Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ എസ്സാർ ഇനി റഷ്യൻ കൈകളിൽ; ലാഭം ആർക്ക്, നഷ്ടം ആർക്ക്?

Essar-Group എസ്സാർ ഓയിലിനെ റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റും പങ്കാളികളും ഏറ്റെടുക്കുന്നതു സംബന്ധിച്ച ധാരണാപത്രങ്ങൾ ഗോവയിൽ റഷ്യൻ ബാങ്കായ വിടിബിയുടെ ചീഫ് എക്സിക്യൂട്ടീവ് ആന്ദ്രേ കോസ്റ്റിൻ, റോസ്നെഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഇഗോർ സേച്ചിൻ എന്നിവർ എസ്സാർ ഗ്രൂപ് വൈസ് ചെയർമാൻ രവി റൂയയ്ക്കു കൈമാറുന്നു.

ഇന്ത്യ കണ്ട ഏറ്റവും വലിയ വിദേശ നിക്ഷേപം, റഷ്യ മറ്റൊരു രാജ്യത്തു നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം. എസ്സാർ ഓയിൽ എന്ന ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയെ റഷ്യയിലെ റോസ്നെഫ്റ്റ് ഉൾപ്പെട്ട കൺസോർഷ്യം ഏറ്റെടുക്കുമ്പോൾ രാജ്യാന്തരശ്രദ്ധ ആകർഷിക്കാനുള്ള കാരണങ്ങളേറെയാണ്. ഏറ്റെടുക്കൽ ഇന്ത്യയ്ക്കു ഗുണം ചെയ്യുമോ, എസ്സാർ കമ്പനിയെ ഏറ്റെടുക്കൽ എങ്ങനെ ബാധിക്കും? ഇന്ത്യ കണ്ട ഏറ്റവും വലിയ വിദേശ നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ എന്തു മാറ്റമുണ്ടാക്കും? ഐസിഐസിഐ ബാങ്കിന് ഈ കരാറുകൾ എന്തു നേട്ടമുണ്ടാക്കും? റോസ്നെഫ്റ്റിനുണ്ടാകുന്ന നേട്ടം എന്ത്? ഇന്ത്യൻ കമ്പനികൾ സുവർണാവസരം നഷ്ടപ്പെടുത്തിയോ? ഇങ്ങനെ കുറേ അധികം ചോദ്യങ്ങൾ ഉയരുന്നുണ്ട് ഈ വലിയ നിക്ഷേപവുമായി ബന്ധപ്പെട്ട്. ഈ ചോദ്യങ്ങൾക്ക് എല്ലാമുള്ള ഉത്തരങ്ങൾ കണ്ടെത്താം.

∙ഏറ്റവും വലിയ എഫ്ഡിഐ

ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ഓയിൽ കമ്പനിയായ എസ്സാറിനെ റഷ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ റോസ്നെഫ്റ്റും പങ്കാളികളും ചേർന്ന കൺസോർഷ്യം ഏറ്റെടുത്തു. 1300 കോടി ഡോളറിന്റെ (86,000 കോടി രൂപ) ഇടപാടാണിത്. ഇന്ത്യയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ വിദേശ നിക്ഷേപവും (എഫ്ഡിഐ). ഇതു സംബന്ധിച്ച രണ്ടു ധാരണാ പത്രങ്ങളും ഒപ്പുവച്ചു.

98 ശതമാനം ഓഹരികളാണു വിൽക്കുന്നത്. നെതർലൻഡ്സിലെ ട്രാഫിഗുറ ഗ്രൂപ്പും റഷ്യൻ ഇൻവസ്റ്റ്മെന്റ് ഫണ്ട് ആയ യുണൈറ്റൈഡ് ക്യാപിറ്റൽ പാർട്നേഴ്സും (യുസിപി) ചേർന്ന് 98ശതമാനം ഓഹരികളും സ്വന്തമാക്കി. ബാക്കി രണ്ടു ശതമാനം ഓഹരികൾ എസ്സാർ ഗ്രൂപ്പിന്റേതായി തുടരും. ട്രാഫിഗുറ വാങ്ങിയ ഓഹരികൾ പിന്നീട് റോസ്നെഫ്റ്റിനു തന്നെ കൈമാറും. എസ്സാറിന്റെ ഉടമസ്ഥതയിൽ ഗുജറാത്തിലുള്ള റിഫൈനറി, രാജ്യമെമ്പാടുമുള്ള 2700 പെട്രോൾ പമ്പുകൾ, ഗുജറാത്തിലെ വാദിനഗർ തുറമുഖം എന്നിവയാണു കൈമാറുന്നത്. എസ്സാർ ഓയിലിന്റെയും തുറമുഖ കമ്പനിയുടെയും ബാധ്യതകൾ 650 കോടി ഡോളർ വരുമെന്നാണു കണക്കാക്കുന്നത്. മുൻപ് എണ്ണ വാങ്ങിയ വകയിൽ ഇറാനു നൽകാനുള്ള 300 കോടി ഡോളർ എസ്സാർ ഓയിൽ തന്നെ വീട്ടണം.

Essar-Group1

∙റോസ്നെഫ്റ്റിന് എന്തു കിട്ടും?

കഴുത്തൊപ്പം കടത്തിൽ മുങ്ങി നിൽക്കുന്ന എസ്സാർ ഗ്രൂപ്പിനെ ഏറ്റെടുക്കുമ്പോൾ റോസ്നെഫ്റ്റിനു മുൻപിൽ തുറക്കുന്നത്, ലോകം ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന വിപണിയാണ്. അതായത് ബ്രൈറ്റ് സ്പോട്ട് എന്നു സാമ്പത്തിക വിദഗ്ധർ വിശേഷിപ്പിക്കുന്ന നമ്മുടെ ഇന്ത്യ. റോസ്നെഫ്റ്റും യുസിപിയും ട്രാഫിഗുറയും ചേർന്ന് 10.9 ബില്യൻ ഡോളർ( ഏറ്റെടുക്കൽ 12.9 ബില്യൻ ഡോളറിന്റേത്) നൽകി എസ്സാറിന്റെ റിഫൈനറികളും മറ്റു ചില്ലറ ആസ്തികളും സ്വന്തമാക്കും. 2 ബില്യൻ ഡോളർ നൽകി വാദിനഗർ എന്ന ഗുജറാത്തിലെ തുറമുഖം സ്വന്തമാക്കും. കയറ്റിറക്കു സൗകര്യങ്ങളേറെയുള്ള ഈ പടിഞ്ഞാറൻ തുറമുഖം റോസ്നെഫ്റ്റിനു മുന്നിൽ തുറന്നുകടുക്കുന്നതു വലിയ പ്രതീക്ഷയുടെ വാതിലുകളാണ്. അഞ്ചു മുതൽ ഏഴു ശതമാനം വരെ വളർച്ചയാണ് കമ്പനികൾ ഈ മേഖലയിൽ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത്. എണ്ണ ഉൽപാദനം കൂടി, എണ്ണവില ഇടിഞ്ഞു പ്രതിസന്ധിയിൽ നിന്നിരുന്ന റഷ്യയ്ക്കു ഇന്ത്യ പോലെ എണ്ണയ്ക്കായി വിദേശ രാജ്യങ്ങളെ ഇത്രയധികം ആശ്രയിക്കുന്ന ഒരു വലിയ മാർക്കറ്റ് യഥാർഥത്തിൽ ലോട്ടറി തന്നെയാണ്. ഇറാനിൽ നിന്നും ഏറ്റവും അധികം എണ്ണ വാങ്ങിയുന്ന റിഫൈനറികളിൽ ഇനി വെനസ്വേലിയൻ ക്രൂഡ് വരെ സുഗമമായെത്തും. ഏറ്റവും മോശം ക്രൂഡിനെയും ഉയർന്ന നിലവാരമുള്ള യൂറോ 4,5 ഗ്രേഡിലേക്കു മാറ്റാൻ ശേഷിയുള്ള വാദിനർ റിഫൈനറി എങ്ങനെ ഉപയോഗിക്കണമെന്ന് റഷ്യ നന്നായി പഠിച്ചിട്ടുണ്ടാകും. ഇതിനോടകം തന്നെ.

∙കരാറിലെ പ്രധാന കാര്യങ്ങൾ

മൂന്നു ഗ്രൂപ്പുകൾക്കും തുല്യമായാണ് ഇപ്പോൾ ഓഹരി ലഭിക്കുന്നത്. യുക്രെയിൻ വിഷയങ്ങളുമായി ബന്ധപ്പെട്ട് റഷ്യയുടെ മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ കുരുക്കുകളഴിക്കാനാണ് ഇത്തരമൊരു ഏറ്റെടുക്കൽ. ഗുജറാത്തിലെ 20 ദശലക്ഷം ടൺ റിഫൈനറിയുടെ പൂർണ നിയന്ത്രണവും ഇനി ഈ കമ്പനികൾക്കാകും. 2700ഓളം വരുന്ന എസ്സാറിന്റെ റീട്ടെയിൽ ഓട്ട്‌ലെറ്റുകളും ഇവരുടേതാകും.

∙എസ്സാറിനു നേട്ടം?

ഓയിലിൽ മാത്രമല്ല, സ്റ്റീൽ, തുറമുഖം, ഗ്യാസ്, മറ്റ് ഊർജമേഖലകൾ തുടങ്ങി നിരവധി മേഖലകളിൽ സ്വാധീനമുള്ള ഗ്രൂപ്പാണ് റൂയിയ സഹോദർമാരുടെ എസ്സാർ ഗ്രൂപ്പ്. 1.2 ലക്ഷം കോടിയാണ് ഗ്രൂപ്പിന്റെ നിലവിലെ കടം. ഏറ്റെടുക്കലോടെ കടം 75,000 കോടിയായി കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്റ്റീൽ വ്യവസായത്തിലേക്കു കൂടുതൽ ശ്രദ്ധയൂന്നിയാകും എസ്സാർ ഗ്രൂപ്പ് ഇനി കളം പിടിക്കുക. സ്റ്റീലിന്റെ നല്ലസമയത്തെ എസ്സാറിന് ഉപയോഗപ്പെടുത്താനാകണം. ബാങ്ക് ലോണുകൾ സൃഷ്ടിച്ച സമ്മർദ്ദത്തിനും അയവു വരും.

ESSAR-ROSNEFT/OIL

∙ഐസിഐസിഐക്ക് എന്തുകാര്യം

എസ്സാർ ഗ്രൂപ്പിനെ റഷ്യൻ കമ്പനി സ്വന്തമാക്കിയിൽ ഏറ്റവും സന്തോഷിക്കുന്നത് ചന്ദാ കൊച്ചാറിന്റെ ഐസിഐസിഐ ബാങ്കാണ്. 2017 ഓടെ പൂർത്തിയാകുമെന്നു കരുതപ്പെടുന്ന ഏറ്റെടുക്കലിൽ കൊച്ചാർ സ്വപ്നം കാണുന്നത് 2017 മാർച്ചിലെ ബാങ്കിന്റെ വെട്ടിത്തിളങ്ങുന്ന ബാലൻസ് ഷീറ്റാണ് എസ്സാർ ഗ്രൂപ്പ് ഏറ്റവും കൂടുതൽ വായ്പകൾ അടച്ചു തീർക്കാനുള്ളത് ഐസിഐസിഐ ബാങ്കിലാണ്. പണത്തിൽ പകുതി കടം വീട്ടാനെന്ന് പ്രകാശ് റൂയിയ പറഞ്ഞപ്പോൾ ഒരായിരം ലഡു ഒന്നിച്ചു പൊട്ടിയിരുന്നു കൊച്ചാറിന്റെ മനസിൽ. ഐസിഐസിഐ ബാങ്കിനൊപ്പം മറ്റു ബാങ്കുകളിലെ കടവും എസാർ ഗ്രൂപ്പ് അടയ്ക്കും. അടച്ചുതീർക്കുമെന്നു പറയാനാകില്ലെങ്കിലും.

∙ഇന്ത്യക്കാർക്ക് എന്തു പ്രയോജനം?

എസാർ ഗ്രൂപ്പ് ബാങ്കിൽ അടയ്ക്കുന്ന പണം ഇനി മറ്റുള്ളവർക്കു വായ്പയായി നൽകാനുള്ളതാണ്. ബാങ്കിന്റെ കൈയിൽ കൂടുതൽ പണമെത്തുന്നൂ എന്നതിന്റെ അർഥം തന്നെ മറ്റ് കമ്പനികൾക്കോ, ആളുകൾക്കോ പണം ലഭിക്കുന്നൂ എന്നതാണ്.

∙നഷ്ടപ്പെടുത്തിയോ സുവർണാവസരം?

രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയെ ഇന്ത്യ കൈവിട്ടു കളഞ്ഞു എന്ന് ഏറ്റെടുക്കലിനെ വിമർശിക്കുന്നവരുമുണ്ട്. ഏറ്റവും ആകർഷകമായ എനർജി സെക്ടറിലുള്ള ഒരു കമ്പനി ഇന്ത്യയുടെ കൈയിൽ നിന്നു പോകുന്നതു വലിയ നഷ്ടമായി കാണുന്നവരുമുണ്ട്. റിലയൻസ് എസ്സാറിനെ ഏറ്റെടുക്കുമെന്നു പറഞ്ഞ നടന്നവരും കുറവല്ല. എന്തായാലും റഷ്യൻ പ്രധാനമന്ത്രി വ്ലാദമിർ പുടിൻ ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിൽ ഉണ്ടായിരുന്ന സമയത്തു തന്നെയാണ് റോസ്നെഫ്റ്റിന്റെ ഏറ്റെടുക്കൽ പ്രഖ്യാപനമെന്നും ഓർക്കണം. റൂയിയയ്ക്കും വാങ്ങിയവർക്കും നല്ലതാണെങ്കിലും, ഇന്ത്യൻ കമ്പനികൾക്കു നഷ്ടമായ വലിയൊരവസരം എന്നും ആ ഏറ്റെടുക്കലിനെ പറയാതെ വയ്യ. എങ്കിലും പണ്ട് രഘുരാം രാജൻ പറഞ്ഞ വാക്കുകൾ ഓർത്ത് ആശ്വസിക്കാം. നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തിനു നല്ലതാണ്. വിപണികളിലെ നിക്ഷേപം പോലെ ഒറ്റടയിക്കു പിൻവലിച്ചുകൊണ്ടുപോകാവുന്നതല്ല അവ. രാജ്യത്ത് സ്വത്തും തൊഴിലവവസരങ്ങളും സൃഷ്ടിക്കാൻ ഈ നിക്ഷേപം കാരണമാകും. എന്തായാലും കാത്തിരുന്നു കാണാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.