ADVERTISEMENT

ചണ്ഡിഗഡ് ∙ അമരിന്ദർ സിങ്ങിന്റെ പിൻഗാമിയായി സുഖ്ജിന്ദർ സിങ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്നു സൂചന. സമവായ ശ്രമത്തിന്റെ ഭാഗമായാണു കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം. പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈക്കമാൻഡിന്റെ പിന്തുണ നഷ്ടമായതോടെയാണ് അമരിന്ദർ രാജിവച്ചത്.

62 വയസ്സുള്ള രൺധാവ, അമരിന്ദർ മന്ത്രിസഭയിൽ ജയിൽ, സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. രാജ്യസഭാ എംപി അംബികാ സോണി വിസമ്മതിച്ചതോടെയാണു മുഖ്യമന്ത്രി സ്ഥാനം രൺധാവയിലേക്ക് എത്തുന്നത്. ഗുർദാസ്പുർ സ്വദേശിയാണ്. മൂന്നു തവണ എംഎൽഎ ആയിട്ടുണ്ട്. സംസ്ഥാന കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് രണ്ടു തവണ പിസിസി പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൈക്കമാൻഡ് നിർദേശപ്രകാരം നിയമസഭാകക്ഷിയോഗം ചേരാനിരിക്കെയാണ്, തൊട്ടുമുൻപ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ സന്ദർശിച്ച് അമരിന്ദർ രാജിക്കത്ത് നൽകിയത്. താൻ അപമാനിക്കപ്പെട്ടതായി ഗവർണറുടെ വസതിക്കു മുന്നിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം തുറന്നടിച്ചു. പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള അമരിന്ദർ വിരുദ്ധ വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണു നിയമസഭാ കക്ഷി യോഗം വിളിച്ചത്.

English Summary: Punjab Minister Sukhjinder Randhawa Likely To Be Chief Minister: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com