Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതിർന്ന പൗരൻമാരെ സംരക്ഷിക്കാൻ സർക്കാരിനും ഉത്തരവാദിത്തം: വിഎസ്

vs-achuthananthan

കൊല്ലം ∙ മുതി‍ർന്ന പൗരൻമാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കൾക്കെന്ന പോലെ സർക്കാരിനും ഉണ്ടെന്ന് ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. യൗവന തീക്ഷ്ണമായ ജീവിത കാലഘട്ടത്തിന്റെ കർമകാണ്ഡങ്ങൾ സമൂഹത്തിനും കുടുംബത്തിനും ബലികഴിച്ചവരെ വിസ്മരിക്കാൻ പാടില്ല. മുതിർന്ന തലമുറയുടെ പ്രവർത്തനങ്ങളുടെ ഗുണഫലമാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ മുതിർന്ന പൗരൻമാർക്കു മുന്തിയ പരിഗണനയാണ് നൽകുന്നത്. പ്രായമായവരെ അവഗണിക്കുന്നതുപോലും വലിയ കുറ്റമായതിനാൽ ശിക്ഷയും പിഴയും നൽകും. മുതിർന്ന പൗരന്മാരുടെ ജീവിതം സ്വച്ഛന്ദവും സുഖകരവുമാക്കുന്നതിനു സവിശേഷകരമായ നിയമങ്ങൾ അവിടെയുണ്ട്.

ഇവിടെ അത്തരം നിയമങ്ങൾ ഇല്ല. സമൂഹത്തിലുണ്ടാകുന്ന ഏതുതരം മാറ്റങ്ങൾ‌ക്കും മുഖ്യ ഇരയായി മാറുന്നതു മുതിർന്ന പൗരൻമാരാണ്. ലാഭനഷ്ടങ്ങളുടെയും പണസമ്പാദനത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം ചിന്തിച്ചു വയോധികരെ വൃദ്ധസദനങ്ങളിലും ശരണാലയങ്ങളിലും തള്ളുകയാണു പലരും. വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിനിടയിൽ പ്രായമായവർ അനാഥരായി മാറരുത്. ഒരാൾക്ക് എത്ര മണ്ണുവേണം എന്ന ടോൾസ്റ്റോയിയുടെ കഥ ഓർമിക്കണം. മുതിർന്നവരോട് സ്നേഹം, കാരുണ്യം, ആർദ്രത, അനുതാപം, കടപ്പാട് എന്നിവ പ്രകടിപ്പിക്കണം.

പുതിയ തലമുറയ്ക്ക് അവരുടേതായ പരിമിതികൾ ഉണ്ടാകും. അതിനാൽ അവർ മുതിർന്നവരുടെ എല്ലാ കാര്യങ്ങളും നോക്കണമെന്നു ശഠിക്കുന്നതിൽ കാര്യമില്ല. സ്നേഹം, കാരുണ്യം, സംരക്ഷണം എന്നിവ മക്കളെക്കൊണ്ട് നിർബന്ധിച്ചു ചെയ്യിക്കേണ്ടതല്ല. ഇത്തരം സന്ദർഭങ്ങളി‍ൽ മുതിർന്നവരെ സംരക്ഷിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിൽ പ്രസിഡന്റ് എൻ.അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.വി.പത്മരാജൻ, ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ, സിപിഐ ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ, കൗൺസിൽ ജനറൽ സെക്രട്ടറി എസ്.ഹനീഫ റാവുത്തർ, കെ.ചിത്രഭാനു, ബി.എസ്.ജഗൻ എന്നിവർ പ്രസംഗിച്ചു.  

related stories