Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനോട് വിജിലൻസ് ഡയറക്ടർ: ഐഎഎസ് പറഞ്ഞാലേ കേസെടുക്കൂ

vigi-thattha-copy

തിരുവനന്തപുരം∙ വിജിലൻസിനു മൂക്കുകയറിട്ട മുഖ്യമന്ത്രിയുടെ നടപടിയിലുള്ള പ്രതിഷേധം പരസ്യമാക്കി ഡയറക്ടർ ജേക്കബ് തോമസ് ഡയറക്ടറേറ്റിൽ ലഭിച്ച പരാതികൾ കൂട്ടത്തോടെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് അയച്ചു. ഏതെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥനെക്കൊണ്ടു പരിശോധിപ്പിച്ചശേഷം എടുക്കേണ്ട നടപടികൾ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണു പരാതികൾ അയച്ചത്.

അഴിമതി സംബന്ധിച്ച പരാതികൾ വകുപ്പുതലത്തിൽ പരിശോധിച്ചശേഷം മാത്രം വിജിലൻസിനു നൽകിയാൽ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ വിജിലൻസ് ഡയറക്ടറേറ്റിൽ തപാലിലും ഇ–മെയിലിലും ലഭിച്ച 62 പരാതികളാണു ജേക്കബ് തോമസ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് അയച്ചത്.

ഇതെല്ലാം വിശദമായി പരിശോധിക്കാൻ ഐഎഎസ് തലത്തിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന കത്തും ഒപ്പം വച്ചിട്ടുണ്ട്. പരിശോധനയ്ക്കു ശേഷം അവിടെ നിന്നു നിർദേശിക്കുന്ന പരാതികളിൽ മാത്രം തുടർനടപടി എന്ന നിലപാടിലാണു ഡയറക്ടർ. ഹൈക്കോടതി വിജിലൻസിന്റെ അതിരുവിട്ട നടപടികളെ രൂക്ഷമായി വിമർശിക്കുകയും കേരളത്തിൽ വിജിലൻസ്‌രാജ് ആണോയെന്നു ചോദിക്കുകയും ചെയ്തപ്പോഴും ഇതുപോലെ പരസ്യ പ്രതിഷേധം നടന്നിരുന്നു.

‘ഇവിടെ വലിയ അഴിമതി പരാതികൾ സ്വീകരിക്കില്ല’ എന്നു ഡയറക്ടറേറ്റിലെ ഔദ്യോഗിക ബോർഡിൽ നോട്ടിസ് പ്രത്യക്ഷപ്പെട്ടു. അതു വലിയ വിവാദമാകുകയും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും ചെയ്തതോടെ നോട്ടിസ് കീറി. നിയമസഭയിൽ ഇതു സംബന്ധിച്ചു ചോദ്യം വന്നപ്പോൾ, പരാതികളുടെ ആധിക്യം കാരണം തൽക്കാലത്തേക്ക് അറിയിപ്പു നൽകിയതാണെന്നായിരുന്നു മറുപടി.

കോടതിയുടെ കടുത്ത വിമർശനങ്ങൾക്കു പിന്നാലെ സർക്കാരും മൂക്കുകയറിട്ടതോടെ വിജിലൻസിന്റെ പ്രവർത്തനം ഏതാണ്ടു സ്തംഭിച്ചിരുന്നു. അഴിമതി കണ്ടെത്തിയാൽ നിയമപരമായി തടയാം, എന്നാൽ നിരപരാധികളെ അന്വേഷണത്തിന്റെ പേരിൽ ക്രൂശിക്കരുത് എന്നാണു മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ താക്കീതു ചെയ്തത്.

വിജിലൻ‌സ് ആസ്ഥാനത്ത് പകർപ്പെടുക്കൽ യജ്ഞം

പൊലീസ് തലപ്പത്തു വൻ അഴിച്ചുപണി ഉണ്ടാകുമെന്ന സൂചനകളെ തുടർന്നു വിജിലൻസ് ഡയറക്ടറേറ്റിൽ തിരക്കിട്ട പകർപ്പെടുക്കൽ ആരംഭിച്ചതായി വിവരമുണ്ട്. മുൻ മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു എന്നിവർ ഉൾപ്പെട്ട ബാർ കോഴക്കേസിന്റെയും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസനെതിരായുള്ള കേസിന്റെയും ഫയലുകളുടെ പകർപ്പെടുക്കാൻ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്.