Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രമെഴുതി ഛേത്രിയും സംഘവും; ബെംഗളൂരു എഫ്സി എഎഫ്സി കപ്പ് ഫൈനലിൽ

PTI10_19_2016_000286A ഗോൾനേട്ടം ആഘോഷിക്കുന്ന ബെംഗളൂരു എഫ്സി താരങ്ങൾ.

ബെംഗളൂരു∙ മാറ്റത്തിന്റെ കാശുവീശുന്ന ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രമെഴുതി ബെംഗളൂരു എഫ്സി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ചാംപ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയാണ് ബെംഗളൂരു എഫ്സി ചരിത്രം കുറിച്ചത്. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു നടന്ന രണ്ടാം പാദ സെമിയിൽ നിലവിലെ ജേതാക്കളായ മലേഷ്യയിലെ ജോഹോർ ദാറുൾ ടാസിം (ജെഡിടി) ക്ലബ്ബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ബെംഗളൂരു എഫ്സിയുടെ സുവർണനേട്ടം.

മലേഷ്യയിൽ നടന്ന ആദ്യ പാദത്തിൽ ഇരു ക്ലബ്ബുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ഇരുപാദങ്ങളിലുമായി 4-2 ന്റെ ലീഡ് നേടിയാണ് ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശം. ഇറാഖിൽനിന്നുള്ള എയർ ഫോഴ്സ് ക്ലബ്ബുമായി നവംബർ അഞ്ചിന് ദോഹയിലാണ് ഫൈനൽ പോരാട്ടം.

11-ാം മിനിറ്റിൽ ഷഫീഖ് റഹിം നേടിയ ഗോളിൽ മുന്നിലെത്തിയത് ജെഡിടിയായിരുന്നു. എന്നാൽ, മൽസരത്തിന്റെ ഇരുപകുതികളിലുമായി ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഇരട്ടഗോളുകൾ ബെംഗളൂരുവിന് ചരിത്രനേട്ടം സമ്മാനിച്ചു. 41, 67 മിനിറ്റുകളിലായിരുന്ന ഛേത്രിയുടെ ഗോളുകൾ. ബെംഗളൂരുവിന്റെ മൂന്നാം ഗോൾ യുവാൻ അന്റോണിയോയുടെ (75) വകയായിരുന്നു. ആദ്യ പാദം സമനിലയിലാണ് അവസാനിച്ചതെങ്കിലും ഒരു എവേഗോളിന്റെ ആനുകൂല്യം ലഭിച്ചതിനാൽ ണ്ടാംപാദ മത്സരത്തിൽ ഗോൾരഹിത സമനിലപോലും ഫൈനലിലെത്തിക്കുമെന്ന അവസ്ഥയിലാണ് ബെംഗളൂരു എഫ്സി ഹോം മൈതാനത്ത് പോരാട്ടത്തിനിറങ്ങിയത്.

ചരിത്രനേട്ടം സ്വന്തമാക്കിയ ടീമിൽ രണ്ടു മലയാളികളുമുണ്ട്. ഡിഫൻഡർ റിനോ ആന്റോയും മധ്യനിരക്കാരൻ സി.കെ.വിനീതും. ക്വാർട്ടറിന്റെ ആദ്യപാദത്തിൽ ടാം പൈൻസ് റോവേഴ്സിനെതിരെ വിനീത് നേടിയ ഗോളാണ് ടീമിനെ സെമിയിൽ എത്തിച്ചത് (ആദ്യപാദത്തിൽ 1–0, രണ്ടാം പാദം 0 – 0). ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാണ് ഇരുവരും. എഎഫ്സി ഫൈനലിലെത്തിയതോടെ ഇരുവരും ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാൻ ഇനിയും വൈകും.

പിറവിയെടുത്ത് വെറും മൂന്നര വർഷമാകും മുൻപ് ഇന്ത്യൻ ഫുട്ബോളിൽ ചരിത്രം കുറിച്ച ടീമാണ് പൂന്തോട്ടനഗരത്തിന്റെ നീലപ്പട. ചുരുങ്ങിയ കാലം കൊണ്ട് രണ്ട് ഐ ലീഗ് കിരീടവും ഒരു തവണ ഫെഡറേഷൻ കപ്പും നേടി. ഇപ്പോഴിതാ മറ്റൊരു ചരിത്രനേട്ടത്തിന്റെ പടിക്കലെത്തിയിരിക്കുന്നു. ബാർസിലോനയുടെ മുൻ സഹപരിശീലകൻ കൂടിയായ ആൽബർട്ട് റോക്ക എന്ന സ്പാനിഷ് പരിശീലകന് കീഴിൽ ഇതുവരെ ഒരു മൽസരം പോലും തോറ്റിട്ടില്ല എന്ന റെക്കോർഡ് കാത്തുസൂക്ഷിച്ചാണ് ബെംഗളൂരു എഫ്സി ഫൈനലിലേക്ക് മാർച്ച് ചെയ്തത്. എഎഫ്സിയുടെ സെമിയിൽ എത്തുന്ന മൂന്നാമത്തെ ടീമാണ് ബെംഗളൂരു. ഡെംപോ ഗോവ, ഈസ്റ്റ് ബംഗാൾ‌ ടീമുകളാണ് നേരത്തേ സെമിയിൽ എത്തിയിട്ടുള്ളത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.