Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യംവാങ്ങാൻ ഇനി ക്യൂ ഇല്ല: എല്ലാ ഔട്ട്ലറ്റുകളും സെൽഫ് സർവീസ് ആകുന്നു

Consumer fed outlet കൊച്ചിയിലുള്ള കൺസ്യൂമർഫെഡിന്റെ പ്രീമിയം ഔട്ട്‌െലറ്റ് (ഫയൽ ചിത്രം)

കൊച്ചി∙ ദേശീയ, സംസ്ഥാന പാതയോരത്തുനിന്നു മാറ്റുന്ന കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളെല്ലാം സെൽഫ് സർവീസ് പ്രീമിയം ഔട്ട്ലറ്റുകളായി മാറുന്നു. സുപ്രീംകോടതി ഉത്തരവു പ്രകാരം 39 ഔട്ട്ലറ്റുകളിൽ 27 എണ്ണമാണു കൺസ്യൂമർഫെഡിനു മാറ്റി സ്ഥാപിക്കേണ്ടിവരിക. ഇവയെല്ലാം സെൽഫ് സർവീസ് ഔട്ട്ലറ്റുകളാക്കി മാറ്റാൻ ഭരണസമിതി തീരുമാനിച്ചു. വരി നിൽക്കൽ പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യം.

ഗാന്ധിനഗർ, വൈറ്റില, തൃശൂർ, കൊയിലാണ്ടി എന്നിവിടങ്ങളിലായി നിലവിൽ നാല് സെൽഫ് സർവീസ് പ്രീമിയം ഔട്ട്ലറ്റുകളാണു കൺസ്യൂമർഫെഡിനുള്ളത്. ഇതിൽ വൈറ്റിലയും കൊയിലാണ്ടിയും കോടതിവിധിപ്രകാരം മാറ്റി സ്ഥാപിക്കേണ്ടിവരും. ഇതിനൊപ്പം മാറ്റുന്ന മറ്റ് ഔട്ട്ലറ്റുകളും സെൽഫ് സർവീസ് കൗണ്ടറുകളായി മാറും. വില കുറഞ്ഞ മദ്യം വിൽക്കുന്ന ഒരു കൗണ്ടർ കൂടി ഇതിനൊപ്പം ആരംഭിക്കും. തിരക്കു മൂലം വരി നിൽക്കേണ്ടിവരുന്നവർക്ക് ഇരിക്കാനായി ഇരിപ്പിടങ്ങളും സജ്ജീകരിക്കും. മദ്യവിൽപനശാലകളിൽ ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു. ഔട്ട്ലറ്റിനു മുൻവശത്തു പാർക്കിങ് ഏരിയയും ക്രമീകരിക്കും.

സ്ഥലസൗകര്യം കൂടുതൽ വേണമെന്നതിനാൽ, 3500 ചതുരശ്രയടിക്കു മുകളിൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ വാടകയ്ക്കെടുത്താൽ മതിയെന്നു തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മിക്കയിടത്തും കെട്ടിടങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ മാറ്റി സ്ഥാപിക്കുന്ന നാല് ഔട്ട്ലറ്റുകൾക്കും പകരം സ്ഥലം കണ്ടെത്തി. കൊയിലാണ്ടി, തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ ഔട്ട്ലറ്റുകൾക്കായും സ്ഥലം ലഭിച്ചു.

അതേസമയം, പുതുവൽസരത്തലേന്ന് റെക്കോർഡ് വിൽപന (1.02 കോടി) നടന്ന വൈറ്റിലയിലെ പ്രീമിയം ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കാൻ ഇതുവരെ സ്ഥലം ലഭിച്ചിട്ടില്ല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.