Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫ് വിമാനക്കൂലി നിയന്ത്രിക്കണമെന്നു പാർലമെന്റ് സമിതി ശുപാർശ

ന്യൂഡൽഹി ∙ കേരളത്തിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഊതിപ്പെരുപ്പിച്ച വിമാനക്കൂലി നിയന്ത്രിക്കണമെന്നു വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതി സർക്കാരിനോടാവശ്യപ്പെട്ടു. ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന സാധാരണ തൊഴിലാളികളെയാണു വിമാനക്കമ്പനികൾ ചൂഷണം ചെയ്യുന്നതെന്നു പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ സമിതി പറഞ്ഞു.

കോഴിക്കോടു വിമാനത്താവളത്തിൽ നിന്നു ഹജ് സർവീസ് പുനരാരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. രണ്ടു പ്ര‌ശ്നങ്ങളും കെ.സി.വേണുഗോപാൽ എംപിയാണു സമിതിയുടെ ശ്രദ്ധയിലെത്തിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് ഉൾപ്പെടെ വിവിധ മേഖലകളിൽ ന്യായീകരണമില്ലാത്ത യാത്രക്കൂലി ഈടാക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചു വിശദ റിപ്പോർട്ട് നൽകാൻ നേരത്തേ ‌സമിതി, ‌വ്യോമയാന മന്ത്രാലയത്തിനു നിർദേശം നൽകിയിരുന്നു.

∙ ഇന്ധനവില 50% കുറഞ്ഞെങ്കിലും യാത്രക്കാർക്കു പ്രയോജനമുണ്ടായിട്ടില്ല. ചെലവു കുറയുന്നതനുസരിച്ചു യാത്രക്കൂലി കുറയുന്നുവെന്നുറപ്പാ‌ക്കണം.

∙ വിപണി മത്സരത്തിന്റെ അടിസ്ഥാനത്തിലുള്ള യാത്രക്കൂലി നിർണയത്തിൽ കാര്യമായ പങ്കില്ലെന്നാണു സർക്കാരിന്റെ വാദം. എന്നാൽ, ആകെ ടിക്കറ്റ് നിരക്കിൽ നികുതി, എയർപോർട്ട് ഫീസ്, യാത്രയ്ക്ക് ഈടാക്കുന്ന തുക എന്നിവ പ്ര‌ത്യേകം രേഖപ്പെടുത്തണം. ഇക്കാര്യം കമ്പനികളുടെ പരസ്യങ്ങളിലും വെബ്സൈറ്റുകളിലുമുണ്ടെന്ന് ഉറപ്പാക്കണം.

∙ അറ്റകുറ്റപ്പണിക്കു ശേഷം കോഴിക്കോടു വിമാനത്താവളം പൂർണമായും പ്ര‌‌വർത്തന സജ്ജമാണ്. മുസ്‌ലിംകൾ ധാരാളമുള്ള പ്രദേശ‌മായതു കൊണ്ട് ഇവിടെ നിന്നു ഹജ് സർവീസുകൾ ആവ‌ശ്യം. ഇതുകൊണ്ടു ധാരാളം പേർക്കു സാമ്പത്തിക ലാഭവുമുണ്ടാകും. കൊച്ചിയിലെ ഹജ് കേന്ദ്രം നിലനിർത്തിക്കൊണ്ടു തന്നെ കോഴിക്കോട്ടു നിന്നു സർവീസ് പുനരാരംഭിക്കണം.

Your Rating: