Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള രാഷ്ട്രീയത്തെ പങ്കിട്ടെടുക്കാനുള്ള സിപിഎം, ബിജെപി നീക്കം ചെറുക്കണമെന്ന് ആന്റണി

UDF കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎഫ് തിരുവനന്തപുരത്തു സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവൻഷന്റെ വേദിയിൽ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി സ്വീകരിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി നിരീക്ഷകൻ തങ്കബാലു, കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കു‍ഞ്ഞാലിക്കുട്ടി തുടങ്ങിയവർ സമീപം. ചിത്രം: മനോരമ.

തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തെ രണ്ടു ക്യാംപിലാക്കി പങ്കിട്ടെടുക്കാൻ സിപിഎമ്മും ബിജെപിയും നടത്തുന്ന നീക്കങ്ങളെ യുഡിഎഫ് ശക്തമായി ചെറുത്തു തോൽപിക്കണമെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി. കേന്ദ്ര–സംസ്ഥാന ഭരണങ്ങളുടെ അഹങ്കാരവുമായി കൊലപാതക രാഷ്ട്രീയം ഇരുകൂട്ടരും തുടരുന്നത് ഈ രാഷ്ട്രീയ ധ്രുവീകരണം മുൻനിർത്തിയാണെന്നും യുഡിഎഫിന്റെ കേരള നേതൃനിരയെ ആകെ അണിനിരത്തിയ സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് ആന്റണി പറഞ്ഞു.

ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയുടെ ദുർഭരണം തൂത്തെറിയാനുള്ള ദീർഘമായ സമരപ്രചാരണത്തിനാണ് ഇപ്പോൾ തുടക്കമിടുന്നത്. സമുദായ ധ്രുവീകരണത്തിനുള്ള ബിജെപി നീക്കം കേരളത്തിൽ ഒട്ടും അനുവദിക്കരുത്. യുപിഎ ഭരണം കേരളത്തിനു സുവർണകാലമായിരുന്നു. എന്നാൽ മോദി വന്നതോടെ ബജറ്റിൽ കേരളത്തിന് ഒന്നുമില്ലാതായി. എല്ലാം ശരിയാകും എന്നു പറഞ്ഞ് അധികാരമേറിയവർ ഒന്നും ശരിയാകുന്നില്ലെന്നു പറഞ്ഞു തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഫയൽ പോലും അനങ്ങുന്നില്ല – ആന്റണി പറഞ്ഞു.

സർ സിപിയെപ്പോലെ പിണറായി വിജയൻ പെരുമാറരുതെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. കേരള രാഷ്ട്രീയത്തിന്റെ ഉജ്വല പ്രതീകങ്ങളിലൊരാളായ പി.എസ്.നടരാജ പിള്ളയെ ഏതോ ഒരു പിള്ള എന്നു വിശേഷിപ്പിച്ചത് ഒരു മുഖ്യമന്ത്രിക്കു ചേർന്നതാണോ? സ്വന്തം ചീഫ് സെക്രട്ടറിയിൽ വിശ്വാസമില്ലെന്നു പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി– രമേശ് പറഞ്ഞു.

ബിജെപിക്കും സിപിഎമ്മിനുമെതിരായ ജനകീയ മുന്നേറ്റത്തിനു സമയമായെന്നു മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജവാഴ്ചക്കാലത്തു നൽകിയ ഭൂമിയായതിനാൽ ഇപ്പോൾ അതു തിരിച്ചെടുക്കാൻ കഴിയില്ലെന്ന് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയുന്നതു കേട്ടു സഹതാപം തോന്നിയെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ആക്ഷേപിച്ചു. ജനദ്രോഹത്തിന്റെ കാര്യത്തിൽ മോദിയോടു മത്സരിക്കുകയാണു പിണറായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ, ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടത്തിനാണു തുടക്കമിടുന്നതെന്നും സുധീരൻ പറഞ്ഞു.

ഓടിത്തുടങ്ങും മുമ്പേ പെട്രോൾ തീർന്ന സർക്കാരാണ് ഇവിടെയെന്ന് യുഡിഎഫ് ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉയർന്നുവരുന്ന പ്രശ്നങ്ങളോടെല്ലാം മുഖം തിരിച്ചുനിൽക്കുന്ന സർക്കാരാണു പിണറായിയുടേതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷയ്ക്കു മലയാളം മാധ്യമമല്ലാതെ പോയത് ഈ സർക്കാരിന്റെ പിടിപ്പുകേടിന് ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ, ജനതാദൾ(യു) ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ഫോർവേഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ, യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് എന്നിവരും പ്രസംഗിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് പ്രതിനിധികൾ മുതൽ ജില്ലാ–സംസ്ഥാന നേതാക്കൾ വരെയുള്ളവർ പങ്കെടുത്തു.

Your Rating: