ADVERTISEMENT

കഴിഞ്ഞ ആഴ്ചയിലെ അഞ്ചു ദിവസവും മികച്ച ഇക്കണോമിക് ഡേറ്റകളുടെയും കേന്ദ്ര സർക്കാർ തീരുമാനങ്ങളുടെയും പിൻബലത്തിൽ റെക്കോർഡ് തിരുത്തി മുന്നേറിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ആഴ്ചാവസാന ലാഭമെടുക്കലിൽ നേട്ടങ്ങൾ നഷ്ടമാക്കി. നിഫ്റ്റി 17,800 പോയിന്റിലെ കടമ്പ കടക്കാനാകാതെ തിരിച്ചു പോന്നെങ്കിലും ആദ്യ സപ്പോർട്ടായ 17,500 പോയിന്റിൽ തന്നെ പിന്തുണ നേടിയതും വളരെ പ്രധാനമാണ്. 17,400 പോയിന്റിലും 17,250 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ മേഖലകൾ. 

17,800 പോയിന്റു കടന്നാലും 18,000 കടന്നു മുന്നേറാൻ നിഫ്റ്റിക്കു ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറിനൊപ്പം ഐടി സെക്ടറിന്റെയും രാജ്യാന്തര വിപണിയുടെയും കൂടി പിന്തുണ വേണ്ടി വന്നേക്കാം. അടുത്ത കുതിപ്പിനു മുൻപ് ഇന്ത്യൻ വിപണി റേഞ്ച്ബൗണ്ട് ആയിപ്പോയേക്കാമെന്നും കരുതുന്നു. ഓഹരി വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷൻ പുറവൻതുരുത്തിൽ. 

വെള്ളിയാഴ്ച ബാങ്കിങ്, ഫിനാൻഷ്യൽ, മീഡിയ സെക്ടറുകൾ മാത്രം മുന്നേറ്റം സ്വന്തമാക്കിയപ്പോൾ ഫാർമ, മെറ്റൽ, റിയൽറ്റി സെക്ടറുകൾ മുന്നേറ്റം നേടാതെ പോയി. ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാ, സിമന്റ്, ലോജിസ്റ്റിക്സ്, പവർ, മിഡ് ക്യാപ് ഐടി, മിഡ് ക്യാപ് ബാങ്കിങ്, മിഡ് ക്യാപ് ഫിനാൻഷ്യൽ, ഓട്ടോ അൻസിലറി, ഇവി സെക്ടറുകൾ നിക്ഷേപത്തിനു പരിഗണിക്കാം. മാനുഫാക്ചറിങ്, ഓട്ടോ, ഇൻഫ്രാ, സിമന്റ് സെക്ടറുകളും, പൊതുമേഖലാ സ്ഥാപനങ്ങളും പുതിയ സർക്കാർ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.

∙ 40,000 ലക്ഷ്യം വച്ച് ബാങ്ക് നിഫ്റ്റി

റെക്കോർഡ് തിരുത്തി മുന്നേറുന്ന ബാങ്ക് നിഫ്റ്റിയുടെ പിൻബലത്തിൽ നിഫ്റ്റി കൂടുതൽ നഷ്ടം ഒഴിവാക്കി. ടെലികോം റിലീഫ് പാക്കേജിന്റെ പിൻബലത്തിൽ എസ്ബിഐയും ഇൻഡസ് ഇന്ദ് ബാങ്കും യെസ് ബാങ്കും കയറിയപ്പോൾ കോട്ടക്ക് ബാങ്കിന്റെ വൻ കുതിപ്പും ബാങ്ക് നിഫ്റ്റിക്ക് അനുകൂലമായി. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും ഇതുവരെ റാലിയിൽ പങ്കെടുത്തിട്ടില്ല എന്നതും ബാങ്ക് നിഫ്റ്റിക്ക് അനുകൂലമാണ്. 1600 രൂപയ്ക്ക് മുകളിൽ എച്ച്ഡിഎഫ്സി ബാങ്ക് വൻ കുതിപ്പ് സ്വന്തമാക്കിയേക്കാം.

∙ ഫെഡ് മീറ്റിങ്, ബോണ്ട് വാങ്ങൽ

അമേരിക്കൻ, ഏഷ്യൻ വിപണികൾ കഴിഞ്ഞ ആഴ്ചയിൽ റേഞ്ച് ബൗണ്ട് ചലനങ്ങൾ നടത്തിയപ്പോൾ യൂറോപ്യൻ, ചൈനീസ് വിപണികൾ നഷ്ടം രേഖപ്പെടുത്തി. അമേരിക്കൻ വിപണി ഓഗസ്റ്റിലെ എംപ്ലോയ്‌മെന്റ് ഡേറ്റയുടെ ക്ഷീണത്തിൽനിന്നു കരകയറിയിട്ടില്ലെങ്കിലും മികച്ച റീറ്റെയ്ൽ സെയിൽസ് ഡേറ്റ ജിഡിപി വളർച്ചാ സാധ്യതകൾ തുറന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും കഴിഞ്ഞ വാരം അനുകൂലമായി.

ഫെഡിന്റെ ബജറ്റ് മീറ്റിങ്ങും ബുധനാഴ്ചത്തെ എഫ്ഒഎംസി സ്റ്റേറ്റ്മെന്റും ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസ് മീറ്റും കാത്തിരിക്കുകയാണ് ലോക വിപണി. കോർപറേറ്റ് നികുതിയുടെ ആശങ്കകളും ഇൻഫ്രാസ്ട്രക്ച്ചർ പ്ലാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ പ്രതീക്ഷകളും വിപണിയിൽ ചലനങ്ങൾക്ക് കാരണമാകും. അടുത്ത ആഴ്ചയിലെ ജോബ് ഡേറ്റക്കൊപ്പം ഹൗസിങ്, ബിൽഡിങ്, ഹോം സെയിൽസ് ഡേറ്റകളും, പിഎംഐ ഡേറ്റയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. ചൈനീസ്, ജാപ്പനീസ്, കൊറിയൻ വിപണികളിലെ അടുത്ത ആഴ്ചയിലെ തുടർച്ചയായ അവധികൾ ഇന്ത്യൻ വിപണിയിലേക്ക് അമേരിക്കൻ നിക്ഷേപകരുടെ ശ്രദ്ധയെ ക്ഷണിച്ചേക്കാം.

ഓഹരികളും സെക്ടറുകളും

∙ ഇന്ത്യൻ ടെലികോം കമ്പനികളുടെ എജിആർ കുടിശികകൾക്ക് കേന്ദ്ര സർക്കാര്‍ 4 വർഷത്തെ മൊറട്ടോറിയം ശനിയാഴ്ച പ്രഖ്യാപിച്ചത് ടെലികോം ഓഹരികളേക്കാൾ ബാങ്കിങ് ഓഹരികൾക്ക് അനുകൂലമായി. യെസ് ബാങ്ക്, എസ്ബിഐ, പിഎൻബി, ഇൻഡസ് ഇന്ദ് ബാങ്ക് എന്നിവ ഇനിയും മുന്നേറിയേക്കും.

∙ ടെലികോം കമ്പനികളുടെ ടെലികോം ഇതര വരുമാനങ്ങൾ എജിആറിൽനിന്നും ഒഴിവാക്കിയതും സ്പെക്ട്രം ചാർജുകൾ കുറച്ചതും, സ്പെക്ട്രം ഉപയോഗവുമായി ബന്ധപ്പെട്ട പെനൽറ്റികൾ ഒഴിവാക്കിയതടക്കമുള്ള 14 സുപ്രധാന തീരുമാനങ്ങൾ ഇന്ത്യൻ ടെലികോം സെക്ടറിന് കുതിപ്പ് നൽകും. എയർടെൽ, ഐഡിയ, റിലയൻസ് എന്നിവ ഇനിയും മുന്നേറിയേക്കും. അടുത്ത തിരുത്തൽ ഓഹരികളിൽ അവസരമാണ്.

