Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ റാലി; സംഘടനാ രംഗം ശക്തിപ്പെടുത്താനും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനം

Congress - Flag - Workers

തിരുവനന്തപുരം∙ കേന്ദ്ര–കേരള സർക്കാരുകൾക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് നാലിന് എറണാകുളം മറൈൻഡ്രൈവിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചു സംസ്ഥാന റാലി സംഘടിപ്പിക്കാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു. സംഘടനാ രംഗത്തെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനായി ഫെബ്രുവരിയിൽ എല്ലാ ബൂത്ത് കമ്മിറ്റികളും സജ്ജമാക്കും.

മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിൽ നിർജീവമായത് അഴിച്ചുപണിയും. പുനഃസംഘടനയുടെ അടുത്ത ഘട്ടം എഐസിസിയുമായി ആലോചിച്ചു തീരുമാനിക്കും. കേന്ദ്രത്തിൽ മോദി സർക്കാരും കേരളത്തിൽ പിണറായി സർക്കാരും ജനങ്ങളുടെ ജീവിതം അനുദിനം ദുസ്സഹമാക്കുകയാണെന്നു യോഗം വിലയിരുത്തിയതായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.

ഇതിനെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി പോരാടണമെന്ന വികാരം യോഗത്തിലുണ്ടായി. ഡൽഹിയിൽ നടന്ന എഐസിസി കൺവൻഷനു തുടർച്ചയായി 21നു തിരുവനന്തപുരത്തു സംസ്ഥാനതല കൺവൻഷൻ നടത്തും. മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് പങ്കെടുക്കും. തുടർന്നു ജില്ല തൊട്ടു നിയോജകമണ്ഡല അടിസ്ഥാനത്തിൽവരെ സമ്മേളനങ്ങൾ നടത്തും.

28നു കെപിസിസിയുടെ വിശാല നിർവാഹകസമിതി യോഗം ചേരും. ഫെബ്രുവരി ഒൻപതിനു കൊച്ചിയിൽ റിസർവ് ബാങ്ക് ഓഫിസ് ഉപരോധിക്കും. കേരളമാകെ ഒറ്റദിവസംകൊണ്ടു രൂപീകരിച്ച ബൂത്ത് കമ്മിറ്റികളിൽ ചിലതു നിഷ്ക്രിയമായതായി സുധീരൻ പറഞ്ഞു. ഇതു കണക്കിലെടുത്താണു പുതിയ ഡിസിസി പ്രസിഡന്റുമാരെ ബൂത്തുകൾ സജ്ജമാക്കാൻ നിയോഗിക്കുന്നത്.

പാർട്ടി പരിപാടികളിൽ വേണ്ടത്ര സജീവമല്ലാത്ത മണ്ഡലം കമ്മിറ്റികളെക്കുറിച്ചു ഡിസിസികൾ പരിശോധിച്ചു മാറ്റം വരുത്തും. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ഇല്ലാത്ത കമ്മിറ്റികളിൽ അവരെ നിയോഗിക്കാനും ഡിസിസികളെ ചുമതലപ്പെടുത്തി. നിലവിലെ ഡിസിസി ഭാരവാഹികൾ തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ എഐസിസിയുടെ അഭിപ്രായം തേടും.

കേന്ദ്ര–കേരള സർക്കാരുകൾക്കെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. ബന്ധുനിയമനത്തിലെ അഴിമതിയിൽനിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്കു കഴിയില്ല. അദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കണം. അഞ്ചേരി ബേബി വധക്കേസിൽ വിചാരണ നേരിടുന്ന എം.എം.മണിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണം.

സംസ്ഥാനത്തു ഭരണം നിശ്ചലമായിരിക്കുന്നു. വർഗീയ വിഷം കുത്തിവച്ച് ഇതിനിടെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം സംഘപരിവാർ ശക്തികൾ നടത്തുന്നു. എംടി, കമൽ തുടങ്ങിയവർക്കെതിരെയുള്ള വർഗീയ ഫാഷിസ്റ്റ് ഭീഷണികളെ യോഗം അപലപിച്ചു.

Your Rating: