Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎസ്: സിപിഎം രണ്ടു തട്ടിൽ

v-s-achuthananthan

തിരുവനന്തപുരം ∙ കേരളത്തിലെ സംഘടനാപ്രശ്നങ്ങളുടെ പേരിൽ വി.എസ്.അച്യുതാനന്ദനെതിരെ നടപടി സ്വീകരിക്കുന്നതിൽ സിപിഎം കേന്ദ്രനേതൃത്വത്തിൽ ഭിന്നത. കടുത്ത നടപടിക്കായി കേരള നേതൃത്വം വാദിക്കുമ്പോൾ, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വിയോജിക്കുന്നു. കൊലക്കേസ് പ്രതിപ്പട്ടികയിൽപ്പെട്ട മന്ത്രി എം.എം.മണിക്കെതിരെ ഉടൻ നീക്കമൊന്നും വേണ്ടെന്ന അഭിപ്രായത്തിനാണു മേൽക്കൈ. ബന്ധുനിയമനവിവാദത്തിൽ ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കും എതിരെ നടപടിയുണ്ടാകുമോ എന്നു കേന്ദ്രകമ്മിറ്റി സമാപിക്കുന്ന ഇന്നേ വ്യക്തമാകൂ.

അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളപ്പെട്ടതോടെ പ്രതിക്കൂട്ടിലായ മണിയുടെ കാര്യത്തിൽ തിരക്കിട്ട നീക്കം വേണ്ട എന്നതിൽ കേന്ദ്ര–കേരള നേതൃത്വങ്ങൾ ധാരണയിലെത്തിയതായ സൂചനയുണ്ട്. ഇപ്പോൾ മണിയെ പാർട്ടി കൈവിടുകയും മന്ത്രിസഭയിൽ നിന്നൊഴിവാക്കപ്പെടുകയും ചെയ്താൽ അതു കേസിലും അദ്ദേഹത്തെ വളരെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണു വിലയിരുത്തൽ. വിടുതൽ ഹർജി തള്ളിയതിനെതിരരെ ഹൈക്കോടതിയെ സമീപിക്കാനും മന്ത്രി തയാറാകുകയാണ്. വിഎസുമായി ബന്ധപ്പെട്ട പിബി കമ്മിഷൻ റിപ്പോർട്ടടക്കമുള്ള സംഘടനാപ്രശ്നങ്ങൾ കേന്ദ്രകമ്മിറ്റി ഇന്നു പരിഗണിക്കും.

വിഎസും സംസ്ഥാന നേതൃത്വവും തമ്മിലെ പോര് അതിന്റെ മൂർധന്യത്തിലെത്തിയതിനെത്തുടർന്നു 2013ൽ രൂപീകരിക്കപ്പെട്ടതാണു പിബി കമ്മിഷനെങ്കിലും അതു സമഗ്രമായ അന്വേഷണത്തിനൊന്നും മുതിർന്നിട്ടില്ലെന്നാണു പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സംഘടനാപ്രശ്നങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് പിബി തയാറാക്കിയിട്ടുണ്ട്. കമ്മിഷന്റെ നിഗമനങ്ങളാണ് ഇതിൽ കൂടുതലും. ശിക്ഷാനടപടി ശുപാർശ ചെയ്യാനല്ല നിയോഗിക്കപ്പെട്ടതെന്ന സമീപനമാണു കമ്മിഷന് ഉള്ളത്. അതിനാൽ അച്ചടക്കനടപടി അവർ ആവശ്യപ്പെട്ടിട്ടില്ല. പിബിയിലും ഇക്കാര്യത്തിൽ ഏകാഭിപ്രായമാമുണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ ആരും പാർട്ടിക്ക് അതീതനല്ലെന്ന സന്ദേശം വിഎസിന്റെ കാര്യത്തിൽ ഉറപ്പിക്കാനുളള അവസാന അവസരമായി ഇതിനെ പിണറായി വിജയനെ അനുകൂലിക്കുന്നവർ കരുതുന്നു.

പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാനായി നിയോഗിക്കപ്പെട്ട കമ്മിഷൻ പുതിയ പ്രശ്നത്തിനു കാരണമാകരുതെന്നു യച്ചൂരി വിചാരിക്കുന്നു. പരമാവധി താക്കീത് എന്ന ശിക്ഷ വിഎസിനു കൊടുത്ത് ആ അധ്യായം അടയ്ക്കണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റേത്. വിഎസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന യച്ചൂരിയുടെ അഭിപ്രായത്തിനും സംസ്ഥാനനേതൃത്വം വഴങ്ങിയിട്ടില്ല. പിബി യോഗത്തിനുശേഷവും നേതാക്കൾ ഇക്കാര്യത്തിൽ അനൗപചാരമായ ആശയവിനിമയങ്ങൾ തുടരുന്നു. പിബിയുടെ റിപ്പോർട്ട് ഇന്നു കേന്ദ്രകമ്മിറ്റിയിൽ വച്ച് അവിടെ ഉയരുന്ന വികാരം കണക്കിലെടുത്തു വീണ്ടും പിബി ചേർന്ന് അന്തിമനിർദേശം സമർപ്പിക്കാനാണു സാധ്യത.

പൊതുസമ്മേളനത്തിൽ നിന്ന് ആദ്യം മാറ്റിനിർത്തപ്പെട്ട വിഎസ് പിന്നീട് നേതൃത്വം ക്ഷണിച്ചതിനെത്തുടർന്ന് അവിടെയെത്തിയപ്പോൾ ലഭിച്ച വരവേൽപടക്കം നേതൃത്വത്തിനു കണക്കിലെടുക്കേണ്ടിവരും. ജയരാജനും ശ്രീമതിയുമായി ബന്ധപ്പെട്ട വിവാദം കേന്ദ്രകമ്മിറ്റിയുടെ അജൻഡയിൽ പെടുത്തിയില്ലെന്നതുകൊണ്ട് അതു ചർച്ചയാകാനേ പോകുന്നില്ല എന്ന് അർഥമില്ല. മന്ത്രിസ്ഥാനം പോയതു ജയരാജനെതിരേയുള്ള നടപടിയായി തന്നെ കരുതാമല്ലോ എന്നു വാദിക്കുന്നവരുണ്ടെങ്കിലും യച്ചൂരി അതിനോടു യോജിക്കുന്നില്ല. മുതിർന്ന രണ്ടു കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ നിന്നുണ്ടായ വീഴ്ചയ്ക്കു സംഘടനാതല പരിശോധന അനിവാര്യമല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.

Your Rating: