Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിന്റെ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണം: വി.എസ്

jishnu-mom-vs കേൾക്കണം വിഎസ്സേ.. പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടിലെത്തിയ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു മുന്നിൽ ജിഷ്ണുവിന്റെ അമ്മ മഹിജ പൊട്ടിക്കരയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നതിനെക്കുറിച്ച് മഹിജ നേരത്തെ തുറന്ന കത്തെഴുതിയിരുന്നു. ചിത്രം : അബു ഹാഷിം.

വളയം∙ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. പൂവംവയലിൽ ജിഷ്ണുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ജിഷ്ണുവിന്റേതു കൊലപാതകമെന്നാണ് മാതാപിതാക്കൾ തന്നോടു പറഞ്ഞത്.

ഇതിന് തെളിവുകളുണ്ട്. മാനേജ്മെന്റിനെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻ പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ കുറ്റക്കാരെ ഒന്നൊഴിയാതെ കണ്ടെത്താം. അറസ്റ്റും തുടർ നടപടികളും ഉടൻ തന്നെ ആരംഭിക്കണമെന്നാണ് അഭിപ്രായം’’ – വിഎസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധം വിഎസിന്റെ വാക്കുകളിലുണ്ടായിരുന്നു. മകനെ കൊന്നതാണെന്നും മകൻ പരീക്ഷയിൽ കോപ്പിയടിച്ചില്ലെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ വിഎസിനോടു പറഞ്ഞു.

കോളജ് ഉടമ കൃഷ്ണദാസും, പിആർഒ സഞ്ജിത്ത് വിശ്വനാഥും വൈസ് പ്രി‍ൻസിപ്പൽ ശക്തിവേലും ഗൂഢാലോചന നടത്തി കോപ്പിയടി കള്ളക്കഥയുണ്ടാക്കി ജിഷ്ണുവിനെ കുടുക്കുകയായിരുന്നു. മകന്റെ കുറ്റസമ്മത മൊഴി വ്യാജമാണെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമാണ്. പൊലീസ് പുറത്തുവിട്ട വിവരങ്ങൾ ആത്മഹത്യയുടെ സൂചന നൽകുന്നില്ല. കേസിലെ പ്രതിയും അധ്യാപകനുമായ സി.പി. പ്രവീൺ ജിഷ്ണു മരിക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്നു.

കോളജിൽ നിന്ന് ഒരു മണിക്കൂർ ദൂരത്തു വീടുള്ള ഈ അധ്യാപകൻ ഹോസ്റ്റലിൽ തങ്ങുന്നത് ദുരൂഹമാണ്. പോസ്റ്റ്മോർട്ടം സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ബന്ധുക്കളുടെ ഭാഗം കേൾക്കാൻ തയാറായില്ലെന്നും അനുകൂല റിപ്പോർട്ടാണ് തയാറാക്കിയതെന്നും മഹിജ പറഞ്ഞു. പരാതിക്കു പരിഹാരമുണ്ടാകുമെന്നും പ്രതികളെ എത്രയും വേഗം പിടികൂടാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും വിഎസ് ജിഷ്ണുവിന്റെ മാതാപിതാക്കൾക്ക് ഉറപ്പു നൽകി.

പ്രായാധിക്യവും ശാരീരിക അവശതകളും മറന്ന് വിഎസ് വളയത്ത് എത്തിയപ്പോൾ നൂറു കണക്കിനാളുകൾ സ്വീകരിക്കാൻ കാത്തു നിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ വീടു സന്ദർശിക്കാതിരുന്നതിനെക്കുറിച്ച് മഹിജ തുറന്ന കത്തെഴുതിയിരുന്നു. സമയക്കുറവു മൂലമാണ് എത്താതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് സമയം കണ്ടെത്തി വിഎസ് വളയത്ത് എത്തിയത്.

നെഹ്റു കോളജ്: മൂന്നിടത്തു നിന്നു രക്തക്കറ ലഭിച്ചു, ലാബ് ടെസ്റ്റിന് അയയ്ക്കും

തൃശൂർ∙ പാമ്പാടി നെഹ്റു കോളജിൽ എൻജിനിയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണ സംഘം രക്തസാംപിളുകൾ ശേഖരിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി കോളജിലെ ഓഫിസ് മുറികളിലും മറ്റും നടത്തിയ തെളിവുശേഖരണത്തിനിടെയാണ് രക്തസസാംപിളുകൾ ലഭിച്ചത്.

വൈസ് പ്രിൻസിപ്പലിന്റെ ഓഫിസ് മുറി, ഇടിമുറിയെന്നു വിശേഷിപ്പിക്കപ്പെട്ട പിആർഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറി, ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിൽ നിന്നാണ് രക്തസാംപിളുകൾ ശേഖരിച്ചത്. ഇത് തിരുവനന്തപുരത്തെ ലാബിൽ വിശദപരിശോധനയ്ക്ക് അയയ്ക്കും. വൈസ് പ്രിൻസിപ്പലിന്റെ മുറിയിലും പിആർഒയുടെ മുറിയിലും കണ്ട രക്തസാംപിൾ ജിഷ്ണുവിന്റെ രക്തവുമായി യോജിക്കുന്നതാണെങ്കിൽ മർദ്ദനവും കൊലപാതകവുമുൾപ്പെട്ട ആരോപണങ്ങളിലേക്കുള്ള ശക്തമായ തെളിവാകും.

ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ പ്രിൻസിപ്പലിൻെറ ഓഫിസിലെത്തെിച്ചെങ്കിലും പ്രിൻസിപ്പൽ നടപടിയെടുക്കുന്നത് തടഞ്ഞതോടെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ടുപോയെന്നും വൈസ് പ്രിൻസിപ്പലും ഇൻവിജിലേറ്ററും പരീക്ഷാ സെൽ അംഗവും ചേർന്നു മർദ്ദിച്ചെന്നുമാണു പരാതി ഉയർന്നത്. പിആർഒ സഞ്ജിത്തിന്റെ മുറി ഇടിമുറിയാണെന്ന ആക്ഷേപം നേരത്തെ തന്നെ വിദ്യാർഥികൾ ഉയർത്തിയിരുന്നു. അതിനാൽ ഇവിടെ നിന്നു ലഭിച്ച രക്തക്കറ ജിഷ്ണുവിന്റേതാണെങ്കിൽ കേസിൽ നിർണായകമാകും.

ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചു തിരിച്ചെത്തുമ്പോഴേക്കും ശുചിമുറി കഴുകി വൃത്തിയാക്കിയിരുന്നെന്നും ആരോപണുണ്ടായിരുന്നു. ശുചിമുറിയിൽ നിന്നു ലഭിച്ച രക്തസാംപിൾ മറ്റാരുടേതെങ്കിലുമാണെങ്കിലും കേസിനു ബലമേറും. വെള്ളിയാഴ്ച കോളജ് തുറന്ന് പ്രവർത്തിക്കാനിരിക്കെയാണു പുതിയ കണ്ടെത്തൽ.  

related stories
Your Rating: