Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് തലപ്പത്ത് പൊട്ടിത്തെറി; വിജിലൻ‌സ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റണമെന്ന് ജേക്കബ് തോമസ്

jacob-thomas

തിരുവനന്തപുരം ∙ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു തന്നെ മാറ്റണമെന്നു ഡോ.ജേക്കബ് തോമസ് സർക്കാരിനോടു രേഖാമൂലം ആവശ്യപ്പെട്ടു. അതിനൊപ്പം വിജിലൻസ് ആസ്ഥാനത്തു തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായ ആരോപണവുമായി മുൻ ഡയറക്ടർ ഡിജിപി എൻ.ശങ്കർ റെഡ്ഡിയും രംഗത്തുവന്നതോടെ പൊലീസ് തലപ്പത്തു പൊട്ടിത്തെറിയായി.

മനഃപൂർവം പീഡിപ്പിക്കുന്നതായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഒരുവിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടതും പിന്നാലെ തനിക്കെതിരായ ധനകാര്യ റിപ്പോർട്ട് പുറത്തുവന്നതുമാണു സ്ഥാനമൊഴിയാൻ തീരുമാനിക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. മന്ത്രിപദം രാജിവച്ച ഇ.പി.ജയരാജനെതിരെ നടക്കുന്ന പ്രാഥമിക അന്വേഷണവും പദവിവിടാൻ പ്രേരണയായിട്ടുണ്ടെന്നു കരുതുന്നവരുണ്ട്. വ്യക്തിപരമായ കാരണത്താൽ ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാണു മുഖ്യമന്ത്രിക്കും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും നൽകിയ കത്തിൽ ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാർ എന്തു നിലപാട് എടുക്കുമെന്നു വ്യക്തമായിട്ടില്ല.

ഈ സർക്കാർ അധികാരമേറ്റയുടൻ നടത്തിയ ആദ്യ ഉന്നത നിയമനങ്ങളിൽ ഒന്നാണു ജേക്കബ് തോമസിന്റേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു കെ.എം.മാണിക്കെതിരായ ബാർ കേസ് പുരോഗമിക്കവേ എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസിൽ നിന്നു മാറ്റിയിരുന്നു. പകരം ശങ്കർ റെഡ്ഡിയെയാണു ഡയറക്ടറാക്കിയത്. ഈ സർക്കാർ ശങ്കർ റെഡ്ഡിക്കു രണ്ടു മാസത്തോളം പകരം നിയമനം നൽകാതെ പുറത്തുനിർത്തിയ ശേഷമാണു സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡയറക്ടറായി നിയമിച്ചത്.

തുറമുഖ ഡയറക്ടറായിരിക്കേ ജേക്കബ് തോമസ് ക്രമക്കേടു നടത്തിയെന്നും നടപടി വേണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതു പ്രതിപക്ഷത്തിനു കിട്ടിയ വടിയായിരുന്നു. നിയമസഭയ്ക്കുള്ളിൽ ഈ റിപ്പോർട്ട് മുൻനിർത്തി പ്രതിപക്ഷം ജേക്കബ് തോമസിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. തുറമുഖ വകുപ്പിൽ സോളർ പാനൽ സ്ഥാപിച്ചതിലും കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങിയതിലും സർക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നും അതിനാൽ വകുപ്പുതല അച്ചടക്ക നടപടി വേണമെന്നുമാണു ധനകാര്യ പരിശോധനാ വിഭാഗം കഴിഞ്ഞ മാർച്ചിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും സർക്കാർ നയങ്ങൾക്കനുസരിച്ചു മാത്രമേ താൻ പ്രവർത്തിച്ചിട്ടുള്ളൂവെന്നും ജേക്കബ് തോമസ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. മനസ്സുമടുത്ത് ഇട്ടിട്ടുപോകുമെന്നു കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടെ ശങ്കർ റെഡ്ഡിക്കെതിരെ ഇന്നലെ ഹൈക്കോടതിയിൽ വിജിലൻസ് സത്യവാങ്മൂലം നൽകിയതിനെതിരെ റെഡ്ഡി രൂക്ഷമായ ഭാഷയിലാണു പ്രതികരിച്ചത്. മുൻ വിജിലൻസ് ഡയറക്ടറും മുഖ്യ വിവരാവകാശ കമ്മിഷണറുമായ വിൻസൺ എം.പോളും വിജിലൻസിനെതിരെ മുഖ്യമന്ത്രിക്കു നേരത്തേ കത്തു നൽകിയിരുന്നു. അതിനു പുറമേയായിരുന്നു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ നീക്കം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.