Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവ് കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലല്ല; അത് ആസൂത്രിത കൊലപാതകം

Thomas കൊല്ലപ്പെട്ട തോമസ്

മാനന്തവാടി ∙ വന്യമൃഗശല്യം രൂക്ഷമായ തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതായി കരുതിയ സംഭവം സംഘം ചേർന്ന കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിലുണ്ട്. പ്രതികൾ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം വനത്തോട് ചേർന്ന് റോഡരികിൽ ഉപേക്ഷിച്ചതാണെന്നു കരുതുന്നു.

പതിനഞ്ചിന് രാവിലെയാണ് അരണപ്പാറ റോഡരികിൽ വനത്തോട് ചേർന്ന് വാകേരി കോട്ടക്കൽ തോമസ് (ഷിമി 28) നെ മരിച്ച നിലയിൽ കണ്ടത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന ധാരണയിൽ നാട്ടുകാർ പ്രതിഷേധം ഉയർത്തുകയും മാനന്തവാടി–കുട്ട റോഡ് മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിനെടുത്ത കേസിൽ പൊലീസ് ഗൗരവമായി തുടരന്വേഷണം നടത്തുകയായിരുന്നു. മാനന്തവാടി സിഐ ടി.എൻ. സജീവിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന സ്ഥിരീകരണമുണ്ടായത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.

മൃതദേഹത്തിൽ കണ്ട മുറിവുകളും സമീപത്തുനിന്നും കണ്ടെത്തിയ ഇരുമ്പുവടിയുമാണ് അന്വേഷണത്തിന് കരുത്തു പടർന്നത്. അതിനിടയിൽ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനുളള ശ്രമവും ഉണ്ടായി. കഴിഞ്ഞ ദിവസം ഫൊറൻസിക് വിഭാഗം വീണ്ടും സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കാട്ടാനയുടെ ആക്രമണത്തിലാണോ തോമസ് മരിച്ചത് എന്ന കാര്യത്തിൽ ശനിയാഴ്ച തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരുന്നു. നാട്ടുകാരിൽ ചിലരും ഇൗ സംശയം പങ്കുവച്ചിരുന്നു. എന്നാൽ കൊലപാതകം നടത്തിയവർ തന്നെ കാട്ടാനയുടെ അക്രമണത്തിലാണ് തോമസ് കൊല്ലപ്പെട്ടതെന്ന രീതിയിൽ പ്രചാരണം നൽകിയതായി പൊലീസ് തിരിച്ചറിഞ്ഞു.

പ്രത്യേക അന്വേഷണ സംഘം നാട്ടുകാരായ ആറു പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധമില്ലെന്നുകണ്ട് മൂന്നു പേരെ വിട്ടയച്ചു. പ്രദേശവാസിയും മരിച്ച ഷിബുവിന്റെ ബന്ധുവുമായ ഒരു ടാക്ലി ഡ്രൈവർ, മുൻപ് ടാക്സി ഡ്രൈവറായിരുന്ന കൊച്ചിയിൽ ജോലി ചെയ്യുന്ന വ്യക്തി, അയൽക്കാരനായ മറ്റൊരാൾ എന്നിങ്ങനെ മൂന്നു പേരാണ് കസ്റ്റഡിയിലുള്ളതെന്ന് അറിയുന്നു.

മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കൊലപാതകത്തിനു പുറമേനിന്നുളളവരുടെ പ്രേരണ ലഭിച്ചോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. കസ്റ്റഡിയിലുളളവർ നൽകിയ പരസ്പരവിരുദ്ധമായ മൊഴികളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് പൊലീസ് കൊലപാതകത്തിന്റെ വ്യക്തമായ ചിത്രം തയ്യാറാക്കി വരികയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയാലും തുടരന്വേഷണത്തിനായി കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് നടത്തേണ്ടിവരും. വന്യമൃഗത്തിന്റെ അക്രമണത്തിൽ കൊലചെയ്യപ്പെട്ടു എന്ന് കരുതുകയും സർക്കാർ ആശ്രിതനിയമനവും നഷ്ടപരിഹാരവും പ്രഖ്യാപിക്കുകയും ചെയ്ത ശേഷം മരണം ആസൂത്രിത കൊലപാതകമാണെന്ന് തെളിയുന്ന കേരളത്തിലെ ആദ്യ സംഭവമാണിത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.