Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

കാക്കനാട് ∙ എറണാകുളം ജില്ലാ സഹകരണ ബാങ്കിലെ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി സർക്കാർ പിരിച്ചുവിട്ടു. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കു ഭരണച്ചുമതല നൽകി.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ. എം.സി. സുരേന്ദ്രൻ, കെ.എം. അറുമുഖൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായി നിയമിച്ചു. പ്രസിഡന്റ് എൻ.പി. പൗലോസിന്റെ നേതൃത്വത്തിലുള്ള സമിതിയിൽനിന്ന് എൽഡിഎഫിന്റെ 10 അംഗങ്ങൾ ഇന്നലെ രാജിവച്ചതോടെയാണു ഭരണമാറ്റത്തിനു വഴിയൊരുങ്ങിയത്.

രാജിയോടെ ഭരണസമിതിക്കു ക്വോറം ഇല്ലാതായെന്ന ജില്ലാ സഹകരണ ജോയിന്റ് റജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പിരിച്ചുവിടൽ. നാലു വർഷം മുൻപു തിരഞ്ഞെടുപ്പിലൂടെ വന്ന 21 അംഗ ഭരണസമിതിയാണ് ഇല്ലാതായത്. ഒരാൾ നേരത്തേ ഒഴിവായി.

ശേഷിക്കുന്നവരിൽ 10 വീതം അംഗങ്ങൾ എൽഡിഎഫിനും യുഡിഎഫിനുമുണ്ടായിരുന്നു. ക്വോറത്തിനു 11 പേർ വേണം. എൽഡിഎഫ് സർക്കാർ വന്നതോടെ രണ്ടു നോമിനേറ്റഡ് അംഗങ്ങളെ പിൻവലിച്ചു പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്തു. സിഎംപി പിളർപ്പിനെ തുടർന്ന് ആ പാർട്ടിയിലെ അംഗം എൽഡിഎഫ് അനുഭാവം പ്രകടിപ്പിച്ചു.

ഇതോടെ എൽഡിഎഫിനു ഭരണ സമിതിയിൽ നേരിയ മേൽക്കൈ വന്നു. നോമിനേറ്റഡ് അംഗങ്ങൾക്ക് അവിശ്വാസപ്രമേയത്തിൽ വോട്ടവകാശമില്ലാത്തതിനാൽ ആ വഴിക്കു ഭരണസമിതിയെ പുറത്താക്കാൻ എൽഡിഎഫിന് ആകില്ലായിരുന്നു. ഇതോടെയാണ് അംഗങ്ങൾ രാജിവച്ചു ഭരണമാറ്റത്തിനു വഴിയൊരുക്കിയത്.

Your Rating: