ADVERTISEMENT

ഭുവനേശ്വർ ∙ ഒഡീഷയില്‍ ആള്‍ബലവും അര്‍ഥവും ഏറെയുള്ള നേതാവാണ് വെടിയേറ്റു മരിച്ച ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ്. വിപുലമായ ബിസിനസ് സാമ്രാജ്യം, എംഎല്‍എമാരില്‍ അതിസമ്പന്നന്‍. തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച കണക്ക് പ്രകാരം 34 കോടി രൂപയാണ് നബ കിഷോര്‍ ദാസിന്റെ ആസ്തി. നിയമബിരുദധാരിയായ നബ കിഷോര്‍, ഝര്‍സുഗുഡ, സുന്ദര്‍ഗഢ്, സമ്പല്‍പുര്‍ ഖനിമേഖലയെ നിയന്ത്രിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബിസിനസിന്റെ ഉടമ കൂടിയാണ്.

ഒന്നേകാൽ കോടി രൂപ വിലയുള്ള ബെന്‍സ് കാറുള്‍പ്പെടെ 70 വാഹനങ്ങള്‍ സ്വന്തമായുണ്ട്. ജന്മനാടായ ഝാർസുഗുഡ നിയമസഭാ മണ്ഡലത്തിൽനിന്നു മൂന്നു തവണ എംഎൽഎയായ നബ കിഷോർ, 2019 ജനുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസിൽനിന്ന് ബിജു ജനതാദളില്‍ (ബിജെഡി) ചേർന്നത്. 2009ലും 2014ലും കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജയിച്ചത്.

ഒഡീഷ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായിരിക്കെ 2019ല്‍ ബിജെഡിയില്‍ ചേര്‍ന്നത് ഏറെ ചര്‍ച്ചയായി. ഭുവനേശ്വറിലും കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ഝര്‍സുഗുഡയിലും നബ കിഷോറിനു വസ്തുവകകളുണ്ട്. മകന്‍ വിശാല്‍ ബിസിനസിലും മകള്‍ ദിപാലി രാഷ്ട്രീയത്തിലും പിന്‍ഗാമികളാണ്. വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണകുംഭങ്ങള്‍ അടക്കം സമര്‍പ്പിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഡബിള്‍ ബാരല്‍ ഗണ്ണും റൈഫിളും റിവോള്‍വറും നബ കിഷോര്‍ ദാസിന്‍റെ പക്കലുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് നബ കിഷോറിനു നെഞ്ചിൽ വെടിയേറ്റത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയിലായിരുന്നു അന്ത്യം. ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ എഎസ്‌ഐ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്‌രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു.

English Summary: Who is Naba Kisore Das?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com