Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ വില: പ്രധാനമന്ത്രിയെ കാണുമെന്ന് മന്ത്രി

vs-sunil-kumar-03

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരുകളുടെ കൂടി അഭിപ്രായം പരിഗണിച്ചു മാത്രമേ ആസിയാൻ രാജ്യങ്ങൾക്കിടയിലുള്ള മേഖലാതല സമഗ്ര സാമ്പത്തിക കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിടാവൂ എന്ന ആവശ്യവുമായി നിയമസഭാ സമ്മേളനത്തിനുശേഷം പ്രധാനമന്ത്രിയടക്കമുള്ളവരെ കാണുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ സഭയിൽ അറിയിച്ചു. ഇറക്കുമതിമൂലം വിലത്തകർച്ച നേരിടുന്ന റബറിന് ഈ കരാർ കൂടി വന്നാൽ വീണ്ടും വിലയിടിയുമെന്നു മന്ത്രി പറഞ്ഞു. കെ.എം.മാണിയുടെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.

പ്രത്യേക ബ്ലോക്കായ മാണി വിഭാഗത്തിനു വഴിമാറി നൽകിയ അടിയന്തരപ്രമേയ നോട്ടിസ് അവതരണത്തിൽ അദ്ദേഹത്തിന്റെ പ്രതിഷേധത്തിനൊപ്പം ചേർന്നു പ്രതിപക്ഷവും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കാർഷികപ്രതിസന്ധി നേരിടാൻ വ്യക്തമായ നയമോ നിർദേശങ്ങളോ ഇല്ലാത്ത സർക്കാരാണ് ഇതെന്നു മാണി കുറ്റപ്പെടുത്തി. എല്ലാം കേന്ദ്രത്തെ ഏൽപിച്ചുവെന്നു പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു. യുപിഎ സർക്കാരിന്റെകാലത്തു മന്ത്രി പി.ചിദംബരമാണ് ഉദാര റബർ ഇറക്കുമതിക്കു വഴിതെളിച്ചത്. അതേ പാത എൻഡിഎ സർക്കാരും പിന്തുടരുന്നു. കോൺഗ്രസിനെക്കൊണ്ടും സിപിഎമ്മിനെക്കൊണ്ടും കർഷകർക്കു രക്ഷയില്ല.

കാർഷിക സമ്പദ്‌വ്യവസ്ഥ തന്നെ തകരും. റബറിനു ഭേദപ്പെട്ട വില ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണം. താൻ കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ട് ആകെ താളംതെറ്റി. നല്ലതു ചെയ്താൽ സർക്കാരിനൊപ്പം നിൽക്കും. തേങ്ങ, നെൽ സംഭരണവും പാളിയെന്നു മാണി കുറ്റപ്പെടുത്തി. ഈ സർക്കാർ വന്നശേഷം 254 കോടി രൂപ റബർ കർഷകർക്കു പദ്ധതിയുടെ ഭാഗമായി നൽകിയെന്നു മന്ത്രി സുനിൽകുമാർ മറുപടി നൽകി. വിലസ്ഥിരതാ പദ്ധതിയിൽ അംഗമാകാത്തവർക്ക് ഇപ്പോഴും റജിസ്റ്റർ ചെയ്യാം. കോട്ടയത്തും പത്തനംതിട്ടയിലും റബർ അധിഷ്ഠിത വ്യവസായ പാർക്ക് തുടങ്ങും. പ്രതിസന്ധി വിലയിരുത്താൻ മുഖ്യമന്ത്രി യോഗം വിളിക്കും.

റബർ കർഷകർക്കു വിനയായി മാറാവുന്ന കരാറിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഇതിനകം തന്നെ രണ്ടു കത്തുകൾ കേന്ദ്രത്തിന് അയച്ചു. അഡ്വാൻസ് ലൈസൻസ് പ്രകാരമുള്ള റബർ ഇറക്കുമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജനിതക മാറ്റം വന്ന വിത്തുകളുടെ ഇറക്കുമതിക്കുള്ള കേന്ദ്രനീക്കത്തിനെതിരെ കേരളം സമാന മനസ്‌കരായ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. നാളികേര സംഭരണത്തിലുള്ള അഴിമതി പുറത്തുകൊണ്ടുവരാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. അഴിമതി കണ്ടെത്തിയതിനാലാണ് ഈയിനത്തിലുള്ള പണം നൽകാൻ വൈകിയത്.

കേരഫെഡ്, മാർക്കറ്റ്‌ഫെഡ് എംഡിമാരോടു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ലുസംഭരണത്തെക്കുറിച്ചു പരാതി ശ്രദ്ധയിൽപെടുത്തിയാൽ അപ്പോൾ തന്നെ പരിഹാരം കാണും. കർഷക പെൻഷൻ ഗുണഭോക്താക്കളിൽ ഒരു ലക്ഷം പേർ അനർഹരുണ്ടെന്നു ധനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഖജനാവിൽ നിന്നു നേരിട്ടു നൽകുന്ന തുകയായതിനാൽ അനർഹരെ ഒഴിവാക്കിയേ മുന്നോട്ടുപോകാനാകൂ. റബറൈസ്ഡ് ബിറ്റുമിൻ മുൻകാലങ്ങളിലൊരിക്കലും ഇല്ലാത്ത വിധത്തിൽ റോഡ് നിർമാണത്തിനായി ഉപയോഗിക്കാൻ പോകുകയാണെന്നു മന്ത്രി ജി. സുധാകരൻ അറിയിച്ചു. റബർ കർഷകരെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന നടപടികളാണു സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

യുഡിഎഫ് സർക്കാർ വിജയകരമായി നടപ്പാക്കിയ വിലസ്ഥിരതാ പദ്ധതി നിശ്ചലമാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപെടുത്തി റബർ അധിഷ്ഠിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞെങ്കിലും റബർ ബോർഡിനെ തന്നെ ഇല്ലാതാക്കാനാണു കേന്ദ്രനീക്കം–അദ്ദേഹം പറഞ്ഞു പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു. റബർ വിലത്തകർച്ചയ്ക്കു കാരണമായ മുൻ യുപിഎ സർക്കാരിന്റെയും എൻഡിഎ സർക്കാരിന്റെയും നടപടികളിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്കിൽ പങ്കുചേരുകയാണെന്നു പി.സി. ജോർജും അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.