ADVERTISEMENT

ദൻബാദ്∙ ജാർഖണ്ഡിൽ വാഹനമിടിച്ച് ജഡ്ജി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ തിരക്കില്ലാത്ത റോഡിൽ പ്രഭാത സവാരിക്കിറങ്ങിയ ജില്ലാ അഡീഷനൽ ജഡ്ജി ഉത്തം ആനന്ദ് ആണു കൊല്ലപ്പെട്ടത്. അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചതാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കരുതിക്കൂട്ടി വാഹനം ഇടിപ്പിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി.

പുറകിൽനിന്നെത്തിയ വാഹനം ജഡ്ജിയെ ഇടിച്ചുതെറിപ്പിച്ചശേഷം നിർത്താതെ പോകുകയായിരുന്നു. റോഡിൽ രക്തം വാർന്നു കിടന്ന ജഡ്ജിയെ ഒരാൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവറെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

അപകടം നടക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് വാഹനം മോഷ്ടിച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നത്. ഒരു സ്ത്രീയുടെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തന്റെ വാഹനം മോഷ്ടിക്കപ്പെട്ടതെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. 

മാഫിയ സംഘങ്ങളുടെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ ഉത്തം ആനന്ദ് കൈകാര്യം െചയ്തിരുന്നു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കേസുകളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തി.

സുപ്രീം കോടതി ജഡ്ജി എൻ.വി. രമണ ജാർഖണ്ഡ് ഹൈക്കോടതിയുമായി ബന്ധപ്പെട്ടു. സംഭവത്തെക്കുറിച്ച് സുപ്രീം കോടതിക്ക് ധാരണയുണ്ടെന്നും കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Jharkhand judge's death; Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com