Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഹ്റു കോളജിൽ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പ്

Jishnu

തൃശൂർ ∙ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ ഇടിമുറിയിൽ പൊലീസ് കണ്ടെത്തിയ രക്തക്കറ ജിഷ്ണു പ്രണോയിയുടെ അതേ ഗ്രൂപ്പിൽപ്പെട്ട രക്തമാണെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. ഇതു ജിഷ്ണുവിന്റെ രക്തംതന്നെയാണോ എന്നു കണ്ടെത്താനായി മാതാപിതാക്കളുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമാണ്. നാലു പ്രതികളും ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം. കോളജ് പിആർഒ സഞ്ജിത് വിശ്വനാഥന്റെ മുറിയിൽനിന്നാണു രക്തക്കറ കണ്ടെടുത്തത്. കുട്ടികളെ ഈ മുറിയിൽ കയറ്റി ഇടിക്കാറുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. കോപ്പിയടിച്ചുവെന്ന ആരോപണത്തെത്തുടർന്നു സഞ്ജിത്തിന്റെ മുറിയിലേക്കു ജിഷ്ണുവിനെ കൊണ്ടുപോയെന്നു സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. തിരിച്ചു ഹോസ്റ്റലിലേക്കു വരുമ്പോൾ ചുണ്ടിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നും കുട്ടികൾ പറയുന്നു. ജിഷ്ണുവിനെ പിന്നെ കാണുന്നതു ആത്മഹത്യ ചെയ്ത നിലയിലാണ്. ഇതു മാനസിക പീഡനംമൂലമാണെന്നും മർദിച്ചതായി സംശയമുണ്ടെന്നും രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, പൊലീസ് ആ ദിവസങ്ങളിൽ ഇക്കാര്യം പരിശോധിച്ചില്ല.

പ്രതിഷേധം ശക്തമായതോടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിനുശേഷമാണ് ഇടിമുറിയും പരിസരങ്ങളും പരിശോധിച്ചത്. മുറിയിൽനിന്നു കണ്ടെത്തിയതു ജിഷ്ണുവിന്റെ രക്തമാണെന്നു ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയാൽ അതു വലിയ തെളിവായി മാറും. സഞ്ജിത് വിശ്വനാഥൻ, വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, അധ്യാപകരായ പി.ടി.പ്രദീപ്, വിപിൻ എന്നിവർ കേസിൽ പ്രതികളാണ്. ഇവരുമായി ബന്ധപ്പെട്ട പ്രമുഖരുടെ വീടുകളിൽ പരിശോധനപോലും നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. പ്രതികളെ പിടികൂടുന്നതിനു മുൻപു വിദ്യാർഥി സംഘടനകൾ സമരം പിൻവലിക്കുകയും ചെയ്തു.

പ്രതികളെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. ഒരു ഭരണകക്ഷി എംഎൽഎ സമരം നടന്ന ദിവസം കോളജ് അധികൃതരെ കണ്ടുവെന്നും ആരോപണമുണ്ട്. സിപിഎം മന്ത്രിയുടെ ഭാര്യ ഇതേ ഗ്രൂപ്പിന്റെ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥയാ​ണ്. അവരിപ്പോഴും അതേ പദവിയിൽ തുടരുകയും ചെയ്യുന്നു. പ്രധാന പ്രതിക്കു മുൻകൂർ ജാമ്യം കിട്ടാനായി സർക്കാർ ഒത്തുകളിച്ചുവെന്നും പറയുന്നു. ജില്ലാ കലക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ജാമ്യം നൽകണമെന്നായിരുന്നു പ്രതിയായ കൃഷ്ണദാസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.

യോഗം കഴിഞ്ഞ ശേഷമായിരുന്നു ഈ ആവശ്യം. ഇക്കാര്യം പരിശോധിക്കാൻപോലും സർക്കാർ അഭിഭാഷനു കഴിഞ്ഞില്ല. ഇതു നയിച്ചതു ജാമ്യത്തിലേക്കാണ്. മറ്റു നാലു പ്രതികൾക്കും ജാമ്യം ലഭിക്കാനായി പൊലീസും സർക്കാരും ആവശ്യത്തിനു സമയം നൽകുകയാണെന്ന പരാതിയും നിലനിൽക്കുന്നു.

Your Rating: