Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവജാത ശിശുവിനെ മാതാപിതാക്കൾ കൊല്ലാൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതെന്നു കോടതി

തൊടുപുഴ ∙ ജന്മനക്ഷത്രം മോശമാണെന്ന വിശ്വാസത്താൽ നവജാത ശിശുവിനെ തറയിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ 90 ദിവസം ജയിലിലടയ്ക്കപ്പെട്ട മാതാപിതാക്കളെ കോടതി വിട്ടയച്ചു.

ഇടുക്കി പൊലീസ് ഫയൽ ചെയ്ത കേസിൽ മണിയാറൻകുടി കാപ്പുകാട്ടിൽ ഷിനോജ്, ഭാര്യ ഷേർളി എന്നിവരെയാണു കുറ്റക്കാരല്ലെന്നു കണ്ടു പോസ്കോ സ്പെഷൽ കോടതി വിട്ടയച്ചത്. 2012 ഡിസംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം.

ഏഴുദിവസം പ്രായമായ കുഞ്ഞുമായി ആശുപത്രിയിൽനിന്നു വീട്ടിലെത്തിയ ഷിനോജും ഷേർളിയും കുഞ്ഞിനെ തറയിൽ അടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണു കേസ്. തുടർന്ന് ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

എന്നാൽ, പ്രതികൾ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും കേസിലെ സാക്ഷിയും ഷിനോജിന്റെ സഹോദരീ ഭർത്താവുമായ മനോജ് കെട്ടിച്ചമച്ച കേസാണിതെന്നും വിസ്താരത്തിനിടെ കോടതിക്കു ബോധ്യമായി. ഷേർളിയെ കടന്നുപിടിക്കാൻ മനോജ് ശ്രമിച്ചിരുന്നു.

ഷേർളി തനിക്കെതിരെ പരാതി നൽകുമെന്നു ഭയന്ന് ഇയാൾ ദമ്പതികൾക്കെതിരെ കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മനോജിന്റെ ഇടപെടൽ മൂലം വിഷയം വലിയ മാധ്യമശ്രദ്ധ നേടുകയും ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്തു ഷേർളിയും ഷിനോജും ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

related stories