ADVERTISEMENT

മുംബൈ∙ ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). മുംബൈ സെഷൻസ് കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻസിബി ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍സിബിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിസ്റ്റർ ജനറൽ അനിൽ സിങ്, കഴിഞ്ഞ ഏതാനും വർഷങ്ങളായി ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നു എന്ന് കോടതിയിൽ അവകാശപ്പെട്ടു. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായി. ഒക്ടോബർ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായതിനാലാണ് വിധി ഒക്ടോബർ 20ലേക്ക് മാറ്റിയത്. 

‘ആര്യൻ ഖാൻ ഒരിക്കൽ മാത്രമല്ല ലഹരി ഉപയോഗിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നു. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസിന്റെ പക്കൽനിന്ന് ആറു ഗ്രാം ചരസ് പിടിച്ചെടുത്തു. കൈവശം ലഹരിമരുന്നുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, തന്റെ ഷൂസിൽ ലഹരിമരുന്ന് ഉണ്ടെന്ന് അർബാസ് പറഞ്ഞു. ക്രൂസിൽ ആര്യനൊപ്പം ലഹരി ഉപയോഗിക്കാൻ പോയതാണെന്ന് അർബാസ് സമ്മതിച്ചു.’– അനിൽ സിങ് പറഞ്ഞു.

ആര്യൻ ഖാന് ജാമ്യം നൽകുന്നതിനെതിരെ വാദിച്ച അദ്ദേഹം, ഇത് മഹാത്മാഗാന്ധിയുടെ നാടാണെന്നും ലഹരി ഉപയോഗം ചെറുപ്പക്കാരെ ബാധിക്കുന്നുവെന്നും കോടതിയെ അറിയിച്ചു. ‘നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ മനസ്സിൽ ഇതൊന്നുമില്ല. ഇത് മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണാണ്. അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ്. ഇപ്പോൾ ജാമ്യം നൽകുന്നതിനുള്ള ഘട്ടമല്ല.’– അദ്ദേഹം പറഞ്ഞു.

‘ലഹരി ഉപയോഗം കുട്ടികളെ ബാധിക്കുന്നു. അവർ കോളജിൽ പോകുന്ന കുട്ടികളാണ്. പക്ഷേ അതു ജാമ്യത്തിനായി പരിഗണിക്കേണ്ടതില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഈ തലമുറയെ ആശ്രയിച്ചിരിക്കുന്നു.’ – അനിൽ സിങ് കൂട്ടിച്ചേർത്തു. അതേസമയം, ആര്യനെതിരായ അനധികൃത ലഹരി കടത്ത് ആരോപണം അസംബന്ധമാണെന്നും ആര്യൻ കപ്പലിൽ പോലും ഉണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകൻ അമിത് ദേശായി പറഞ്ഞു.

English Summary: Aryan Khan Regular Consumer Of Drugs, Evidence Shows: Agency To Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com