Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യസുരക്ഷാ പദ്ധതികൾ നിർത്തുന്നതിന് എതിരെ ശിവകുമാറിന്റെ ഉപവാസം

sivakumar സൗജന്യ ചികിത്സാ പദ്ധതികൾ സർക്കാർ നിലനിർത്തണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുമ്പിൽ വി.എസ്.ശിവകുമാർ എംഎൽഎ ഉപവാസം ആരംഭിച്ചപ്പോൾ അദ്ദേഹത്തെ ഷാൾ അണിയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, എം.എം.ഹസൻ, പാലോട് രവി തുടങ്ങിയവർ സമീപം.

തിരുവനന്തപുരം∙ സാധാരണക്കാരനു സർക്കാർ ആശുപത്രികളിൽ ചികിൽസ നിഷേധിച്ചു സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് എൽ‍ഡിഎഫ് സർക്കാരിന്റെ നീക്കമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്ലേഡ് കമ്പനികളെപ്പോലെ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കണം.

കഴിഞ്ഞ യുഡിഎഫ് സർക്കാർ ആവിഷ്കരിച്ച ‘കാരുണ്യ’ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ പദ്ധതികൾ നിർത്തലാക്കാനുള്ള ഇടതു സർക്കാർ നീക്കത്തിനെതിരെ മുൻ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ എംഎൽഎ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

യുഡിഎഫിന്റെ ജനക്ഷേമ പദ്ധതികളെല്ലാം സർക്കാർ അട്ടിമറിക്കുകയാണ്. അഞ്ച് ജനകീയ പദ്ധതികളാണു നിർത്തലാക്കിയത്. പാവപ്പെട്ട രോഗികളെ സഹായിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ മഹത്തായ പദ്ധതിയായിരുന്നു കാരുണ്യ. യുഡിഎഫ് കാലത്ത് ഈ പദ്ധതിയിലൂടെ 1200 കോടി രൂപയാണു വിതരണം ചെയ്തത്.

വി.എസ്.ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലയളവിൽ കാരുണ്യ സ്പർശവുമായി അനവധി ജനക്ഷേമ പദ്ധതികൾ നടപ്പാക്കി. സൗജന്യ ചികിത്സാപദ്ധതികൾ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുമെന്നു ധനമന്ത്രി പറയുമ്പോൾ പദ്ധതികൾ തുടരും എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.

ഇൻഷുറൻസ് കമ്പനി നിയമങ്ങൾ ജനങ്ങളെ വലയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എം.എം.ഹസൻ, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്.ശബരീനാഥൻ എംഎൽഎ, വർക്കല കഹാർ, പാലോട് രവി, എം.എ.വാഹീദ്, ആർ.സെൽവരാജ്, എ.ടി.ജോർജ്, വി.സുരേന്ദ്രൻ പിള്ള, സി.പി.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

വൈകിട്ട് ഗാന്ധിയൻ പി.ഗോപിനാഥൻ നായർ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. കെ.മുരളീധരൻ എംഎൽഎ പ്രസംഗിച്ചു. ആരോഗ്യസുരക്ഷാപദ്ധതികൾ നിർത്തലാക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം നിയമസഭയിലും വ്യക്തമാക്കുമെന്നു ശിവകുമാർ പറഞ്ഞു.

related stories
Your Rating: