Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബ് തോമസിനെ നിലനിർത്തിയതു പകരംവയ്ക്കാൻ ആളില്ലാത്തതിനാൽ

jacob-thomas

തിരുവനന്തപുരം∙ പകരംവയ്ക്കാൻ തങ്ങൾക്കു വിശ്വസ്തരായ ഉദ്യോഗസ്ഥരില്ലാത്തതു ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിലനിർത്താൻ സർക്കാരിനെ നിർബന്ധിതമാക്കി. ഡിജിപി പദവിയിൽ സംസ്ഥാനത്ത് ഏഴു പേരുണ്ടെങ്കിലും ജേക്കബ് തോമസിനെപ്പോലെ വിശ്വസിച്ച് ആ കസേര ഏൽപിക്കാൻ എൽഡിഎഫ് സർക്കാരിനു മുന്നിൽ തൽക്കാലം പകരക്കാരില്ല. അദ്ദേഹത്തെ മാറ്റേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഏകകണ്ഠമായി തീരുമാനിച്ചതിനു പിന്നിലെ പ്രധാന വികാരവും ഇതു തന്നെ.

ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കെ ജേക്കബ് തോമസ് കസേര വിട്ടുപോകുന്നത് അദ്ദേഹത്തെക്കാളും വലിയ ക്ഷീണമുണ്ടാക്കുന്നതു സർക്കാരിനാണെന്ന തിരിച്ചറിവും പാർട്ടി തീരുമാനത്തെ സ്വാധീനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വസിച്ച് ഏൽപിച്ച ഡിജിപിമാരുടെ രണ്ടു കസേരകളിലൊന്ന് ജേക്കബ് തോമസ് വേണ്ടെന്നു പറഞ്ഞതു സർക്കാരിനെ തെല്ലൊന്നുമല്ല ഉലച്ചത്.

കൊടുങ്കാറ്റിനു മുന്നിലും പതറില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണു വിജിലൻസ് തനിക്കു മതിയായെന്ന കത്തുമായി ജേക്കബ് തോമസ് സർക്കാരിനെ സമീപിച്ചത്. ഒരു സംഘം മുതിർന്ന ഐഎഎസുകാരും ഐപിഎസുകാരും സംഘടിതമായി തിരിഞ്ഞതും ജേക്കബ് തോമസ് സാമ്പത്തിക ക്രമക്കേടു കാട്ടിയെന്ന ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

പ്രതിപക്ഷം വിമർശനം അഴിച്ചുവിട്ടതും കാരണമായി. ധനകാര്യ പരിശോധനാ റിപ്പോർട്ട് കോടതിയിൽ ഹർജിയായി എത്തി അന്വേഷണ ഉത്തരവു വരുമോയെന്നതും വലിയ ചോദ്യചിഹ്നമാണ്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ ജേക്കബ് തോമസ് മുക്കാൽ പങ്കും പൊലീസ് സേനയ്ക്കു പുറത്തായിരുന്നു. ആരെയും കൂസാത്ത നിലപാടായിരുന്നു കാരണം. എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിജിലൻസിൽ എത്തിയതോടെ അന്നത്തെ പ്രതിപക്ഷത്തിന്റെ കണ്ണിലുണ്ണിയായി.

കെ.എം.മാണിക്കെതിരെ കടുത്ത നിലപാടു സ്വീകരിച്ചതു സിപിഎമ്മിന് ഇഷ്ടമായി. അവസാന ഘട്ടത്തിൽ ഡിജിപിയാക്കി വിജിലൻസിനു പുറത്താക്കിയപ്പോൾ, പ്രതിപക്ഷത്തിനു കിട്ടിയ വലിയ തിരഞ്ഞെടുപ്പു പ്രചാരണ ആയുധം കൂടിയായിരുന്നു അത്. അതിനാൽത്തന്നെ, അധികാരത്തിലെത്തിയപ്പോൾ ഡയറക്ടറുടെ കസേര അദ്ദേഹത്തെ തന്നെ ഏൽപിച്ചു. സംസ്ഥാനത്തു നിലവിൽ, നാലു ഡിജിപിമാരുടെ തസ്തിക മാത്രമാണു കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്.

ഇതിൽ തന്നെ, സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും കേഡർ തസ്തികയും മറ്റു രണ്ടെണ്ണം എക്സ് കേഡർ തസ്തികയുമാണ്. കേഡർ തസ്തികയിൽ ഡിജിപി പദവിയുള്ളവരെ നിയമിക്കാതെ എഡിജിപി റാങ്കിലുള്ളവരെ നിയമിച്ചാൽ കേന്ദ്രം അംഗീകരിക്കില്ല. പൊലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയ ടി.പി.സെൻകുമാറാണു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹം പകരം ചുമതലയൊന്നും ഏറ്റെടുക്കാതെ സർക്കാർ നടപടിയെ കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്.

സീനിയോറിറ്റിയിൽ, അതു കഴിഞ്ഞാൽ ഡോ. ജേക്കബ് തോമസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് എന്നിവരാണ്. പുറമെ ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ, സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡയറക്ടർ എൻ.ശങ്കർ റെഡ്ഡി, ഹെഡ്ക്വാർട്ടേഴ്സ് ഡിജിപി രാജേഷ് ദിവാൻ, കോസ്റ്റൽ സെക്യൂരിറ്റി ഡയറക്ടർ മുഹമ്മദ് യാസിൻ എന്നിവരും ഡിജിപി പദവിയിലാണ്.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു ഡിജിപി പദവി ലഭിച്ചവരാണിത്. കേന്ദ്ര സർക്കാർ ഇതു പക്ഷേ അംഗീകരിച്ചിട്ടില്ല. ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും ഹേമചന്ദ്രൻ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റപ്പെട്ടവരാണ്. ബെഹ്റയെ നിലവിലെ സ്ഥാനത്തു നിന്നു മാറ്റാൻ മുഖ്യമന്ത്രിക്കും കോടിയേരിക്കും താൽപര്യമില്ല.

എക്സൈസ് കമ്മിഷണറായി കുതിച്ചുപായുന്ന ഋഷിരാജ് സിങ്ങിനെ വിജിലൻസ് ഏൽപിച്ചാൽ എന്താകുമെന്നു സർക്കാരിനു പിടിയുമില്ല. കഴിഞ്ഞ സർക്കാർ, എഡിജിപിമാർക്കു വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയെങ്കിലും എട്ടു ഡിജിപിമാർ ഉള്ളപ്പോൾ അതു വേണ്ടെന്നാണ് ഉന്നതതല അഭിപ്രായം. അപ്പോൾ പിന്നെ, ജേക്കബ് തോമസിനെ തുടരാൻ നിർബന്ധിക്കുക എന്ന വഴിയേ സർക്കാരിനുള്ളൂ. അതാണു പാർട്ടിയും സർക്കാരും ചെയ്തതും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.