Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസ വോട്ടെടുപ്പ്: അംഗങ്ങൾ കൂറുമാറിയാൽ തമിഴകത്ത് എന്തു സംഭവിക്കും?

Edappadi K Palanisami, O Panneerselvam എടപ്പാടി കെ. പളനിസാമി, ഒ. പനീർസെൽവം

തമിഴ്നാട് നിയമസഭയിൽ 30 വർഷത്തിനുശേഷം വിശ്വാസവോട്ടെടുപ്പിനു കളമൊരുങ്ങുകയാണ്. 1988 ജനുവരി 27നാണ് അവസാന വിശ്വാസവോട്ടെടുപ്പ് നടന്നത്. എംജിആറിന്റെ മരണത്തെത്തുടർന്നു രണ്ടായി പിരിഞ്ഞ എഐഎഡിഎംകെയിലെ ജാനകിപക്ഷവും ജയലളിതപക്ഷവുമാണ് അന്നു സഭയിൽ ബലാബലം നോക്കിയത്. ഇരുവിഭാഗവും കായികമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് അക്രമം നിയന്ത്രിക്കാൻ പൊലീസ് നിയമസഭയ്ക്കുള്ളിലെത്തി. ജാനകി രാമചന്ദ്രനാണു വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്. 27 ദിവസത്തിനുശേഷം സഭ പിരിച്ചുവിടപ്പെട്ടു. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെ വിജയിച്ചു.

ഇന്ന് വീണ്ടും വിശ്വാസവോട്ടെടുപ്പു നടക്കുമ്പോൾ സഭാനടപടിക്രമങ്ങൾ ഇങ്ങനെ:

∙ എന്താണ് വിപ്പ്

നിയമസഭയിൽ പാർട്ടി എടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കണമെന്ന് അംഗങ്ങളോടു രേഖാമൂലം ആവശ്യപ്പെടുന്നതാണു വിപ്പ്. വിപ്പ് അനുസരിക്കാൻ നിയമസഭാ ചട്ടങ്ങൾ അനുസരിച്ച് അംഗം ബാധ്യസ്ഥനാണ്. അല്ലെങ്കിൽ അയോഗ്യനാകും. ചീഫ് വിപ്പോ നിയമസഭാകക്ഷി നേതാവോ ആയിരിക്കും സാധാരണയായി വിപ്പ് നൽകുക.

ഒരു സർക്കാരിന്റെ രൂപീകരണ സമയത്തുതന്നെ വിപ്പിന്റെ നടപടിക്രമങ്ങൾ ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിയുടെ നിയമസഭാകക്ഷിനേതാവ് തങ്ങളുടെ എംഎൽഎമാർ ആരെല്ലാമാണെന്നു വ്യക്തമാക്കി സ്പീക്കർക്കു കത്തു നൽകും. നിയമസഭയിൽ വിപ്പ് അധികാരി ആരാണെന്നും കത്തിലൂടെ വ്യക്തമാക്കും.

രണ്ടു തരത്തിലുള്ള വിപ്പാണുള്ളത്. ഒന്ന് ജനറൽ വിപ്പും രണ്ട് ത്രീ ലൈൻ വിപ്പും. നിയമസഭയിലെ നടപടികളിൽ നിർബന്ധമായും പങ്കെടുക്കണമെന്നോ ഇന്നയാൾക്കു വോട്ടുചെയ്യണമെന്നോ കാട്ടി സാധാരണ രീതിയിൽ നൽകുന്നതാണ് ജനറൽ വിപ്പ്.

Edappadi K. Palaniswami

വിശ്വാസപ്രമേയമോ അവിശ്വാസപ്രമേയമോ വരുന്ന സാഹചര്യത്തിൽ നൽകുന്ന വിപ്പാണ് ത്രീ ലൈൻ വിപ്പ്. തമിഴ്നാട്ടിൽ, ഡിഎംകെ നിലപാടിനൊപ്പം നിൽക്കാനാണു കോൺഗ്രസ് തങ്ങളുടെ എംഎൽഎമാർക്കു നൽകിയിരിക്കുന്ന വിപ്പ്. ഇങ്ങനെ വിപ്പ് നൽകുമ്പോൾ അതിനു താഴെയായി മൂന്നുവരകൾ രേഖപ്പെടുത്തും. ഇക്കാരണത്താലാണു ത്രീലൈൻ വിപ്പ് എന്നു പറയുന്നത്. വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമനുസരിച്ച് നടപടിയെടുക്കാം.

ഇപ്പോഴത്തെ സ്ഥിതിയിൽ പനീർസെൽവത്തിനും പളനിസാമിയുടെ വിപ്പ് ലഭിക്കും. വിപ്പ് ലഭിച്ചാൽ പളനിസാമിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തേണ്ടിവരും. വോട്ടുചെയ്യാതെ മാറിനിന്നാലും വോട്ട് മറിച്ചാലും നടപടിയുണ്ടാകും. മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണയോടെ മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ കൂറുമാറ്റനിരോധന നിയമത്തിൽനിന്നു രക്ഷപ്പെടാം. അതാണു പനീർശെൽവത്തിനു മുന്നിലുള്ള കടമ്പ.

∙ വിപ്പ് ലംഘിച്ചാൽ

വിപ്പ് ലംഘിച്ചെന്നു മനസ്സിലായാൽ നിയമസഭാ കക്ഷിനേതാവോ ചീഫ് വിപ്പോ സ്പീക്കറെ ഇക്കാര്യം രേഖാമൂലം അറിയിക്കും. സ്പീക്കർ പരിശോധിക്കും. ആവശ്യമെങ്കിൽ കാരണം കാണിക്കൽ നോട്ടിസ് നൽകും. 15 ദിവസത്തിനകം പ്രസ്തുത അംഗമോ അംഗങ്ങളോ മറുപടി നൽകണം. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടാൽ അംഗത്തെ സ്പീക്കർ അയോഗ്യനാക്കും. അയോഗ്യനായാലും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു നിയന്ത്രണമില്ല. പാർട്ടിയിൽനിന്നു പുറത്താക്കുകയാണെങ്കിൽ അഞ്ചുവർഷത്തേക്കു പാർട്ടിക്കെതിരെ സഭയിൽ വോട്ട് ചെയ്യാൻ കഴിയില്ല. പാർട്ടിയിൽനിന്നു പുറത്താക്കിയ നടപടിക്കെതിരെ പനീർശെൽവം പക്ഷക്കാരനായ എംപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ശശികലയെ പുറത്താക്കിയതായി പനീർശെൽവവും അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതിൽ കാര്യമായ റോളില്ല. കോടതിയെ സമീപിച്ചാൽ നിയമ നടപടികൾ നീണ്ടേക്കാം. ഇതൊക്കെ സഭയ്ക്കു പുറത്തുനടക്കുന്ന കാര്യങ്ങളാണ്.

∙ പനീർശെൽവത്തിന്റെ നീക്കം

Panneerselvam

തമിഴ്നാട് നിയമസഭയിലെ ആകെ സീറ്റുകൾ 234. ശശികല വിഭാഗത്തിന് 123. പനീർശെൽവത്തിനൊപ്പം 11 (അദ്ദേഹം ഉൾപ്പെടെ). ഡിഎംകെയിൽ 89 പേരുണ്ട്. കോൺഗ്രസിന് എട്ട്. ഐയുഎംഎൽ–1. കോൺഗ്രസ് ഡിഎംകെയോടൊപ്പം നിൽക്കുകയും ഇവർ പനീർശെൽവവുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കുകയും ചെയ്താൽ പളനിസാമി വിഭാഗം സമ്മർദത്തിലാകും. അതിനു പളനിസാമി വിഭാഗത്തിൽനിന്ന് എട്ട് എംഎൽഎമാർകൂടി പനീർശെൽവം ക്യാംപിലെത്തണം. അപ്പോൾ എംഎൽഎമാർ കൂറുമാറ്റനിയമത്തിനു കീഴിൽ വരുമോ? നിയമത്തിനു കീഴിൽവരുമെങ്കിലും സർക്കാർ മാറുന്നതോടെ കാര്യങ്ങളും മാറും. പുതിയ സ്പീക്കർ വരും. പിന്നെ നടപടികൾ ഉണ്ടാകാൻ സാധ്യതയില്ല.

പനീർസെൽവം പക്ഷത്തുള്ള എംഎൽഎമാർ

പനീർസെൽവം (ബോഡിനായ്ക്കനൂർ)
എസ്.പി. ഷൺമുഖനാഥൻ (ശ്രീവൈകുണ്ഠം)
കെ. മാണിക്കം (ഷോളവന്താൻ)
വി.സി. ആരുക്കുട്ടി (കവുണ്ടംപാളയം)
വനിത എംഎൽഎ മനോരഞ്ജിതം (ഉത്തങ്കര)
എ. മനോഹരൻ (വസുദേവനല്ലൂർ)
എസ്. സെമ്മലൈ (മേട്ടൂർ)
കെ. പാണ്ഡ്യരാജൻ (ആവഡി)
എസ്.എസ്. ശരവണൻ(മധുര വെസ്റ്റ്)
ഒ.കെ. ചിന്നരാജ (മേട്ടുപാളയം)

ആർ. നടരാജ് (മൈലാപൂർ) പനീർസെൽവം ക്യാംപിൽ നേരിട്ടു ചേർന്നിട്ടില്ലെങ്കിലും പളനിസാമിയെ എതിർത്തു വോട്ടു ചെയ്യുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

∙ തമിഴ്നാട് നിയമസഭയിലെ വോട്ടെടുപ്പ് ഇങ്ങനെ

വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ഏതെങ്കിലും ഒരു ഭരണകക്ഷി അംഗം നൽകിയ നോട്ടിസ് ചർച്ച ചെയ്യാൻ സ്പീക്കർ പ്രത്യേക സഭാസമ്മേളനം വിളിച്ചു ചേർക്കും. ഭരണകക്ഷിനേതാവ് വിശ്വാസപ്രമേയം അവതരിപ്പിക്കും. രണ്ടുപേർ പിന്താങ്ങും. ചർച്ച നടക്കും. സ്പീക്കറുടെ അനുമതിയനുസരിച്ച് അംഗങ്ങൾക്കു ചർച്ചയിൽ പങ്കെടുക്കാം. പാർട്ടിയുടെ ശക്തി അനുസരിച്ചാണു ചർച്ചയ്ക്കുള്ള സമയം അനുവദിക്കുന്നത്. അംഗത്തിന് ഏതെങ്കിലും ചോദ്യത്തിനു മറുപടി പറയണമെങ്കിൽ സ്പീക്കർക്കു വീണ്ടും സമയം അനുവദിക്കാം. ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്പീക്കർ വിഷയം വോട്ടിനിടും. തമിഴ്നാട് നിയമസഭയിൽ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഇല്ലാത്തതിനാൽ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലോ തലയെണ്ണിയോ ‘റോൾ കാൾ’ രീതി അനുസരിച്ചോ വിജയിയെ കണ്ടെത്താം.

ശബ്ദവോട്ടാണു വിജയിയെ കണ്ടെത്താനുള്ള മാനദണ്ഡമെങ്കിൽ അതെയെന്നോ അല്ലെന്നോ അംഗങ്ങൾക്കു പറയാം. പേരും പറയാം. അംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ വീണ്ടും ഈ രീതി ആവർത്തിക്കും. ഇതിലും അതൃപ്തി ഉണ്ടെങ്കിൽ തലയെണ്ണലിലേക്കു പോകും. അതല്ലെങ്കിൽ ഓരോ നിരയിലും ഇരിക്കുന്ന അംഗങ്ങളെ പേരുവിളിച്ച് എഴുന്നേൽപിച്ച് അഭിപ്രായം കേൾക്കാം. സ്പീക്കർ ഓരോ ബ്ലോക്കിലും ഇരിക്കുന്ന അംഗങ്ങളുടെ പേരു വിളിക്കും. പ്രമേയത്തെ അനുകൂലിക്കുന്നവരോടും എതിർക്കുന്നവരോടും പ്രത്യേകം എണീറ്റു നിൽക്കാൻ ആവശ്യപ്പെടും. ഇതിനുശേഷം ഓരോ വ്യക്തിയുടെയും വോട്ട് പേരിനു നേരെ രേഖപ്പെടുത്തും. പിന്നീട്, നിഷ്പക്ഷ വോട്ടുകൾ രേഖപ്പെടുത്തും. ഇരുഭാഗത്തും അംഗങ്ങൾ ഒരുപോലെ വോട്ടു ചെയ്താൽ സ്പീക്കർക്കു വോട്ടുചെയ്യാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്പീക്കറുടെ തീരുമാനം അന്തിമമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.