Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതോ പിള്ളയല്ല; മനോൻമണിയത്തെ തമിഴ്നാട് നെഞ്ചോട് ചേർത്ത് വാഴ്ത്തുന്നു

01-Sundaram-Pillai-sc മനോൻമണിയം പി. സുന്ദരംപിള്ള

തിരുവനന്തപുരം∙ കേരളത്തിലെ മുഖ്യമന്ത്രിക്കു പി.എസ്.നടരാജപിള്ള ഏതോ ഒരു പിള്ളയാണെങ്കിലും തമിഴ്നാടിന് അദ്ദേഹത്തിന്റെ കുടുംബം അങ്ങനെയല്ല. തമിഴ്നാട്ടിലെ രാഷ്ട്രീയ നാടകത്തിനു വഴിത്തിരിവായി ഇന്നലെ ചെന്നൈയിൽ നടന്ന പുതിയ മന്ത്രിസഭയുടെ സത്യപതിജ്ഞാ ചടങ്ങിൽ മുഴങ്ങിയതു നടരാജപിള്ളയുടെ പിതാവും മലയാളിയുമായ മനോൻമണിയം പി.സുന്ദരംപിള്ള രചിച്ച തമിഴ് തായ് വാഴ്ത്ത് എന്ന ദേശീയഗീതം.

സ്കൂൾ അസംബ്ലിയിൽ അടക്കം തമിഴ്നാട്ടിലെ എല്ലാ ഒൗദ്യോഗിക പരിപാടികളിലും ആലപിക്കേണ്ട തമിഴ് ദേശീയ ഗീതമാണു തമിഴ് തായ് വാഴ്ത്ത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ ഗാനമായ ജന ഗണ മനയ്ക്കു പിന്നാലെയാണു തമിഴ് തായ് വാഴ്ത്ത് മുഴങ്ങിയത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായിരുന്ന പ്രഫ.പി.സുന്ദരംപിള്ള രചിച്ച മനോൻമണീയം എന്ന കാവ്യ നാടകത്തിന്റെ അവതരണ ഗാനമായിരുന്നു ഒൻപതു വരികളുള്ള തമിഴ് തായ് വാഴ്ത്ത്.

ദേശസ്നേഹവും ആവേശവും ഉണർത്തുന്ന വരികൾ 1970ൽ തമിഴ്നാട് സർക്കാർ ദേശീയ ഗീതമായി പ്രഖ്യാപിച്ചു. എം.എസ്.വിശ്വനാഥൻ മനോഹര ഇൗണവും പകർന്നു. പിന്നീടു സർക്കാരുകൾ മാറി വന്നെങ്കിലും തമിഴ്ജനതയുടെ ആത്മാവിൽ പതിഞ്ഞ ഗാനം മാറ്റാൻ ആരും ധൈര്യപ്പെട്ടില്ല. ജയലളിതയുടെ ഏറ്റവും ഒടുവിലത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ ഗാനം വെട്ടിച്ചുരുക്കിയെങ്കിലും സുന്ദരംപിള്ളയുടെ ഗീതം പൂർണമായി ആലപിച്ചു.

ആലപ്പുഴ സ്വദേശിയായ സുന്ദരംപിള്ള തിരുവനന്തപുരം മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) 1876 മുതൽ 21 വർഷം ഫിസോലഫി പ്രഫസറായിരുന്നു. ഒട്ടേറെ വിഷയങ്ങളിൽ അവഗാഹമുള്ള സുന്ദരംപിള്ള മലയാളത്തിലും തമിഴിലും ഒരുപോലെ പാണ്ഡിത്യം തെളിയിച്ചിരുന്നു. സുന്ദരംപിള്ള മൂന്നു വർഷം ജോലി ചെയ്ത തിനുനെൽവേലിയിലെ കോളജ് പിന്നീടു സർവകലാശാലയായി മാറിയപ്പോൾ ആദരസൂചകമായി മനോൻമണീയം സുന്ദരനാർ യൂണിവേഴ്സിറ്റി എന്ന പേരും തമിഴ്നാട് സർക്കാർ നൽകി.

തിരുനെൽവേലിയിലായിരിക്കെയാണു സുന്ദരംപിള്ള 4,500 വരികളുള്ള മനോൻമണീയം നാടകം രചിച്ചത്. അതോടെ അദ്ദേഹം തമിഴ്നാട്ടുകാർക്കു മനോൻമണിയം സുന്ദരംപിള്ളയായി. സുന്ദരംപിള്ളയ്ക്കു രാജാവ് പതിച്ചു നൽകിയ പേരൂർക്കടയിലെ 90 ഏക്കർ ഭൂമിയാണ് എകമകൻ പി.എസ്. നടരാജപിള്ളയിൽ നിന്നു ദിവാൻ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ സി.പി.രാമസ്വാമി അയ്യർ കണ്ടുകെട്ടിയത്.

നടരാജപിള്ള മന്ത്രിയായപ്പോൾ ഇൗ ഭൂമി തിരികെ നൽകാമെന്നു സർക്കാർ അറിയിച്ചെങ്കിലും അദ്ദേഹം തിരസ്കരിച്ചു. ഇതിന്റെ ഭാഗമായ 11 ഏക്കർ ഭൂമി നടരാജപിള്ളയുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഇഎംഎസ് സർക്കാർ ലോ അക്കാദമിക്കു പാട്ടത്തിനു നൽകുകയായിരുന്നു. ഭൂമി നടരാജപിള്ളയുടെ കുടുംബത്തിനു നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാവ് വൈകോ മുഖ്യമന്ത്രി പിണറായി വിജയനു കത്തയയ്ക്കുകയും ചെയ്തു.

സുന്ദരംപിള്ള രചിച്ച തമിഴ് തായ് വാഴ്ത്ത് നീരാറും കടലുടുത്ത നിലമടന്തൈ കെഴിലൊഴുകും സീരാറും വദനമെന തികഴ്ഭരത കണ്ഡമിതിൽ തെക്കണമും അതിർസിറന്ത ദ്രാവിഡനൽ തിരുനാടും തക്കസിരു പിറൈനുധലും തരിതനരും തിലകമുമേ അത്തിലക വാസനൈപോൽ അനൈതുലകും ഇമ്പമുറ എത്തിസയും പുകഴ് മണക്ക ഇരുന്ത പെറും തമിഴണങ്കേ... തമിഴണങ്കേ... ഉൻ സീരിളമൈ തിറം വിയന്തു സെയൽ മറന്തു വാഴ്ത്തുദുമേ... വാഴ്ത്തുദുമേ... വാഴ്ത്തുദുമേ...

related stories
Your Rating: