Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീഗിന്റെ പരിഭവം തീർക്കാൻ സുധീരൻ പാണക്കാട്ടെത്തി

sudheeran..

മലപ്പുറം ∙ മുസ്‍ലിം ലീഗിന്റെ പരാതി തീർക്കാൻ ‘ക്ഷണക്കത്തു’മായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പാണക്കാട്ട്. യുഡിഎഫിന്റെ സമരപരിപാടികൾക്ക് ഊർജം പോരെന്ന ആരോപണം അടുത്തി‌ടെ ലീഗ് ഉയർത്തിയിരുന്നു. ഇതിനു മറുപടി നൽകാനും സമരപരിപാടികൾ വിശദീകരിക്കാനും ഹൈദരലി തങ്ങളെ ക്ഷണിക്കാനുമാണു സുധീരൻ നേരിട്ടെത്തിയത്. ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി അരമണിക്കൂറോളം സുധീരൻ ചർച്ച നടത്തി.

യുഡിഎഫ് സമരപരിപാടികളെപ്പറ്റി വിശദീകരിക്കാനും തിരുവനന്തപുരത്തെ പരിപാടിയിലേക്കു തങ്ങളെ വിളിക്കാനുമാണു പാണക്കാട്ടെത്തിയതെന്നു സുധീരൻ പറഞ്ഞു. 18നു സഹകാരികളുടെ രാജ് ഭവൻ മാർച്ചുണ്ട്. 24നു ജില്ലാ ആസ്ഥാനങ്ങളിൽ മാർച്ച്. ഫെബ്രുവരി ആറിനു തിരുവനന്തപുരത്തു യുഡിഎഫ് സംസ്ഥാന കൺവൻഷൻ. അതിൽ ഹൈദരലി തങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധം ശക്തമാണ്. സമരപരിപാടികളിൽ ലീഗിന്റെ പങ്ക് നിർണായകമാണെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂരും സുധീരന്റെ ഒപ്പമുണ്ടായിരുന്നു.

Your Rating: