Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺസ്യൂമർഫെഡ് ആറ് വർഷത്തിനുശേഷം ലാഭത്തിൽ; നടപ്പുസാമ്പത്തിക വർഷം 23.48 കോടിയുടെ പ്രവർത്തന ലാഭം

consumerfed

കോഴിക്കോട് ∙ നടപ്പു സാമ്പത്തിക വർഷം കൺസ്യൂമർഫെഡ് 23.48 കോടിയുടെ പ്രവർത്തന ലാഭമുണ്ടാക്കിയതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം. മെഹബൂബും മാനേജിങ് ഡയറക്ടർ ഡോ. എം. രാമനുണ്ണിയും അറിയിച്ചു. 2009നു ശേഷം ആദ്യമായാണ് സ്ഥാപനം ലാഭത്തിൽ വരുന്നത്.

എന്നാൽ നിലവിൽ 419 കോടിയുടെ സഞ്ചിത നഷ്ടമാണ് കൺസ്യൂമർഫെഡിനുള്ളത്. വർഷം 558 കോടിയോളം വന്നിരുന്ന പലിശച്ചെലവ് കുറച്ചു. സംസ്ഥാന സഹകരണ ബാങ്കിനു നൽകാനുള്ള 215 കോടി, തൃശൂർ ജില്ലാ സഹകരണ ബാങ്കിനു നൽകാനുള്ള 50 കോടി വായ്പകൾ അടച്ചു തീർത്തു.

പ്രാഥമിക സഹകരണ സംഘങ്ങൾക്കു കൊടുത്തു തീർക്കാനുണ്ടായിരുന്ന നിക്ഷേപങ്ങൾക്ക് 12.39 കോടി പലിശ നൽകി. കൺസ്യൂമർ ഫെഡിനു വേണ്ട സാധനങ്ങൾ എത്തിച്ചിരുന്ന സപ്ലയർമാരുടെ കുടിശിക കൊടുത്തു തീർക്കുന്നതിന് ചാർ‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നു വരുന്നു. ഇവരുടെ റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ ബാധ്യതകൾ കൊടുത്തു തീർക്കുമെന്നു രാമനുണ്ണി അറിയിച്ചു.

വിദേശമദ്യ ഷാപ്പുകളിലെ നടത്തിപ്പ് ചെലവ് 12ശതമാനത്തിൽ നിന്ന് ഒൻപതു ശതമാനമായി കുറച്ചു. വരുന്ന മാർച്ചോടെ 100 കോടിയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. റിബേറ്റ് നൽകിയ ഇനത്തിൽ 25 കോടിയാണ് സർക്കാർ നൽകാനുള്ളത്. ആരോപണ വിധേയരായ 72 ജീവനക്കാർക്കെതിരെ ധ്രുതഗതിയിൽ അന്വേഷണം നടന്നു വരികയാണ്.

നന്മ സ്റ്റോറുകളിൽ താൽക്കാലിക ജീവനക്കാരായി വന്നവർ 2266 പേരാണ്. ഇതിൽ 1988 പേരാണ് 10,000 രൂപ വീതം സെക്യൂരിറ്റി നിക്ഷേപമായി നൽകിയത്. 812 പേർക്ക് ഇതു തിരിച്ചു കൊടുത്തു.

സ്റ്റോറുകളിൽ എത്തിച്ച സാധനങ്ങളുടെയും അവ വിറ്റതിന്റെയും കണക്കുകളും ബാക്കി സാധനങ്ങളും തിരിച്ചു നൽകുന്ന നടപടിക്രമം പൂർത്തിയാകുന്ന മുറയ്ക്കു ബാക്കിയുള്ളവർക്കും പണം തിരികെ നൽകും. നിയമന ഉത്തരവു പോലും നൽ‍കാതെ നിയമിച്ച ഈ 2266 ദിവസ വേതനക്കാരുടെയും സേവനം ഒഴിവാക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ അറിയിച്ചു.

Your Rating: