Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു സർക്കാരിനു ഭരിക്കാൻ അറിയില്ലെന്നു ചെന്നിത്തല

Ramesh Chennithala-072507-S

കൊച്ചി ∙ എൽഡിഎഫ് സർക്കാരിനു ഭരിക്കാനറിയില്ലെന്നും സമരം ചെയ്യാനേ അറിയൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിൽ സംസ്ഥാനഭരണം പൂർണമായി സ്തംഭിച്ചതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറല്ല. മുഖ്യമന്ത്രിയുടെ ഏകാധിപത്യശൈലിയാണു പ്രശ്നം. അദ്ദേഹത്തോട് ആർക്കും ഒന്നും പറയാൻ കഴിയാത്ത സ്ഥിതിയാണ്. ഇടതുമുന്നണിയിലെ ഘടകകക്ഷികൾ അതൃപ്തരാണ്. നടപടികൾക്കു വേഗമില്ല. ഭരണത്തിൽ ഏകോപനമില്ല– മാധ്യമപ്രവർത്തകരോടു സംസാരിക്കവെ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സർക്കാർ ജനങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ്. ഇടതുമുന്നണി സായാഹ്നധർണ നടത്തിയാൽ അരി കിട്ടില്ല. സർക്കാർ സ്പോൺസേഡ് സമരങ്ങൾകൊണ്ടു ജനം വലഞ്ഞു. സമരം ചെയ്യുകയല്ല, ജനങ്ങൾക്ക് അരി നൽകുകയാണു സർക്കാർ ചെയ്യേണ്ടത്. കിട്ടിയ അരി വിതരണം ചെയ്തിട്ടാണു കേന്ദ്രത്തോടു കൂടുതൽ ചോദിക്കേണ്ടത്. അതിനു കഴിയാത്തതുകൊണ്ടാണു സമരത്തിനിറങ്ങുന്നത്. ക്ലിഫ് ഹൗസിനു മുന്നിലും ഭക്ഷ്യമന്ത്രിയുടെ വീട്ടുപടിക്കലുമാണ് ഇടതുമുന്നണി സമരം ചെയ്യേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ഭിന്നതയുണ്ടാകുമ്പോൾ പക്ഷംപിടിക്കാതെ പ്രശ്നം പരിഹരിക്കുകയാണു ഭരണാധികാരി ചെയ്യേണ്ടതെന്നു ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ചീഫ് സെക്രട്ടറിയെ സഹപ്രവർത്തകരുടെ മുന്നിൽവച്ചു ശാസിച്ചുവെന്നാണു പുറത്തുവന്ന വാർത്തകൾ. ഭരണം നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുകയാണു മുഖ്യമന്ത്രി ചെയ്തത്. ഉദ്യോഗസ്ഥർ ഭയത്തിലാണ്. എപ്പോഴാണു കേസുകൾ ഉണ്ടാകുന്നതെന്ന് അറിയില്ല. അതുകൊണ്ടാണു ഭരണസ്തംഭനമുണ്ടായത്. ഫയലിലൊന്നിലും തീരുമാനമുണ്ടാകുന്നില്ല. പദ്ധതി നടത്തിപ്പു പൂർണമായി സ്തംഭിച്ചു. 24,000 കോടി രൂപയുടെ പദ്ധതി അടങ്കലിൽ 26.4 ശതമാനം മാത്രമാണു ചെലവഴിക്കാനായത്. രണ്ടു മാസമായി ഒരു വകുപ്പിലും പദ്ധതിനിർവഹണ അവലോകന യോഗങ്ങൾപോലും നടക്കുന്നില്ല. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ ഉന്നയിച്ചു ഗവ. ഡോക്ടർമാർ 35 ദിവസമായി മെല്ലെപ്പോക്കു സമരത്തിലാണ്. സിനിമ സമരം തുടങ്ങിയിട്ടു നാളുകളായി. ഇതെല്ലാം പരിഹരിക്കേണ്ട സർക്കാർ നിഷ്ക്രിയമാണെന്നും ചെന്നിത്തല ആരോപിച്ചു.