ADVERTISEMENT

കൊച്ചി∙ തെലങ്കാനയിൽ രണ്ടു വന്‍കിട പദ്ധതികൾ ആരംഭിക്കുന്നതിനുള്ള കരാറുകളിൽ (എംഒയു) ഒപ്പിട്ട് കിറ്റെക്‌സ്. വാറങ്കലിലെ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍ട്രസ്ട്രിയല്‍ പാര്‍ക്കിലെയും പദ്ധതികളുടെ കരാറിലാണ് ഒപ്പിട്ടത്. തെലങ്കാന സര്‍ക്കാരിന് വേണ്ടി വ്യവസായ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്‌സിനു വേണ്ടി മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമാണ് ഹൈദരാബാദില്‍ കരാറില്‍ ഒപ്പിട്ടത്. വ്യവസായ മന്ത്രി കെ ടി രാമറാവുവുമായി കൂടികാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഒപ്പിടല്‍. ഔദ്യോഗിക ചടങ്ങും പ്രഖ്യാപനവും ശനിയാഴ്ച നടക്കും. 

വന്‍ ആനുകൂല്യങ്ങളാണ് തെലങ്കാനയില്‍ നിക്ഷേപത്തിനായി  സര്‍ക്കാര്‍ കിറ്റെക്‌സിന് നല്‍കിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ആനുകൂല്യങ്ങള്‍, നിക്ഷേപം, സബ്‌സിഡി, തൊഴിലവസരങ്ങള്‍ അടക്കമുള്ള വന്‍ പാക്കേജിന്റെ വിശദാംശങ്ങള്‍ ശനിയാഴ്ച പുറത്തുവിടും. സാബു ജേക്കബിനൊപ്പം വൈസ് പ്രസിഡന്റ്  ക്രിസ്റ്റിയന്‍ സ്ട്രാം, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ഹര്‍കിഷന്‍ സിങ് സോധി, ഡയറക്ടര്‍ തോമസ് ചെറിയാന്‍, ജനറല്‍ മാനേജര്‍ സജീ കുര്യന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍  മനോജ് കുമാര്‍ എന്നിവരും സാബു ജേക്കബിന്റെ കുടുംബവും കിറ്റെക്‌സ് സംഘത്തിലുണ്ട്. 

ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്‌സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നു പിന്‍വാങ്ങിയത്. തുടര്‍ന്നു തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു. പ്രത്യേക വിമാനമയച്ചാണ് തെലങ്കാന സര്‍ക്കാര്‍ കിറ്റെക്‌സിനെ ക്ഷണിച്ചത്. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്‌റൈന്‍, മൗറേഷ്യസ്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാന്റാണ് കിറ്റെക്‌സ്.

English Summary: Two big projects in Telangana: Kitex Group sign the contract 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com