Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 ദിവസമായിട്ടും ഒന്നും ശരിയായില്ലെന്ന് രമേശ് ചെന്നിത്തല

ramesh-chennithala

ന്യൂഡൽഹി ∙ മോദിയുടെ നോട്ട് നിരോധനത്തിൽ കേരളത്തിലെ സഹകരണ മേഖല സ്തംഭിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 50 ദിവസത്തിനകം എല്ലാം ശരിയാകുമെന്നു മോ‌ദി പറഞ്ഞതല്ലാതെ ഒന്നും ശരിയായിട്ടില്ലെന്നു കോൺഗ്രസിന്റെ ജനവേദന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സാമ്പത്തികരംഗമാകെ തകർച്ചയിലാണ്.

ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ മോദി പൂർണമായും പരാജയപ്പെട്ടു. റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തി‌ന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അനു‌ദിനം തൊഴിലില്ലായ്മ രൂക്ഷമാകുന്നു – രമേശ് പറഞ്ഞു. മോദിയുടെ സഞ്ചാരം മുസോളിനിയുടെയും ഹിറ്റ്ലറുടെയും വഴിയേയാണെന്നു കെപിസിസി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സമാനസ്വഭാവത്തോടെയാണു ലോകമെങ്ങും മുൻപു ഫാഷിസം കടന്നുവന്നത്.

എന്നാൽ ഇന്ത്യയിൽ ഒരിക്കലും മുസോളിനിയും ഹിറ്റ്ലറുമുണ്ടാകാൻ കോൺഗ്രസ് അനുവദിക്കില്ല. ഇതു മഹാത്മാവിന്റെയും നെഹ്റുവിന്റെയും നാടാണ് – വിഷ്ണുനാഥ് പറഞ്ഞു.

കേരളത്തിൽ നിന്ന് നേതൃനിര

ന്യൂഡൽഹി ∙ ജനവേദന സമ്മേളനത്തിൽ വേദിയി‌ലും സദസിലും മലയാളിത്തം. കേരളത്തിൽ നിന്ന് അൻപതോളം പ്രതിനിധികളാണു ‌സമ്മേളനത്തിനെത്തിയത്. പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി നേതാവ് പി.സി. ചാക്കോ, പാർലമെന്ററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് എന്നിവരും വേദിയിൽ ഇടംകണ്ടു.

കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി അ‌ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇന്ദിരാഗാന്ധി ജന്മശതാബ്ദി പ്രമേയം അവതരിപ്പിച്ചത്. പിഎസി ചെയർമാൻ കെ.വി. തോമസ്, എംപിമാരായ എം.കെ. രാഘവൻ, എ.ഐ. ഷാനവാസ്, ആന്റോ ആന്റണി, എംഎൽഎമാരായ വി.ഡി. സതീശൻ, അൻവർ സാദത്ത്, അനിൽ അക്കര, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഷാനിമോൾ ഉസ്മാൻ, ജനറൽ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരൻ, ശരത്ചന്ദ്രപ്രസാദ്, ഡിസിസി പ്രസിഡന്റുമാരായ നെയ്യാറ്റിൻകര സനൽ, ബിന്ദുകൃഷ്ണ, എം. ലിജു, ബാബു ജോർജ്, ഇബ്രാഹിംകുട്ടി കല്ലാർ, ടി.ജെ. വിനോദ്, ടി. സിദ്ദിഖ്, വി.കെ. ശ്രീകണ്ഠൻ, വി.വി. പ്രകാശ്, ഐ.സി. ബാലകൃഷ്ണൻ, കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, എഐസിസി അംഗങ്ങളായ എ.എ. ഷുക്കൂർ, ദീപ്തി മേരി വർഗീസ്, എൻഎസ്‌യു സെക്രട്ടറി എസ്. ശരത് തുടങ്ങിയവരും സമ്മേളനത്തിനെത്തി.

Your Rating: