ADVERTISEMENT

കോട്ടയം∙ എംജി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ അധിക്ഷേപത്തിന് ഇരയായ എഐഎസ്എഫ് വനിതാ നേതാവിന് പാർട്ടിയുടെ ഉറച്ച പിന്തുണ കിട്ടുന്നില്ലെന്ന് അണികൾക്കിടയിൽ ചർച്ച. സംസ്ഥാനം മുഴുവൻ ശ്രദ്ധിച്ച വിഷയമായെങ്കിലും എഐഎസ്എഫ്, എഐവൈഎഫ് നേതാക്കൾ പ്രശ്നത്തോട് തണുപ്പൻ സമീപനമാണ് സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ. 

സിപിഐയുടെ യുവജന സംഘടനയുടെ പ്രമുഖ നേതാക്കൾ ആരും സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ പ്രൊഫൈൽ ചിത്രം മാറ്റുകയോ ശക്തമായ പിന്തുണ നൽകുകയോ ചെയ്തില്ലെന്നതാണ് ശ്രദ്ധേയം. സിപിഎമ്മിനെ മുഷിപ്പിക്കേണ്ടതില്ല എന്ന നയം നേതാക്കൾ സ്വീകരിച്ചെന്ന രോഷമാണ് പ്രവർത്തകർക്കുള്ളത്. ദലിത്, വനിതാ നേതാവിനു നേരെ ഉണ്ടായ അധിക്ഷേപം വ്യാപകമായി ചർച്ചയായതോടെ എസ്എഫ്ഐ തന്നെ പ്രതിരോധത്തിലായിരുന്നു. ചാടി ചവിട്ടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതും ക്ഷീണമായി. പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലാണ് വനിതയ്ക്കു നേരെ അക്രമം നടന്നത്. പൊലീസിനെതിരെ നേരത്തെ മുതിർന്ന വനിതാ നേതാവ് ആനി രാജ പ്രതികരിച്ചതും വിവാദമായിരുന്നു. 

പല ക്യാംപസുകളിലും മറ്റു സംഘടനകളെ പ്രവർത്തിക്കാൻ എസ്എഫ്ഐ അനുവദിക്കുന്നില്ല എന്ന പരാതി നിലവിലുള്ളതാണ്. ഈ സന്ദർഭത്തിലാണ് എംജി സംഭവമുണ്ടായത്. എസ്എഫ്ഐയുടെ ആധിപത്യത്തെ വെല്ലുവിളിച്ച് ഉയർന്നുവരാൻ പല സംഘടനകളും മടിക്കുന്നതിനിടയിലാണ് എഐഎസ്എഫ് വനിതാ നേതാവിന്റെ ചെറുത്തുനിൽപ്പ് ശ്രദ്ധിക്കപ്പെട്ടത്. എന്നിട്ടും എസ്എഫ്ഐയുടെ പ്രവർത്തനരീതി ചോദ്യം ചെയ്യാൻ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കാൻ സിപിഐ ശ്രമിച്ചില്ല. വിഷയം കൈകാര്യം ചെയ്യാനുള്ള കരുത്ത് എഐഎസ്എഫിന് ഉണ്ട് എന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. 

എംജിയിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എൽഎൽഎം വിദ്യാർഥിനിയാണ് അധിക്ഷേപത്തിന് ഇരയായ നിമിഷ രാജു. 2013 മുതൽ സംഘടനയിൽ സജീവമായ നിമിഷ എഐഎസ്ഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രതിഷേധ പ്രസ്താവനയി‍ൽ വിഷയം ഒതുക്കി. എറണാകുളത്ത് ക്യാംപസ് ജനാധിപത്യ സംരക്ഷണ സംഗമം നടത്തിയെങ്കിലും അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സാംസ്കാരിക നായകർ പ്രതികരിക്കുന്നില്ല എന്ന് ആദ്യഘട്ടത്തിൽ പരാതിപ്പെട്ട പ്രവർത്തകർ തന്നെ സ്വന്തം സംഘടനയുടെ തണുപ്പൻ സമീപനം കണ്ട് അന്തംവിടുകയാണ്. സിപിഎമ്മിനോടുള്ള അടിമത്തമാണ് തെളിയുന്നതെന്ന് ഒരുവിഭാഗം ശക്തമായി ആരോപിക്കുന്നു. 

അതേസമയം കനയ്യകുമാർ ഹാങ് ഓവറിലാണ് സിപിഐ യുവജന സംഘടനകളെന്ന പരിഹാസവുമായി എസ്എഫ്ഐ ചർച്ചയെ മാറ്റിയെടുക്കുകയും ചെയ്തു. തീപ്പൊരി നേതാവായ കനയ്യയെ ഉപയോഗിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്എഫ്ഐയുടെ പ്രയോഗം ക്ഷീണം ചെയ്യുന്നത്.  

English Summary : CPI vague response in AISF woman leader assault in MG university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com