Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റ് ചോർച്ച: ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി

kerala-budget-3

തിരുവനന്തപുരം∙ ബജറ്റ് ചോർന്നതിനെക്കുറിച്ചു ചീഫ് സെക്രട്ടറിയുടെ പൂർണറിപ്പോർട്ട് കിട്ടിയശേഷം മന്ത്രിസഭയിൽ അവതരിപ്പിച്ചു യുക്തമായ നടപടിയെടുക്കുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദത്തിൽ പ്രക്ഷുബ്ധമായ സഭ നിർത്തിവച്ച് ഇരുവിഭാഗവുമായി സ്പീക്കർ നടത്തിയ ചർച്ചയ്ക്കൊടുവിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഇതിനോടു ക്രിയാത്മകമായി പ്രതികരിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷത്തിന്റെ മുഴുവൻ പരാതിയും ഉൾക്കൊള്ളുന്ന കത്ത് മുഖ്യമന്ത്രിക്കു നൽകും. അതും അന്വേഷണത്തിന്റെ ഭാഗമാക്കണം. ഇതിന്റെ പേരിൽ സഭ ബഹിഷ്കരിച്ചു മറ്റു ജനകീയ വിഷയങ്ങൾ കൊണ്ടുവരാനുള്ള അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തുന്നില്ല. അതേസമയം, നിയമനടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല അറിയിച്ചു.

ബജറ്റ് അവതരണ വേളയിൽ തന്നെ അതിലെ വിവരങ്ങൾ മന്ത്രിയുടെ ഓഫിസ് വഴി ചോർന്നതിനെപ്പറ്റി വി.ഡി.സതീശൻ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിന്മേൽ നടന്ന ശബ്ദായമാനമായ ചർച്ചയ്ക്കൊടുവിലായിരുന്നു ധാരണ. ധനമന്ത്രിക്കു വീഴ്ച പറ്റിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ വ്യക്തമായതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥനു ശ്രദ്ധക്കുറവുണ്ടായി എന്നു മാത്രമാണു കണ്ടെത്തൽ. ഇക്കാര്യത്തിൽ സത്യപ്രതിജ്‍ഞാ ലംഘനമില്ല.

ഔദ്യോഗികബജറ്റ് രേഖകളൊന്നും പുറത്തുപോയില്ല. മാധ്യമപ്രവർത്തകർക്കായി തയാറാക്കി വച്ചതെന്നു കരുതാവുന്ന കുറിപ്പ് ആണു പുറത്തുവന്നത്. നിയമസഭാ നടപടിക്രമങ്ങൾ ലംഘിച്ചിട്ടില്ല. ഇതെല്ലാം ബജറ്റിന്റെ നിറം കെടുത്താനുള്ള പുകമറ സൃഷ്ടിക്കലാണ്. ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം– മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയോ, ധനമന്ത്രിയോ ഖേദിക്കാതിരുന്നതു ദു:ഖകരമായെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റിന്റെ ചുരുക്കം, അത് അവതരിപ്പിക്കുന്നതിനു മുമ്പ് പിഎയ്ക്ക് എങ്ങനെ കിട്ടി? പത്രക്കാർക്കു മാത്രമാണ് അയച്ചുകൊടുത്തത് എന്നതിന് എന്താണു തെളിവ്? ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറോ മൊബൈൽഫോണോ പരിശോധിച്ചോ? ഇതൊന്നും ചെയ്യാതെ ഏതു ചീഫ് സെക്രട്ടറിയാണ് ഇങ്ങനെ റിപ്പോർട്ട് നൽകിയത്? പിഎയുടെ ചുമലിൽ ചാരി രക്ഷപ്പെടാൻ ഐസക് ശ്രമിക്കുന്നതു ധാർമികതയല്ല. നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ധൈര്യമുണ്ടോ–ചെന്നിത്തല ചോദിച്ചു.

നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ നിർത്തിവച്ചു സ്പീക്കർ അനുരഞ്ജന ചർച്ച വിളിച്ചു. ചീഫ് സെക്രട്ടറിയുടെ വിശദാന്വേഷണം എന്ന ഉറപ്പ് അവിടെ മുഖ്യമന്ത്രി നൽകി. ഇപ്പോഴത്തേത് ഇടക്കാല റിപ്പോർട്ടായി പരിഗണിക്കാമെന്നും അറിയിച്ചു. കെ.എം.മാണിയുടെ പ്രത്യേക ബ്ലോക്കും ബിജെപി അംഗം ഒ.രാജഗോപാലും ബജറ്റ് ചോർച്ചയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.