസ്യമായി ഇവരുടെ ഉൽപ്പന്നം ഉപയോഗിക്കുന്നുണ്ട്. 2.4 ബില്യൻ മൂല്യം കണക്കാക്കിയാണ് കമ്പനി പബ്ലിക് ആകുമെന്ന് ഏപ്രിലിൽ പ്രഖ്യാപിച്ചത്.

Pegasus-8
പെഗസസ് (ഫയൽ ചിത്രം)

എന്നാൽ അധികം വൈകാതെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന് ഡിജിറ്റൽ അവകാശ ഗ്രൂപ്പുകളുടെയും നിക്ഷേപകരുടെയും കത്ത് കിട്ടി. മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പുവരുത്തും വരെ സെലിബ്രൈറ്റിന്റെ ഐപിഒ തടയണമെന്നായിരുന്നു ആവശ്യം. രാജ്യങ്ങളെ കൃത്യമായ പഠിച്ചശേഷമാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതെന്നാണ് സെലിബ്രൈറ്റിന്റെ വാദം.

ഡേറ്റാ സുരക്ഷ, മനുഷ്യാവകാശ പ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്ത് ചൈന, റഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടം നടത്തില്ലെന്നും കമ്പനി പറയുന്നു. പ്രതിപക്ഷ കക്ഷികളുടെ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെയാണ് ചൈനയുമായുള്ള ബന്ധം സെലിബ്രൈറ്റ് അവസാനിപ്പിക്കുന്നത്. പെഗസസിനു പുറമേ സൗദി അറേബ്യ സെലിബ്രൈറ്റിന്റെ സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ചതായും ആക്ഷേപം ഉയർന്നിരുന്നു.

മൈക്രോസോഫ്റ്റ് പറഞ്ഞത്

സെലിബ്രൈറ്റിനൊപ്പം ആരോപണച്ചുഴിയിൽ വീണ മറ്റൊരു കമ്പനിയാണ് കാൻഡിരു. മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പിഴവ് മുതലെടുത്തായിരുന്നു കാൻഡിരുവിന്റെ ചോർത്തൽ. പെഗസസിനു സമാനമായ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 10 രാജ്യങ്ങളിലായി നൂറോളം ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, വിമതർ എന്നിവരുടെ വിവരങ്ങൾ ചോർത്തിയിരുന്നുവെന്ന് കാനഡയിലെ സിറ്റിസൻ ലാബ് അറിയിച്ചത് കഴിഞ്ഞ ആഴ്ചയാണ്.

സിറ്റിസൺ ലാബ് തന്നെയാണ് പെഗസസിന്റെ സാന്നിധ്യവും കണ്ടെത്തിയത്. മൈക്രോസോഫ്റ്റ് വിൻഡോസിലെ സുരക്ഷാപിഴവ് മുതലെടുത്തായിരുന്നു സൈബർ ആക്രമണം. സിറ്റിസൺ ലാബിന്റെ മുന്നറിയിപ്പിനെ തുടർന്ന് 13ന് മൈക്രോസോഫ്റ്റ് സോഫ്റ്റ്‍വെയർ അപ്ഡേറ്റ് പുറത്തിറക്കി. കാൻഡിരുവിന്റെ പേര് വ്യക്തമാക്കിയില്ലെങ്കിലും ഇസ്രയേൽ കേന്ദ്രമായ ഏജൻസിയുടെ സോഫ്റ്റ്‍വെയർ എന്നാണ് മൈക്രോസോഫ്റ്റ് അവരുടെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചത്.

പിന്നിലാര്?

ഇസ്രയേൽ സൈബർ കമ്പനികളെ ലക്ഷ്യമിടുന്നതു ഖത്തർ, പലസ്തീൻ രാജ്യങ്ങളാണെന്നാണ് എൻഎസ്ഒ ഗ്രൂപ്പിന്റെ വിലയിരുത്തൽ. പലസ്തീനു പുറമേ ഖത്തറും ഇസ്രയേലുമായി നല്ല ബന്ധത്തിലല്ല. ഇസ്രയേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനും ആഹ്വാനം ചെയ്യുന്ന പലസ്തീൻ ബിഡിഎസ് മൂവ്‍മെന്റിന് ഇതിൽ പങ്കുണ്ടെന്ന സംശയവും പെഗസസ് സ്രഷ്ടാവ് ഷാലെവ് ഹൂലിയോ പ്രകടിപ്പിച്ചിരുന്നു.

ഇസ്രയേൽ സൈബർ വ്യവസായത്തെ തകർക്കുകയാണ് ലക്ഷ്യമെന്നാണ് എൻഎസ്ഒയുടെ വാദം. 45 രാജ്യങ്ങളെ ഉപഭോക്താക്കളാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ പ്രശ്നം കണക്കിലെടുത്ത് 90 രാജ്യങ്ങളുടെ ഓഫർ നിരസിച്ചിട്ടുമുണ്ടെന്ന് എൻഎസ്ഒ പറയുന്നു. നിലവിലെ ഉപഭോക്താക്കളിൽ മൂന്നിൽ രണ്ടു ഭാഗവും യൂറോപ്യൻ രാജ്യങ്ങളാണ്. ചൈന, റഷ്യ, ഖത്തർ, ഈജിപ്റ്റ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായി ബിസിനസ് നടത്തുകയില്ലെന്നും ഹൂലിയോ അഭിമുഖത്തിൽ വ്യക്തമാക്കി.

English Summary: Israel is home to a number of cyber intelligence companies, such as the NSO Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com