Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനം കേന്ദ്രമന്ത്രിയായേക്കും; വി. മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക്

kummanam

കോഴിക്കോട് ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിയാക്കാൻ സാധ്യത. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനും കേന്ദ്ര പദവിയിൽ പരിഗണിക്കപ്പെടുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറി അല്ലെങ്കിൽ വൈസ് പ്രസിഡന്റ് പദവിയാണ് മുരളീധരനു ലഭിക്കുകയെന്നും ഉന്നത ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു.

നിലവിൽ പ്രഖ്യാപിച്ച നിയമസഭ തിരഞ്ഞെടുപ്പുകൾക്കു ശേഷമാകും പുതിയ പദവികളെന്നാണ് വിവരം. കേന്ദ്രമന്ത്രി സ്ഥാനത്തേക്കു മുരളിയുടെ പേരും പരിഗണനയിൽ ഉണ്ട്. കൂടുതൽ സാധ്യത കുമ്മനത്തിനാകുമെന്നും നേതാക്കൾ സൂചിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റുമ്പോൾ സംസ്ഥാന ബിജെപിയിൽ പുനഃസംഘടനയും നടക്കും. സുരേഷ് ഗോപി, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, കെ.പി. ശ്രീശൻ, പി.എസ്. ശ്രീധരൻപിള്ള എന്നിവരുടെ പേരുകൾ സംസ്ഥാന നേതൃത്വത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ, ധാരണയായിട്ടില്ല.

ഇതിനിടെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിൽ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു. ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ കുമ്മനത്തെ പ്രസിഡന്റാക്കിയെങ്കിലും പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കൃഷ്ണദാസ് വിഭാഗമാണെന്ന ആക്ഷേപമാണ് മുരളി വിഭാഗത്തിനുള്ളത്.

പി.കെ. കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, എം.ടി. രമേശ് എന്നിവരുടെ നിയന്ത്രണത്തിലാണ് പാർട്ടിയെന്നും സംസ്ഥാന പ്രസിഡന്റിനെ പോലും മറികടന്ന് ഇവർ തീരുമാനം എടുക്കുന്നുവെന്നുമാണ് ആക്ഷേപം. പാർട്ടിയുടെ പരിപാടികൾ അവഗണിച്ചു മുരളി വിഭാഗം സ്വന്തമായി പ്രവർത്തിക്കുന്നു എന്നു കൃഷ്ണദാസ് വിഭാഗവും ആരോപിക്കുന്നു.

ഇരു വിഭാഗവും ഗ്രൂപ്പു പോരിന്റെ പേരിൽ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് പ്രവർത്തനം ശക്തമായതിൽ ആർഎസ്എസും നീരസം അറിയിച്ചു. സംസ്ഥാന ബിജെപിയുടെ പ്രവർത്തനം നിർജീവമാണെന്നാണ് മുരളി പക്ഷത്തിന്റെ പരാതിയിൽ പ്രധാനമായും പറയുന്നത്. സംസ്ഥാന കോർ കമ്മിറ്റി യോഗം ചേർന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ട് അഞ്ചു മാസമായി.

ദേശീയ കൗൺസിലിനു മുന്നോടിയായി ചിലർ വ്യാജ രസീത് അടിച്ചു പിരിവു നടത്തിയതു സംബന്ധിച്ച പാർട്ടി അന്വേഷണം മുന്നോട്ടു പോയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് മുരളി വിഭാഗത്തിന്റെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. അതേസമയം, മുരളീധരനും കെ. സുരേന്ദ്രനും പാർട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രതികരണങ്ങളും പ്രകടനങ്ങളും നടത്തുന്നവെന്ന പരാതിയാണ് കൃഷ്ണദാസ് വിഭാഗത്തിനുള്ളത്.

അനുമതിയില്ലാത്ത പത്രസമ്മേളനങ്ങളും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങളും ഇരുവരും നടത്തുന്നതായാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. സുരേന്ദ്രൻ സംഘടിപ്പിച്ച ചീമേനിയിലെ ജാഥയും വി. മുരളീധരന്റെ പത്രസമ്മേളനങ്ങളും പാർട്ടിയോട് ആലോചിക്കാതെയാണെന്ന് എതിർ വിഭാഗം ആരോപിക്കുന്നു.

Your Rating: