Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് വധം: അന്വേഷണം ഊർജിതം; ബോംബേറും അക്രമവും ഇന്നലെയും

തലശ്ശേരി∙ അണ്ടലൂരിൽ ബിജെപി പ്രവർത്തകൻ ചോമന്റവിട വീട്ടിൽ എഴുത്തൻ സന്തോഷ്കുമാറിനെ (52) കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ്.

ഈ സംഭവത്തിനു മുൻപ് ചിറക്കുനിയിൽ ടൈൽസ് പണിക്കാരനായ രഞ്ജിത്തിനെ വെട്ടിപ്പരുക്കേൽപിച്ച സംഭവത്തോട് അനുബന്ധിച്ചു പൊലീസ് കസ്റ്റഡിയിൽ എടുത്ത ആറു പേരെ ഇന്നലെ ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ബ്രണ്ണൻ കോളജിൽ എസ്എഫ്ഐ പ്രവർത്തകർക്കും ഡിവൈഎഫ്ഐ പ്രവർത്തകനും മർദനമേറ്റതിന്റെ പ്രതികാരമെന്നോണമാണ് രഞ്ജിത്തിനു നേരെയുണ്ടായ ആക്രമണമെന്നു കസ്റ്റഡിയിലുള്ള പ്രതികൾ പൊലീസിനു മൊഴി നൽകിയതായാണ് വിവരം.

എന്നാൽ ഇവർക്കു രാത്രിയിൽ ഉണ്ടായ കൊലപാതകത്തി‍ൽ പങ്കുണ്ടോ എന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സമാധാന ചർച്ചകൾക്കു ശേഷവും ഇന്നലെ തലശ്ശേരി ഇല്ലത്തുതാഴെ ബോംബ് എറിഞ്ഞതായി പരാതി ഉയർന്നു.

ഡിവൈഎഫ്ഐ പ്രകടനത്തിനു നേരെ ബോംബ് എറിഞ്ഞതായാണ് പരാതി. സംഭവസ്ഥലത്ത് ഉണ്ടായ പൊലീസ് അക്രമികളെ കണ്ടെത്താൻ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഇന്നലെ രാത്രി ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകർ ഇല്ലത്തുതാഴെയിൽ റോഡ് ഉപരോധിച്ചു. സിപിഎം നേതാക്കൾ ഇടപെട്ടാണ് സമരം ഒഴിവാക്കിയത്.

ഇതിനിടയിൽ കഴിഞ്ഞ ദിവസം ചിറക്കുനിയിൽ ആക്രമിക്കപ്പെട്ട രഞ്ജിത്ത് ആർഎസ്എസ് പ്രവർത്തകനല്ലെന്നും കോ‍ൺഗ്രസ് അനുഭാവിയാണെന്നും അവകാശപ്പെട്ട് കോൺഗ്രസ് മണ്ഡലം നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളാണ് യുവാവിനെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിച്ചത്.

രഞ്ജിത്തിനൊപ്പം ജോലി ചെയ്തിരുന്നത് ആർഎസ്എസ് പ്രവർത്തകനായിരുന്നുവത്രെ. കഴിഞ്ഞ ദിവസം രാത്രി കിഴക്കെ പാലയാട്ട് ബിജെപി നിയന്ത്രണത്തിലുള്ള ശ്രീനിവാസൻ സേവാ കേന്ദ്രത്തിനു നേരെ ബോംബ് എറിഞ്ഞതായി പരാതി ഉയർന്നു.

ഗവ. ബ്രണ്ണൻ കോളജിനു സമീപം ഹർത്താൽ ദിവസം ബൈക്ക് കത്തിച്ചതിനെ കുറിച്ചും അംബേദ്കർ കോളനിക്കടുത്തു പുതിയ ബൈക്ക് അടിച്ചുതകർത്തതിനെ കുറിച്ചും അന്വേഷിച്ചു വരികയാണെന്നു ധർമടം പൊലീസ് അറിയിച്ചു.

ബൈക്കിൽ സഞ്ചരിച്ച മൂന്നു പേരെ മർദനമേറ്റ പരുക്കുകളോടെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഫ്സൽ(22), സുനീർ(22), ഷാനിഫ്(22) എന്നിവരാണ് ആശുപത്രിയിലുള്ളത്. ബിജെപിക്കാർ മർദിച്ചതായാണ് പരാതി.

Your Rating: