Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി യൂണിറ്റിന് 20–30 പൈസ കൂടും; ഉത്തരവ് ഉടൻ

Electricity

തിരുവനന്തപുരം∙ വൈദ്യുതി നിരക്കു വർധന സംബന്ധിച്ച തീരുമാനം വരാനിരിക്കെ 607 കോടി രൂപയുടെ അധികബാധ്യത ഉപയോക്താക്കൾക്കുമേൽ ചുമത്താനുള്ള തീരുമാനത്തെച്ചൊല്ലി റഗുലേറ്ററി കമ്മിഷനിൽ ഭിന്നത. കമ്മിഷൻ ചെയർമാൻ ഒരു വശത്തും രണ്ട് അംഗങ്ങൾ മറുവശത്തും നിലപാടിൽ ഉറച്ചുനിന്നതിനെ തുടർന്ന് ഉത്തരവിൽ ചെയർമാൻ വിയോജനക്കുറിപ്പു രേഖപ്പെടുത്തി.

വൈദ്യുതി നിരക്കു വർധിപ്പിക്കുന്നതിനുള്ള കമ്മിഷന്റെ ഉത്തരവു വൈകാതെ ഇറങ്ങും. ഭൂരിപക്ഷ തീരുമാനം അനുസരിച്ചു രണ്ടു വർഷങ്ങളിലായി 607 കോടിയുടെ അധികബാധ്യത വരുന്ന ഉത്തരവാകും നിലവിൽ വരിക. യൂണിറ്റിന് 20 മുതൽ 30 പൈസ വരെ വർധിക്കുമെന്നാണു സൂചന.

ഗാർഹിക, വ്യവസായ ഉപയോക്താക്കളെയായിരിക്കും കാര്യമായി ബാധിക്കുക. വാണിജ്യ ഉപയോക്താക്കൾക്കു കാര്യമായ വർധന പ്രതീക്ഷിക്കുന്നില്ല. ബോർഡിന്റെ 2011–12, 2012–13 വർഷത്തെ യഥാർഥ വരവു ചെലവു കണക്കുകൾ അംഗീകരിച്ചു നൽകിയപ്പോഴാണു കമ്മിഷൻ ചെയർമാനും അംഗങ്ങളുമായി അഭിപ്രായഭിന്നത ഉണ്ടായത്.

ജീവനക്കാർക്കു ശമ്പളം നൽകുന്നതിനു ബോർഡിനുണ്ടായ ചെലവ് അംഗീകരിക്കാനാവില്ലെന്നു ചെയർമാനും അംഗീകരിക്കണമെന്ന് അംഗങ്ങളും വാദിച്ചു. 2011–12ൽ ശമ്പളത്തിന് 1903 കോടി ചെലവഴിച്ചെന്നു ബോർഡ് അറിയിച്ചപ്പോൾ 1582 കോടി അനുവദിക്കാനേ ചെയർമാൻ തയാറായുള്ളൂ.

ബോർഡിലെ ശമ്പള പരിഷ്കരണത്തിൽ ക്രമക്കേടുണ്ടെന്നും ശമ്പള വർധനയ്ക്കായി മാനേജ്മെന്റും ജീവനക്കാരും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ 1822 കോടി അനുവദിക്കണമെന്നു രണ്ട് അംഗങ്ങളും തീരുമാനിക്കുകയും ഉത്തരവ് ഇറക്കുകയുമായിരുന്നു. ചെയർമാൻ വിയോജനക്കുറിപ്പു രേഖപ്പെടുത്തി.

2012–13 വർഷം ശമ്പളത്തിനു ബോർഡ് 2103 കോടി ചോദിച്ചെങ്കിലും 1663 കോടിയിൽ കൂടുതൽ നൽകാനാവില്ലെന്ന നിലപാടിലാണു ചെയർമാൻ. 2030 കോടി നൽകണമെന്ന് അംഗങ്ങൾ വാദിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. അതിലും ചെയർമാന്റെ വിയോജനക്കുറിപ്പ് ഉണ്ടാകുമെന്ന് അറിയുന്നു.

ഒരു യൂണിറ്റു വൈദ്യുതി വിലയിൽ 1.10 രൂപ വരെ ജീവനക്കാരുടെ ചെലവാണെന്നും മറ്റു സംസ്ഥാനങ്ങളിൽ ഇതിന്റെ പകുതിയേ ഉള്ളൂവെന്നുമാണു ചെയർമാന്റെ വാദം. ബോർഡിലെ ജീവനക്കാരുടെ എണ്ണം 26,000ൽ നിന്ന് 33,000 ആയി. ഇനിയും 2000 കൂടി വർധിപ്പിക്കാൻ പോകുകയാണെന്നും അതിന്റ ചെലവു പൂർണമായും ഉപയോക്താക്കൾക്കു മേൽ ചുമത്താനാവില്ലെന്നും അദ്ദേഹം വാദിച്ചു.

റഗുലേറ്ററി കമ്മിഷന്റെ ചെയർമാൻ വൈദ്യുതി ബോർഡിന്റെ മുൻ ചെയർമാനും അംഗങ്ങൾ ബോർഡിന്റെ മുൻ അംഗങ്ങളുമാണ്. ഇതിൽ ഒരു അംഗം ബോർഡിലെ മുൻ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പെൻഷന് അർഹതയുള്ള ആൾ കൂടിയാണ്.