Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കാൻ കർശന നിയമം വരുന്നു

Doctor

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികളും ലാബുകളും രോഗികളെ പിഴിയുന്നതു നിയന്ത്രിക്കാൻ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ തയാറായി. സ്വകാര്യമേഖലയുടെ സമ്മർദത്തെ തുടർന്നു നാലുവർഷം മുമ്പു മരവിപ്പിച്ച ബില്ലാണു പൊടിതട്ടിയെടുത്തത്. കേന്ദ്ര ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ(2010)ത്തിന്റെ ചുവടുപിടിച്ചുള്ള ബില്ലിനു നിയമവകുപ്പിന്റെ അനുമതി ലഭിച്ചു.

23നു തുടങ്ങുന്ന ബജറ്റ് സമ്മേളത്തിൽ ബിൽ അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിക്കു വിടാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. അതിനുശേഷം ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും‍ ഉൾപ്പെടുത്തി വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു.

എന്നാൽ ബജറ്റ് സമ്മേളനത്തിന്റെ സമയപരിമിതി കാരണം ബിൽ ഉൾപ്പെടുത്താനാകുമോ എന്ന് ഉറപ്പില്ല. നിയമം നടപ്പായാൽ കേരളത്തിലെ ചെറുതും വലുതുമായ എല്ലാ സ്വകാര്യ-സർക്കാർ ആശുപത്രികൾക്കും ക്ലിനിക്കൽ ലബോറട്ടറികൾക്കും ഫാർമസികൾക്കും നിരക്കിലും പരിശോധനാ സംവിധാനങ്ങളിലും ഏകീകൃത സ്വഭാവം ഏർപ്പെടുത്താൻ സാധിക്കും.

രോഗികളെ കൊള്ളയടിക്കുന്ന ലാബുകളെ നിയന്ത്രിക്കാനും ഡോക്ടർമാരുടെ കമ്മിഷൻ ഇടപാടുകൾ അവസാനിപ്പിക്കാനും സാധിക്കും. സ്വകാര്യ-സർക്കാർ ആശുപത്രികളെയും ക്ലിനിക്കൽ ലബോറട്ടറികളെയും ഫാർമസികളെയും നിയന്ത്രിക്കാൻ കേരളത്തിൽ ഇതുവരെ സമഗ്ര നിയമം ഉണ്ടായിരുന്നില്ല.

നിലവിൽ ഷോപ്‌സ് എസ്‌റ്റാബ്ലിഷ്‌മെന്റ് ആക്‌ട് അനുസരിച്ചാണു കേരളത്തിൽ ലാബുകൾ പ്രവർത്തിക്കുന്നത്. സിക്കിം, മേഘാലയ, അരുണാചൽപ്രദേശ്, തമിഴ്‌നാട്, ബംഗാൾ ഉൾപ്പെടെ എട്ടു സംസ്‌ഥാനങ്ങളിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

നിയമം നടപ്പായാൽ

∙ എല്ലാ ആശുപത്രികളും റജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കുന്ന ആർക്കും ആദ്യ റജിസ്‌ട്രേഷൻ ലഭിക്കും. എന്നാൽ നിയമ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയന്ന കർശന പരിശോധനയ്‌ക്കുശേഷമേ ഒരു വർഷത്തിനുശേഷം സ്‌ഥിര റജിസ്‌ട്രേഷൻ നൽകൂ. സ്‌ഥിര റജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചാൽ നടപടി വരും. അഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്.

∙ ആശുപത്രികളിലും ലാബുകളിലും ഓരോ ചികിൽസയുടെയും പരിശോധനയുടെയും നിരക്കുകൾ വെബ്സൈറ്റിലും അച്ചടിച്ചും പ്രദർശിപ്പിക്കണം. ചികിൽസാ ചെലവ് രോഗിക്കു മുൻകൂട്ടി മനസ്സിലാക്കാൻ ഇതുവഴി സാധിക്കും.

∙ ആശുപത്രി വിടുമ്പോൾ രോഗം, ചികിൽസ എന്നിവയുടെ പൂർണ വിവരം രേഖാമൂലം നൽകണം.

എതിർപ്പുകൾ

∙ ഒരു ഡോക്ടർ മാത്രമുള്ള ചെറിയ ക്ലിനിക്കുകളെ നിയമം തകർക്കും. 1995ൽ ഇത്തരം 1958 ക്ലിനിക്കുകൾ കേരളത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ 1100 എണ്ണമേയുള്ളൂ. വൻകിട ആശുപത്രികളിലേതുപോലെ ചികിൽസാ സൗകര്യങ്ങളും മറ്റും ഏർപ്പെടുത്താനാകാതെ ഇവയിൽ പലതും അടച്ചുപൂട്ടേണ്ടിവരും.

∙ അതോടെ രോഗികൾ പൂർണമായും കോർപറേറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടിവരും.

∙ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതിനാൽ ചികിൽസാച്ചെലവു വർധിക്കും.

Your Rating: