Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് ജാഥകൾക്ക് ഇന്നു സമാപനം; പ്രതിഷേധം ഇനി സഭയിലേക്ക്

തിരുവനന്തപുരം∙ യുഡിഎഫിന്റെ മേഖലാ ജാഥകൾക്ക് ഇന്നു സമാപനം. നാലു ജാഥകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള ജാഥയ്ക്ക് ഇന്നു ചാലക്കുടിയിലും കലാശമാകും. പ്രതിഷേധ പരിപാടികൾ ഇനി നിയമസഭയിൽ കേന്ദ്രീകരിക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ മുന്നണി നേതൃയോഗം ഉടൻ ചേരും.

140 മണ്ഡലങ്ങളിലൂടെയും കടന്നുപോയ ജാഥകൾ യുഡിഎഫിന് ഉണർവും കെട്ടുറപ്പും ഉണ്ടാക്കി എന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. ഘടകകക്ഷികൾക്കിടയിലെ ഏകോപനക്കുറവു പരിഹരിക്കാൻ നേതൃത്വം ബോധപൂർവം ശ്രമിച്ചു. ജാഥകൾക്കു മുന്നോടിയായി യുഡിഎഫിലെ പ്രധാന നേതാക്കൾ പങ്കെടുത്തു ജില്ലാ നേതൃയോഗങ്ങൾ വിളിച്ചുചേർത്തത് അതിന്റെ ഭാഗമായാണ്. കോൺഗ്രസിനകത്തെ തർക്കങ്ങളും ഒതുങ്ങി.

തലസ്ഥാനത്തു നേതാക്കളെല്ലാം പങ്കെടുത്ത സമരപ്രഖ്യാപന കൺവൻഷനും ആവേശകരമായി. തിരഞ്ഞെടുപ്പൊന്നും മുന്നിലില്ലാതിരിക്കെ, അഞ്ചു ജാഥകളും മറ്റുമായി രംഗത്തിറങ്ങേണ്ടതുണ്ടോയെന്നു യുഡിഎഫ് നേതൃത്വത്തിൽ തന്നെ സംശയമുണ്ടായിരുന്നു.

എന്നാൽ, മനുഷ്യച്ചങ്ങലയ്ക്കു മുന്നോടിയായി ഇടതുമുന്നണി എല്ലാ മണ്ഡലങ്ങളിലും വാഹനജാഥകൾ സംഘടിപ്പിച്ചതും കറൻസി പിൻവലിച്ചതിന്റെ സാഹചര്യം വിശദീകരിക്കാൻ ബിജെപി മേഖലാജാഥകൾ നടത്തിയതും കണക്കിലെടുത്തു സിപിഎമ്മിനും ബിജെപിക്കുമെതിരെ കൂടുതൽ വാശിയോടെ രംഗത്തിറങ്ങണമെന്നും തീരുമാനിച്ചു.

എം.എം.ഹസൻ, എം.കെ.മുനീർ, വർഗീസ് ജോർജ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരാണു മറ്റു നാലു ജാഥകൾ നയിച്ചത്. നിയമസഭയിൽ പ്രാതിനിധ്യമില്ലെങ്കിലും ദളിനും ആർഎസ്പിക്കും ക്യാപ്റ്റന്മാരെ നൽകിയതു കക്ഷികൾ എന്ന നിലയിൽ അവർക്കുള്ള പരിഗണനയായി.

എല്ലാ കക്ഷികൾക്കും ഓരോ ജാഥയിലും പ്രാതിനിധ്യം നൽകി. സിപിഎമ്മിനും ബിജെപിക്കുമെതിരായുള്ള ലഘുലേഖകൾ വിതരണം ചെയ്തു. സംസാരിക്കേണ്ട വിഷയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു. ക്രമസമാധാനത്തകർച്ച ചൂണ്ടിക്കാട്ടി ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ സത്യഗ്രഹസമരവും അതിനൊപ്പം ആവേശമായി.

Your Rating: