Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോ അക്കാദമി: ഒത്തുതീർപ്പിനുള്ള സിപിഎം നീക്കവും പരാജയം

ABVP protest തിരുവനന്തപുരം ലോ അക്കാദമി സമരത്തിൽ സർക്കാർ വിദ്യാർഥി വിരുദ്ധ നിലപാടെടുക്കുന്നുവെന്നാരോപിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ തൃശൂരിലെ വസതിക്കു മുന്നിൽ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോൺ ഉപവാസം ആരംഭിച്ചപ്പോൾ.

തിരുവനന്തപുരം∙ ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കാൻ സിപിഎം നടത്തിയ ശ്രമം പരാജയപ്പെട്ടു. അക്കാദമി ഡയറക്ടറും പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ പിതാവുമായ എൻ.നാരായണൻ നായരെ എകെജി സെന്ററിലേക്കു വിളിച്ചുവരുത്തിയാണു സമവായ ചർച്ച നടത്തിയത്. എന്നാൽ പ്രിൻസിപ്പൽ പദവി ഒഴിയില്ലെന്ന നിലപാടിൽ ലക്ഷ്മി നായരും അക്കാദമി ഭരണനേതൃത്വവും ഉറച്ചുനിന്നതോടെ ആ നീക്കം പാളി.

പ്രിൻസിപ്പലിനെ ഒഴിവാക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ ഉൾപ്പെടെ വിദ്യാർഥി സംഘടനകൾ. സമരത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം 20 ദിവസമായിട്ടും സിപിഎം ഇടപെടുന്നില്ലെന്ന വിമർശനം വ്യാപകമായതോടെയാണു നേതൃത്വം ചർച്ചയ്ക്കു മുന്നോട്ടുവന്നത്.

നാരായണൻ നായരുടെ സഹോദരൻ കൂടിയായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണൻ നായരുടെ സാന്നിധ്യത്തിലായിരുന്നു മുക്കാൽ മണിക്കൂറോളം നീണ്ട ചർച്ച. പുറത്തിറങ്ങിയ നാരായണൻ നായർ പ്രതികരിക്കാൻ തയാറായില്ല. ഇന്നു ചേരുന്ന അക്കാദമി ഡയറക്ടർ ബോർഡ് സിപിഎം മുന്നോട്ടുവച്ച നിർദേശങ്ങൾ ചർച്ചചെയ്യും. കോളജ് ഇന്നോ നാളെയോ തുറക്കുമെന്നും സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ലക്ഷ്മി നായർ നേരത്തേ വ്യക്തമാക്കിയിരുന്നു.

Your Rating: