Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള പ്രശ്നം: ആരും മനഃപായസം ഉണ്ണേണ്ടെന്ന് മുഖ്യമന്ത്രി

pinarayi-vijayan

കൊല്ലം ∙ ഐഎഎസ് ഉദ്യോഗസ്ഥരുമായി പ്രശ്നങ്ങൾ ഉണ്ടെന്നു കരുതി ആരും മനഃപായസം ഉണ്ണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പരസ്യമായ പ്രതികരണം ശരിയായില്ല എന്നു അവരെ ബോധ്യപ്പെടുത്തി. അത് അവർ അംഗീകരിക്കുകയും ചെയ്തു. ഊഷ്മളമായാണ് അവർ മടങ്ങിപ്പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.കെ.ഭാസ്കരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

അഴിമതി സംബന്ധിച്ച അന്വേഷണത്തിൽ സർക്കാരിനു തുറന്ന മനസാണുള്ളത്, അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സർക്കാർ ഇടപെടില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകും. അന്വേഷണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെതിരെ എഫ്ഐആർ ഇട്ടപ്പോൾ സഹപ്രവർത്തകർക്ക് അമർഷമുണ്ടായി. അതു സ്വഭാവികമാണ്.

എന്നാൽ ആ വികാരം പരിധിക്ക് അപ്പുറമായി. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ നടക്കാത്ത തരത്തിൽ ഒരുതരം പ്രക്ഷോഭ രീതിയിലേക്ക് കടന്നു. അവർ കാണിക്കുന്നത് അബദ്ധമാണെന്നു ബോധ്യപ്പെടുത്തി. എല്ലാകാര്യത്തിലും ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമർശനത്തെ തുടർന്നു സ്ഥാനമൊഴിയാൻ തയാറെടുത്ത ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെ സഹപ്രവർത്തകർ പിന്തിരിപ്പിച്ചിരുന്നു. വിജിലൻസ് ഡയറക്ടർക്കെതിരെ പരാതിയുമായി കൂട്ട അവധിയെടുക്കാൻ തീരുമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടക്കുകയാണ്. ഇതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. മുഖ്യമന്ത്രിയെ പരാതി അറിയിച്ചശേഷം ഉദ്യോഗസ്ഥർ അവധിയിൽ നിന്നു പിൻവാങ്ങിയെങ്കിലും പ്രശ്നങ്ങൾ ബാക്കിയാണ്.

വ്യവസായ വകുപ്പിലെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കേസിൽ അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ വിജിലൻസ് മൂന്നാം പ്രതിയാക്കിയതിനെത്തുടർന്നുള്ള പ്രതിഷേധത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥർ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.