∙ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന ഏവിയേഷൻ ഓഹരികൾക്ക് മുന്നേറ്റം നൽകി. യുകെ അടക്കമുള്ള രാഷ്ട്രങ്ങൾ വാക്സിനേഷൻ നടത്തിയ യാത്രക്കാർക്ക് യാത്രാനുമതി നൽകുന്നതും ഇന്ത്യൻ ഏവിയേഷൻ ഓഹരികളുടെ മുന്നേറ്റം ഉറപ്പ് വരുത്തും. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയ്ക്കൊപ്പം ജെറ്റ് എയർവെയ്‌സ് ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

∙ കോട്ടക് മഹിന്ദ്ര ബാങ്ക് ഭവന വായ്പയുടെ ഉത്സവകാല പലിശയിളവിനു പിന്നാലെ വോക്‌സ്‌വാഗന്റെ വാഹന വായ്പ കൂടി സ്വന്തമാക്കിയത് റീറ്റെയ്ൽ രംഗത്തേക്ക് ബാങ്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമാണ്. 2000 മിന്നൽ വേഗത്തിൽ കടന്ന ഓഹരി ഇനിയും കുതിച്ചേക്കും.

∙ ഓട്ടോ സെക്ടറും പിഎൽഐ പിന്തുണ പ്രതീക്ഷിക്കുന്നു. ഈവി സെക്ടർ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. ഓലക്ട്ര നോമുറയുടെ നിക്ഷേപത്തോടെ മുന്നേറിയത് ശ്രദ്ധിക്കുക. ടാറ്റ മോട്ടോർസ്, മഹിന്ദ്ര, അശോക് ലെയ് ലാൻഡ്, ഗ്രീവ്സ് കോട്ടൺ എന്നിവ ശ്രദ്ധിക്കുക.

∙ ഐഷറിനൊപ്പം ടിവിഎസും മുന്നേറ്റ സാധ്യത കാണിക്കുന്നു. ഡുകാറ്റിയുടെ പഴയ ഡിസൈനർ ടിവിഎസിന് പുതു ഡിസൈനുകൾ ഒരുക്കുന്നത് ഓഹരിക്ക് അനുകൂലമാണ്.

∙ വൈറ്റ് ഗുഡ്സ് അടക്കമുള്ള ഇലക്ട്രോണിക്സ് പിഎൽഐ സ്കീമിനായി ഡിക്‌സൺ, ബ്ലൂസ്റ്റാർ, ഹാവെൽസ്, ആംബർ, വോൾട്ടാസ്, ടിവിഎസ് ഇലക്ട്രോണിക്സ് മുതലായ കമ്പനികളടക്കം 52 കമ്പനികൾ അപേക്ഷിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

∙ ഏവിയേഷൻ സെക്ടറിനൊപ്പം ഹോസ്പിറ്റാലിറ്റി സെക്ടറും വരും മാസങ്ങളിൽ കൂടുതൽ മുന്നേറ്റം നേടിയേക്കാമെന്നത് ഹോട്ടൽ ഓഹരികൾക്കും അനുകൂലമാണ്. ഷാലെറ്റ്, ഇന്ത്യൻ ഹോട്ടൽ, ഏഷ്യൻ ഹോട്ടൽസ് മുതലായവയ്ക്കൊപ്പം ഡെൽറ്റ കോർപും ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്.

∙ ഈസി ട്രിപ്പ് പുതിയ വിദേശ നിക്ഷേപത്തിന്റെ പിൻബലത്തിൽ പുതിയ ഉയരങ്ങൾ തേടികഴിഞ്ഞു. അടുത്ത തിരുത്തലിൽ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം. 1000 രൂപയാണ് ഓഹരിയുടെ അടുത്ത ഹ്രസ്വകാല ലക്ഷ്യം.

