Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗമ്യവധം: സംസ്ഥാന സർക്കാർ അടുത്തയാഴ്ച തിരുത്തൽ ഹർജി നൽകും

govindachami-soumya-murder-case

ന്യൂഡൽഹി ∙ സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ അടുത്തയാഴ്ച തിരുത്തൽ ഹർജി ഫയൽ ചെയ്യും. കേസിൽ സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ‌ത്ഗി തിരുത്തൽ ഹർജി സാക്ഷ്യപ്പെടുത്തി നൽകിയതായി സ്റ്റാൻഡിങ് കോൺസൽ നിഷെ രാജൻ ശങ്കർ പറഞ്ഞു. തിരുത്തൽ ഹർജികൾ ഏതെങ്കിലും മുതിർന്ന അഭിഭാഷകൻ സാക്ഷ്യപ്പെടുത്തണമെന്നാണു ചട്ടം.

വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാനസർക്കാരും സൗമ്യയുടെ അമ്മ സുമതിയും നൽകിയ പുനഃപരിശോധനാ ഹർജികൾ നവംബർ 11ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ഇതേതുടർന്നാണ് നിയമസംവിധാനത്തിലെ അവസാന മാർഗമായ തിരുത്തൽ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചത്. വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിട്ടുള്ള ഹർജിയിൽ പരസ്യവാദം വേണമെന്ന ആവശ്യവും ഉന്നയിക്കും. ട്രെയിനിനുള്ളിൽ സൗമ്യയെ ബലമായി പിടിച്ച് ഇടിച്ചതു കാരണം ഉണ്ടായ പരുക്കിന്റെ ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്നു കോടതി അംഗീകരിച്ചിട്ടുണ്ട്.

മാനഭംഗവും തെളിഞ്ഞതായി കണ്ടിരുന്നു. ട്രെയിനിൽനിന്നു വീണതു കാരണമുണ്ടായ മുറിവിന്റെ ഉത്തരവാദിത്തം ഗോവിന്ദച്ചാമിയിൽ ആരോപിക്കാൻ തെളിവില്ലെന്നാണു കോടതി വിലയിരുത്തിയത്. ട്രെയിനിൽ വച്ചുണ്ടായ പരുക്കിന്റെയും മാനഭംഗത്തിന്റെയും ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കിൽ ട്രെയിനിൽനിന്നു തള്ളിയിട്ടതായുള്ള പ്രോസിക്യൂഷൻ വാദവും നിലനിൽക്കുമെന്നു ഹർജിയിൽ പറയുന്നു. മാത്രമല്ല, പുനഃപരിശോധനാ ഹർജി പരിഗണിച്ചവേളയിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടിയിരുന്നു.

കട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടി ഉൾപ്പെടെ സ്വീകരിച്ചു. ഇത്തരം സംഭവങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുത്തില്ല. അതിനാൽ കട്ജുവിന്റെ കാര്യവും സൗമ്യക്കേസും രണ്ടായി കണ്ട് വീണ്ടും വാദംകേൾക്കണമെന്നാണു ഹർജിയിലെ ആവശ്യം. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന രണ്ടു ജഡ്ജിമാരും കേസ് പരിഗണിച്ച ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും ചേർന്ന് ചേംബറിലാണ് തിരുത്തൽ ഹർജി പരിഗണിക്കുക. പരസ്യവാദം ഉണ്ടാകില്ലെങ്കിലും രണ്ട് മുതിർന്ന ജഡ്ജിമാരുള്ള സാഹചര്യത്തിൽ വിധിയിലെ പിഴവ് വേണ്ടവിധം ചൂണ്ടിക്കാട്ടിയാൽ വിധി പുനഃപരിശോധിക്കപ്പെടാം.

Your Rating: