Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരങ്ങത്ത് പളനിസാമിയും ദിനകരനും; പ്രതികാര നടപടിയിൽ ആരുടെയൊക്കെ തലകൾ ഉരുളും?

Edappadi Palanisamy, TTV Dinakaran, others pays respects at the memorial for former state chief minister Jayalalithaa മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരനും ഉൾപ്പെടെയുള്ള നേതാക്കൾ ജയസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ.

ചെന്നൈ∙ തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കു താൽക്കാലിക പരിഹാരം ആയിരിക്കെ ഇനി ഏവരും ഉറ്റുനോക്കുക മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെയും അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും. എറെനാളായി ജയലളിതയെന്ന വനിതയ്ക്കു കീഴിൽ മുന്നോട്ടുപോയ അണ്ണാ ഡിഎംകെയ്ക്കും തമിഴ്നാടിനും ഇതു പുതിയ അനുഭവമാണ്. സംസ്ഥാന ഭരണത്തെ നയിച്ചുകൊണ്ടുപോവുക പളനിസാമിയാണെങ്കിലും ജയിലിലായ വി.കെ. ശശികലയുടെയും മന്നാർഗുഡി മാഫിയയുടെയും നിയന്ത്രണങ്ങൾ ദിനകരൻ വഴി സർക്കാരിലുണ്ടാകും.

ശശികലയോടുള്ള വിധേയത്വമാണ് പളനിസാമിക്ക് മുഖ്യമന്ത്രിപദത്തിലേക്കു വഴിതുറന്നത്. മാത്രമല്ല, മന്നാർഗുഡി മാഫിയയിൽപ്പെട്ട ആർ.പി. പവനനോടും പളനിസാമി കാര്യങ്ങൾ അറിയിച്ചുകൊണ്ടിരിക്കണമെന്നാണു നിർദേശം. മന്നാർഗുഡി മാഫിയ വലിയതോതിൽത്തന്നെ ഭരണത്തിൽ ഇടപെടുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ജയലളിത പുറത്താക്കിയ ദിനകരനെയും ബന്ധു എസ്. വെങ്കടേഷിനെയും ശശികല ജയിൽപോകുന്നതിനു മുൻപേ പാർട്ടിയിലേക്കു തിരിച്ചെടുത്തിരുന്നു.

ജയലളിതയുടെ ഉപദേഷ്ടാവായ ഷീല ബാകൃഷ്ണനെയും സെക്രട്ടറിമാരായ കെ.എൻ. വെങ്കട്ടരമണൻ, എ. രാമലിംഗം എന്നിവരെയും നീക്കുന്നതിൽ ദിനകരനും വെങ്കടേഷുമാണ് നിർണായക പങ്കുവഹിച്ചത്. മാത്രമല്ല, മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തോട് അടുപ്പമുള്ളവരാണു സംസ്ഥാന ഭരണചക്രം തിരിക്കുന്നതെന്ന അഭിപ്രായമുള്ളവരാണു പളനിസാമിയും ദിനകരനും. പ്രധാനപ്പെട്ട തസ്തികകളിലേക്കു നിയമിക്കേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ദിനകരൻ തയാറാക്കിയിട്ടുണ്ട്. പാർട്ടിയിലും സർക്കാരിലും തനിക്കുള്ള പ്രാധാന്യം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നീക്കങ്ങളാണു ദിനകരൻ നടത്തുന്നത്.

തമിഴ്നാട് രഹസ്വാന്വേഷണ മേധാവിയായി പനീർസെൽവം ഈ തിങ്കളാഴ്ച നിയമിച്ച എസ്. ഡേവിഡ്സൺ ദേവാശീർവാദത്തെ ആദ്യം തന്നെ നീക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. അണ്ണാ ഡിഎംകെ മധുര സൗത്ത് എംഎൽഎ എസ്.എസ്. ശരവണന്റെ പരാതിയിൽ തട്ടിക്കൊണ്ടുപോകലിനും അനധികൃത തടങ്കലിനും കേസുകൾ റജിസ്റ്റർ ചെയ്തവർക്കും സ്ഥാനചലനം ഉണ്ടാകും. എംഎൽഎമാരെ പാർപ്പിച്ച കൂവത്തൂരിലെ റിസോർട്ടിൽ പൊലീസ് നടത്തിയ തിരച്ചിലും മറ്റു നടപടിക്രമങ്ങളും ചോദ്യം ചെയ്യപ്പെട്ടേക്കാം. തമിഴ്നാട് കമാൻഡോ ഫോഴ്സിനെ റിസോർട്ടിനുമുന്നിൽ വിന്യസിച്ചിരുന്നു. തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഇവരെ രംഗത്തിറക്കുക. എന്നാൽ വലിയ പ്രതിഷേധമായി മാറിയ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിൽപ്പോലും ഇവരെ ഇറക്കിയിരുന്നില്ല. ഇക്കാര്യങ്ങളിൽ തീരുമാനമെടുത്തവർക്കുനേരെ പ്രതികാരനടപടികൾ ഉണ്ടായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.