∙ സെൻസാർ ടെക് ഓഹരിയും മറ്റ് മിഡ് ക്യാപ് ഐടി ഓഹരികൾക്കൊപ്പം ദീർഘകാല നിക്ഷേപത്തിന് ഇനിയും പരിഗണിക്കാം.

∙ ഐഇഎക്സ് അടുത്ത തിരുത്തലിലോ 616 രൂപയ്ക്ക് മുകളിലോ ഇനിയും ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ സീ ലിമിറ്റഡ് പഴയ നേതൃത്വത്തിന്റെ പടിയിറങ്ങലിന്റെ പിന്നാലെ നേടിയ മുന്നേറ്റത്തിന് ശേഷം 240 രൂപയിൽ ഓഹരി ക്രമീകരിക്കപ്പെട്ടത് ശ്രദ്ധിക്കുക. സീ ലിമിറ്റഡ് 400 രൂപയിലേക്ക് മുന്നേറിയേക്കാം.

∙ റിലയൻസിന്റെ ഹ്രസ്വകാല ലക്ഷ്യ വില 3500 രൂപയ്ക്കപ്പുറമാണ്. ഓഹരി അടുത്ത തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം.

ഐപിഒ

പരസ് ഡിഫൻസ് & സ്പേസ് ടെക്നോളജിയുടെ ഐപിഒ സെപ്റ്റംബർ 21ന് ആരംഭിച്ച് സെപ്റ്റംബർ 23ന് അവസാനിക്കുന്നു. 10 രൂപ മുഖ വിലയുള്ള ഓഹരി 165–175 വിലയ്ക്ക് ഇഷ്യൂ നടത്തി 170 കോടി രൂപ മാത്രം സമാഹരിക്കുന്നു. 40 വർഷമായി സ്‌പേസ് എൻജിനീയറിങ്ങിലും ഡിഫൻസ് റിസർച്ചിലും വാർഫെയ്‌ർ സിസ്റ്റം മേഖലയിലും പ്രവർത്തിക്കുന്ന കമ്പനി നിക്ഷേപത്തിന് അനുയോജ്യമാണ്.

സ്വർണം

മികച്ച ഇക്കണോമിക് ഡേറ്റയുടെയും അമേരിക്കൻ ബോണ്ട് യീൽഡിലെ മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ 1750 ഡോളറിലേക്ക് വീണ രാജ്യാന്തര സ്വർണ വിലയുടെ മുന്നേറ്റവും ഫെഡ് പ്രഖ്യാപങ്ങളെ ആശ്രയിച്ചായിരിക്കും. 1730 ഡോളറിൽ സ്വർണത്തിന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു.

ക്രൂഡ് ഓയിൽ

ഐഡ കൊടുങ്കാറ്റ് അമേരിക്കയുടെ ഓയിൽ റിഗ്സ് എണ്ണത്തിൽ വരുത്തിയ കുറവും അമേരിക്കൻ എണ്ണ ശേഖരത്തിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ വീഴ്ചയും ക്രൂഡിന് വില മുന്നേറ്റം നൽകിയെങ്കിലും 76 ഡോളറിനപ്പുറം മുന്നേറാൻ ബ്രെന്റ് ക്രൂഡിനായില്ല. ഇക്കണോമിക് റിക്കവറിയുടെ സാഹചര്യത്തിൽ ആക്റ്റീവ് റിഗുകളുടെ എണ്ണം കൂടുന്നതും ഇറാന്റെ ന്യൂക്ലിയർ ചർച്ചകളും ക്രൂഡിനു മുന്നേറ്റം നിഷേധിച്ചേക്കാവുന്ന ഘടകങ്ങളാണ്.

വാട്സാപ്: 8606666722

ഇമെയിൽ: buddingportfolios@gmail.com

English Summary: Market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com