Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാൻഡ് ബാഗേജ്: തീരുമാനം മാറ്റി; സ്റ്റാംപിങ് തുടരും

ന്യൂഡൽഹി∙ കൊച്ചി ഉൾപ്പെടെ രാജ്യത്തെ ഏഴു വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ഹാൻഡ് ബാഗേജിൽ സുരക്ഷാ സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ മരവിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയ ശേഷം ഇതു നടപ്പാക്കിയാൽ മതിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു, വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. വിഷയം പഠിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ, സിഐഎസ്എഫ് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിക്കു രൂപംനൽകി.

സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കാനുള്ള വ്യോമയാന മന്ത്രാലയ തീരുമാനത്തിനെതിരെ വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് നേരത്തേ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. കൊച്ചിക്കു പുറമേ, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണു സ്റ്റാംപ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നത്.