Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പളനിസാമിക്കെതിരെ വോട്ടുചെയ്യുമെന്ന് മൈലാപ്പൂർ എംഎൽഎ; നാടകം തുടരുന്നു

R Nataraj

ചെന്നൈ ∙ നിയമസഭയിൽ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി പളിസാമിക്കെതിരെ വോട്ടു ചെയ്യുമെന്ന് മൈലാപ്പൂർ എംഎൽഎ ആർ. നടരാജ്. മണ്ഡലത്തിലെ ജനങ്ങളുടെ തീരുമാനമാണു തന്റെ തീരുമാനം. അവർ ഒ. പനീർസെൽവത്തെ പിന്തുണയ്ക്കുന്നു. ജനങ്ങളുടെ തീരുമാനമാണു തന്റേതും. അതുകൊണ്ടു തന്നെ നിയമസഭയിൽ വിശ്വാസ പ്രമേയത്തെ എതിർത്തു വോട്ടു ചെയ്യുമെന്നു നടരാജ് പറഞ്ഞു. ശനിയാഴ്ച 11ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് മുഖ്യമന്ത്രിയ്ക്കെതിരെ ഒരു എംഎൽഎ കൂടെ രംഗത്തെത്തിയത്. ശശികല– പനീർസെൽവം വിഭാഗങ്ങൾ തമ്മിൽ ശീതയുദ്ധം നടക്കുമ്പോൾ ഇരുപക്ഷത്തോടും അടുപ്പം കാണിക്കാതിരുന്ന നേതാവാണ് നടരാജ്. തമിഴ്നാട് മുൻ ഡിജിപി കൂടിയാണ് ഇദ്ദേഹം.

എംഎൽഎമാർ തടവിലാണെന്ന പരാതി വ്യാപകമായ സമയത്ത് താൻ മണ്ഡലമായ മൈലാപ്പൂരിൽ തന്നെയുണ്ടെന്നു കാട്ടി ഫെയ്സ്ബുക്കിൽ അദ്ദേഹം പോസ്റ്റിട്ടിരുന്നു. തന്നെ തിരഞ്ഞെടുത്ത ജനത്തോടുള്ള കടമ മറക്കില്ലെന്നും അവർക്കായി പ്രവർത്തിക്കുമെന്നും അതിൽ വ്യക്തമാക്കിയിരുന്നു. തരംതാണ രാഷ്ട്രീയത്തിനുവേണ്ടി സമയം ചിലവഴിക്കാനില്ലെന്നും നടരാജ് വ്യക്തമാക്കിയിരുന്നു. പനീർസെൽവത്തിന് പിന്തുണ തേടി കഴിഞ്ഞ ദിവസം പാണ്ഡ്യരാജൻ ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

പളനിസാമിയുടെ നേതൃത്വത്തിൽ 31 അംഗ അണ്ണാ ഡിഎംകെ സർക്കാരാണ് അധികാരമേറ്റത്. വിമതനീക്കം നടത്തിയ മുൻമുഖ്യമന്ത്രി പനീർസെൽവവും അദ്ദേഹത്തിന്റെ പക്ഷത്തുള്ള പാണ്ഡ്യരാജനുമൊഴികെ പഴയ മന്ത്രിസഭയിലെ എല്ലാവരെയും നിലനിർത്തിയിരുന്നു. പളനിസാമിക്കുള്ളതു 123 എംഎൽഎമാരുടെ പിന്തുണയാണ്. പനീർസെൽവം പക്ഷത്ത് പത്തുപേർ. ഇപ്പോൾ നടരാജ് മുഖ്യമന്ത്രിക്കെതിരെ വോട്ട് ചെയ്യുമെന്ന് അറിയിച്ചതോടെ ഇത് പതിനൊന്നായി. സ്പീക്കർ പി.ധനപാൽ നിഷ്പക്ഷത പാലിക്കുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ 234 അംഗ സഭയിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.

കേവലഭൂരിപക്ഷത്തിനു വേണ്ടതു 117 പേരുടെ പിന്തുണ. അതായതു ശശികല പക്ഷത്തുനിന്ന് എട്ടുപേർ മറുപക്ഷത്തേക്കു മാറിയാൽ പളനിസാമിക്കു ഭൂരിപക്ഷം നഷ്ടപ്പെടും. ഗവർണർ 15 ദിവസത്തെ സമയം അനുവദിച്ചിട്ടും നാളെത്തന്നെ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസവോട്ടു നേടാൻ പളനിസാമി തീരുമാനിച്ചത് അതുകൊണ്ടാണ്. എംഎൽഎമാരെ ഇന്ന് ഒറ്റദിവസംകൊണ്ടു ചോർത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ പനീർസെൽവം പക്ഷത്തിനു രക്ഷയുള്ളൂ. അണ്ണാ ഡിഎംകെ എംഎൽഎമാർക്കെല്ലാം വിപ്പ് നൽകുമെന്നതിനാൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്. വിപ്പ് ലംഘിക്കുന്ന എംഎൽഎമാർ അയോഗ്യരാക്കപ്പെടും. വിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെയുടെ എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം വന്നാൽ സ്പീക്കറുടെ നിലപാടും നിർണായകമാകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.